- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഴൽപ്പണ - കോഴ വിവാദങ്ങൾക്കിടെ കെ.സുരേന്ദ്രനെ ബിജെപി കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു; വിവാദങ്ങളിൽ വിശദീകരണം തേടാനാണ് വിളിപ്പിച്ചതെന്ന് സൂചന; ആഭ്യന്തര മന്ത്രി അമിത്ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരെ കണ്ടേക്കും; കേന്ദ്രമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായേക്കും
ന്യൂഡൽഹി: കുഴൽപ്പണ കോഴ വിവാദങ്ങൾ കൊഴുക്കവേ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചു. കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയുടെ ആരോപണങ്ങളുമടക്കമുള്ള പുതിയ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, കേന്ദ്ര നേതാക്കൾ വിളിച്ചിച്ചത് വിഷയം ചർച്ച ചെയ്യാനാണെന്നാണ് സൂചന. നാളെ ആഭ്യന്തര മന്ത്രി അമിത്ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരെ സുരേന്ദ്രൻ കാണുമെന്നാണ് വ്യക്തമാകുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനും ഡൽഹിയിൽ എത്തിയേക്കും.
അതേസമയം മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസാണ്ണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ കോടതി അനുമതിയോടെ 171 ബി വകുപ്പനുസരിച്ചാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്ന കേസിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പുറമെ കൂടുതൽ പേരെ പ്രതിച്ചേർക്കാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്. ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം സുന്ദര പൊലീസിന് കൊടുത്ത മൊഴിയിൽ ബിജെപി. പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽ പാർപ്പിച്ചെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടെ കൂട്ടിച്ചേർത്തേക്കാം.
അതേസമയം മൊഴി മാറ്റാൻ കെ. സുന്ദരയ്ക്ക് സിപിഎമ്മും ലീഗും പണം നൽകിയെന്ന് പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ബിജെപിക്കെതിരെ സുന്ദരയെ കരുവാക്കുകയാണെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തും ആരോപിച്ചു. പാർട്ടി ഒറ്റക്കെട്ടായി ആരോപണങ്ങളെ നേരിടണമെന്ന കേന്ദ്ര നിർദേശത്തിന്റെ ഭാഗമായാണ് വിരുദ്ധചേരിയിലുള്ള നേതാക്കളുടെ അടക്കം പ്രതിരോധം.
അതിനിടെ കെ സുരേന്ദ്രനെതിരായ കോഴ വിവാദത്തിൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് രംഗത്തുവന്നിരുന്നവു. കൈക്കൂലി സംബന്ധിച്ച പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് തുടർനടപടി തീരുമാനിക്കും. ആരോപണ വിധേയനുൾപ്പെടെ നോട്ടീസ് നൽകി വിശദീകരണം തേടും. കോടതിയിലെ കേസിൽ കമ്മീഷന്റെ അഭിപ്രായമായി സത്യവാങ്മൂലം സമർപ്പിക്കും. കോഴ ആരോപണം തെളിഞ്ഞാൽ ആറ് വർഷം വരെ മത്സരിക്കാൻ വിലക്കേർപ്പെടുത്താവുന്ന കുറ്റമാണ്.
മറുനാടന് മലയാളി ബ്യൂറോ