തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിൽ ഒഴിവുവന്ന 15 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ബിജെപിയും എൽഡിഎഫും. ഏഴിടത്ത് എൽഡിഎഫിനും അഞ്ചിടത്ത് യുഡിഎഫിനും മൂന്നിടത്ത് ബിജെപിക്കും വിജയം. വിജയിച്ച സീറ്റുകളുടെ എണ്ണത്തിലുപരി രണ്ടിടത്ത് അട്ടിമറി വിജയം നേടാനായത് നേട്ടമായെന്ന് ബിജെപി കണക്കുകൂട്ടുന്നു.

കോട്ടയം മണർകാട് രണ്ടാംവാർഡ് ബിജെപി പിടിച്ചെടുത്തപ്പോൾ ഇവിടെ മുമ്പ് ജയിച്ച കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ഇടുക്കി കൊക്കയാറിൽ വിജയിച്ചതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ നാലു സിറ്റിങ് സീറ്റുകൾ എൽഎഡിഎഫ് പിടിച്ചെടുത്തപ്പോൾ തിരിച്ച് രണ്ടുസീറ്റുകൾ യുഡിഎഫും പിടിച്ചിട്ടുണ്ട്. ബിജെപിക്ക് ഒരു സിറ്റിങ് സീറ്റ് നഷ്ടമായപ്പോൾ രണ്ടുസീറ്റ് അവർ പുതുതായി പിടിച്ചെടുത്തു. അതേസമയം തൃപ്പൂണിത്തുറയിൽ ബിജെപിയുടെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു.

തിരുവനന്തപുരം നഗരസഭയിലുള്ള പാപ്പനംകോട് വാർഡിലും ചേർത്തല മുനിസിപ്പാലിറ്റിയിലെ സിവിൽ സ്റ്റേഷൻ, തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര തുടങ്ങിയ വാർഡുകളിലുമായിരുന്നു ശ്രദ്ധേയമായ മൽസരങ്ങൾ നടന്നത്. കാസർകോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിലെ പോരാട്ടവും മുന്നണികൾക്ക് പ്രെസ്റ്റീജ് പോരാട്ടമായിരുന്നു. ഇവിടെ യുഡിഎഫ് വിജയിച്ചു. ഇതോടെ കാസർകോഡ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. ആദ്യഘട്ടത്തിൽ എൽഡിഎഫ് ലീഡ് ചെയ്‌തെങ്കിലും അന്തിമജയം യുഡിഎഫിനായി. കോൺഗ്രസ്സിന്റെ ഷാനവാസ് പാടൂരിനാണ് ജയം. ഇവിടെ ജയിച്ചിരുന്നെങ്കിൽ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുക്കുമായിരുന്നു.

ഭരണത്തിലുള്ള ഇടതുപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം കോർപ്പറേഷനിൽ പാപ്പനംകോട് മണ്ഡലത്തിൽ ബിജെപി സീറ്റ് നിലനിർത്തി. ബിജെപി കൗൺസിലർ ചന്ദ്രന്റെ നിര്യാണത്തോടെ ഒഴിവുവന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ബന്ധുകൂടിയായ ആശാനാഥ് ആണ് വിജയിച്ചത്. 35 വോട്ടുകൾക്കാണ് വിജയം. എന്നാൽ അസംബൽ തിരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ തൊള്ളായിരത്തിലേറെ വോട്ടുകൾ നേടിയ വാർഡിൽ ഇപ്പോൾ ലീഡ് കുറഞ്ഞു. നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലത്തിലെ വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ അവർ സീറ്റ് നിലനിർത്തിയെങ്കിലും കഴിഞ്ഞതവണ അഞ്ഞൂറിന് മുകളിൽ ഉണ്ടായിരുന്ന ചന്ദ്രന്റെ ഭൂരിപക്ഷം 35 ആയി കുറയ്ക്കാൻ കഴിഞ്ഞത് നേട്ടമായെന്ന് സിപിഐ(എം) മേയർ പ്രശാന്ത് അവകാശപ്പെട്ടു. ഇവിടെ കോൺഗ്രസ് മൂന്നാംസ്ഥാനത്തായി. തിരുവനന്തപുരത്ത് വെട്ടൂർ പഞ്ചായത്തിലെ അക്കരവിള, തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡുകൾ എൽഡിഎഫ് നേടി.

