ന്യഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണോ ഡോക്ടർ ഹർഷവർദ്ധൻ? ആംആദ്മിയുടെ അരവിന്ദ് കെജ്രിവാൾ ഉയർത്തുന്ന ഡൽഹിക്ക് മികച്ചൊരു നേതാവെന്ന മുദ്രാവക്യത്തെ ഹർഷവർദ്ധനിലൂടെ മറികടക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ചുമതലയിൽ നിന്ന് ഹർഷവർദ്ധനെ ഒഴിവാക്കിയത്. അപ്രധാന വകുപ്പായ കേന്ദ്ര ശാസ്ത്ര സാങ്കേതികത്തിന്റെ ചുമതലയാണ് ഹർഷവർദ്ധന് പകരം നൽകിയിരിക്കുന്നത്.

ഫെബ്രുവരിയിലാകും ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് എന്നാണ് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചാൽ ഉടൻ ഡൽഹി തെരഞ്ഞെടുപ്പിന്റെ ചുമതല ഹർഷവർദ്ധന് കൈമാറുമെന്നാണ് വ്യക്തമാകുന്നത്. അതിന്റെ മുന്നോടിയായാണ് സുപ്രധാന വകുപ്പിൽ നിന്ന് ഒഴിവാക്കുന്നത്. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾക്ക് ഹർഷവർദ്ധന് ആരോഗ്യവകുപ്പ് പോലൊരു വലിയ ചുമതല തടസ്സമാകുമെന്ന വിലയിരുത്തലിലാണ് ഇത്. ഡൽഹി പിടിക്കുകയെന്നത് ബിജെപിക്കും പ്രധാനമന്ത്രിക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

ഒരു വർഷം മുമ്പ് നടന്ന ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹർഷവർദ്ധനായിരുന്നു. ഹർഷവർദ്ധനെ അഴിമതി രഹിത പ്രതിശ്ചായ തന്നെയായിരുന്നു ബിജെപി ഉയർത്തിക്കാട്ടിയത്. അതിന്റെ വിജയം കൂടിയായിരുന്നു ഡൽഹിയിലെ പാർട്ടി മുന്നേറ്റം. ഏറ്റവും വലിയ ഒറ്റകക്ഷിയായില്ലെങ്കിലും 31 സീറ്റിലേക്ക് എത്താൻ കഴിഞ്ഞതു തന്നെ നേട്ടമായി വിലയിരുത്തി. കാരണം കടുത്ത വിഭാഗിയതയായിരുന്നു ബിജെപി ഡൽഹി ഘടകത്തിൽ ഉണ്ടായിരുന്നത്. വിജയ് ഗോയലിനെ തഴഞ്ഞ് ഹർഷവർദ്ധനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത് വലിയൊരു വിഭാഗത്തിന്റെ എതിർപ്പിന് വഴിവച്ചു.

എന്നാൽ ഡൽഹയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ഹർഷവർദ്ധന്റെ നേതൃത്വം അംഗീകരിക്കപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹർഷവർദ്ധനാണ് കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഏഴിൽ ഏഴും നേടി. ഹർഷവർദ്ധൻ വൻ ഭൂരിപക്ഷത്തിന് ലോക്‌സഭയിലേക്ക് ജയിക്കുകയും ചെയ്തു.പ്രതീക്ഷിച്ചതു പോലെ ഡോക്ടർ കൂടിയായ ഹർഷവർദ്ധന് ആരോഗ്യ വകപ്പും നൽകി. മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയിൽ മോദി പക്ഷേ വിശ്വസ്തന് ആരോഗ്യം നൽകിയില്ല. ബിജെപി ഡൽഹി ഘടകത്തിന് ഹർഷവർദ്ധനെ ആവശ്യമുണ്ടെന്ന് മോദി മനസ്സിലാക്കുന്നു.

ഡൽഹിയിൽ ബിജെപിക്ക് മുൻതൂക്കം ഇപ്പോഴുമുണ്ട്. എന്നാൽ മികച്ച പ്രതിശ്ചായയുള്ള ജനനേതാവിന്റെ നേതൃത്വം കുറവ് തന്നെയാണ്. ഈ പ്രതികൂല ഘടകത്തിലാണ് ആംആദ്മി പാർട്ടിയുടേയും കണ്ണ്. ജഗദീഷ് മുഖിയെ പോലുള്ളവരെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ആംആദ്മി പാർട്ടിയും കെജ്രിവാളും പ്രചരണത്തിൽ സജീവമാകുകയാണ്. കെജ്രിവാളിനെ പോലൊരു ശക്തനായ നേതാവ് ബിജെപിക്കും കോൺഗ്രസിനും ഇല്ലെന്നും അതിനാൽ ചൂലടയാളത്തിൽ വോട്ട് ചെയ്യാനുമാണ് ആപ്പിന്റെ മുദ്രാവാക്യം.

ഹർഷവർദ്ധൻ കേന്ദ്രമന്ത്രിയായതിനാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്ന കണക്ക് കൂട്ടലിലാണ് ആപ്പിന്റെ ഈ തന്ത്രം. ഒപ്പം ബിജെപിയിലെ ഭിന്നത കൂട്ടുകയും ചെയ്യാം. ഇതു മനസ്സിലാക്കിയാണ് ഹർഷവർദ്ധനെ കേന്ദ്ര ആരോഗ്യമന്ത്രി പദത്തിൽ നിന്ന് മാറ്റുന്നത്. ഡൽഹിയിലെ പ്രചരണത്തിന്റെ ചുക്കാൻ ഹർഷവർദ്ധനെ തന്നെ ഏൽപ്പിക്കും. ബിജെപി അധ്യക്ഷൻ അമിത് ഷായോടും ഇക്കാര്യം മോദി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രധാന വകുപ്പായ ആരോഗ്യത്തിൽ വിശ്വസ്തനായ ജെപി നദ്ദയെ മോദി നിയമിച്ചത് ഈ സാഹചര്യത്തിലാണ്.

ഡൽഹി നിയമസഭയിൽ 35 അംഗങ്ങളുണ്ടെങ്കിൽ ഭൂരിപക്ഷം ഉറപ്പിക്കാം. എന്നാൽ അറുപതിലധികം സീറ്റ് നേടണമെന്നാണ് മോദിയുടെ മനസ്സിലുള്ളത്. ആംആദ്മി പാർട്ടിയെ പൂർണ്ണമായും അപ്രസക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലം വേണമെന്നും ആഗ്രഹിക്കുന്നു. ഡൽഹിയിൽ ചെറിയ മുന്നേറ്റം ആംആദ്മി പാർട്ടി ഉണ്ടാക്കിയാൽ പോലും ഇത്തരത്തിലെ രാഷ്ട്രീയ കൂട്ടായ്മകൾക്ക് രാജ്യത്തിന്റെ മറ്റിടങ്ങളിൽ പ്രതീക്ഷയേകും. ഈ സാഹചര്യം ഇല്ലാതാക്കാൻ ഡൽഹി തെരഞ്ഞെടുപ്പിനെ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് ആവശ്യം.