ചേർത്തല നഗരസഭയിലെ പതിമൂന്നാം വാർഡിൽ ബിജെപി അട്ടിമറിജയം നേടി. പതിമൂന്നാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി ജ്യോതിഷ് 134 വോട്ടുകൾക്ക് ജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്വതന്ത്രൻ ഇവിടെ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. പാലമേൽ പഞ്ചായത്തിൽ കോൺഗ്രസ്സിൽ നിന്ന് സിപിഐ(എം) സീറ്റ് പിടിച്ചെടുത്തു. ഇവിടെ ഷൈലജാ ഷാജി വിജയിച്ചു.

കോട്ടയത്തെ മണർകാട് രണ്ടാം വാർഡ് ബിജെപി പിടിച്ചെടുത്തു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു. അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ സിന്ധു കൊരട്ടിക്കുന്നേൽ ആണ് 198 വോട്ടുകൾക്ക് ജയിച്ചത്. അതേസമയം, തൃപ്പൂണിത്തുറ നഗരസഭയിലെ ചക്കംകുളങ്ങര വാർഡ് ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാനായത് യുഡിഎഫിന് നേട്ടമായി. 96 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി ശബരിഗിരീശന്റെ വിജയം.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം കണ്ണിയമ്പുറം ഈസ്റ്റ് വായനശാലാ വാർഡിൽ സിപിഐ(എം) സ്ഥാനാർത്ഥി കെ കെ രാമകൃഷ്ണൻ 385 വോട്ടിന് ജയിച്ചു. ബിജെപി സ്ഥാനാർത്ഥി വി എം ഹരിദാസ് ഇവിടെ രണ്ടാംസ്ഥാനത്തെത്തി. യുഡിഎഫ് റിബൽ ആയി മത്സരിച്ച വി ജയരാജ് മൂന്നാം സ്ഥാനത്തെത്തിയതോടെ യുഡിഎഫിന്റെ ലക്ഷ്മണൻ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഐ(എം) കൗൺസിലറായിരുന്ന കെപി രാമരാജന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ്.

ഇടുക്കിയിൽ കൊക്കയാർ പഞ്ചായത്തിലെ ഭരണം മുളംകുന്ന് വാർഡിലെ അട്ടിമറി ജയത്തോടെ എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ(എം) സ്വതന്ത്രനായി മത്സരിച്ച ലൂക്കോസ് 235 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. യുഡിഎഫിലെ ജോസഫ് എബ്രഹാമായിരുന്നു എതിർസ്ഥാനാർത്ഥി. കോൺഗസിന്റെ സിറ്റിങ് സീറ്റാണ് എൽഡിഎഫ് നേടിയത്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്താഴക്കോട് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഹൈ്‌ദ്രോസ് 98 വോട്ടിന് ജയിച്ചത്.

മലപ്പുറത്തെ ഊരകം പഞ്ചായത്തിലെ മൂന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 114 വോട്ടിന് യുഡിഎഫ് സ്വതന്ത്ര റീന ജയിച്ചു. കഴിഞ്ഞതവണ എൽഡിഎഫ് 158 വോട്ടിന് ജയിച്ച വാർഡാണ് ഇത്. കോഴിക്കോട് ഓമശ്ശേരി ഈസ്റ്റ് വാർഡിൽ കെകെ ഭാസ്‌കരൻ 98 വോട്ടിന് ജയിച്ച് എൽഡിഎഫ് സീറ്റ് നിലനിർത്തി. കല്യാശ്ശേരിയിലെ അഞ്ചാംപീടികയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡി. രമ വിജയിച്ചു. എൽഡിഎഫ് ഭരിക്കുന്ന കല്യാശ്ശേരി പഞ്ചായത്തിൽ ഇപ്പോൾ പ്രതിപക്ഷമില്ലാതെയാണ് ഇടതുഭരണം. ഈ നില തുടരും.

കാസർകോട് ജില്ലാ പഞ്ചായത്തിൽ ഉദുമ വാർഡിൽ യുഡിഎഫ് വിജയിച്ചതോടെ അവർക്ക് ഭരണം തുടരാനാകും. കോൺഗ്രസ് സ്ഥാനാർത്ഥി ഷാനവാസ് പാദൂർ 1886 വോട്ടിനാണ് ഇവിടെ ജയിച്ചത്. എൽഡിഎഫ്- ഐഎൻഎൽ പിന്തുണയോടെ നിർത്തിയ മൊയ്തീൻകുട്ടി കളനാടിനെയാണ് ഇവിടെ പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് എട്ട്, എൽഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്ന നിലവിലെ കക്ഷിനില തുടരുന്നതിനാൽ യുഡിഎഫിന് ഭരണം തുടരാനാകും.