ജയ്പുർ: രാജസ്ഥാനിൽ നിയമസഭാ തെരിഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ ബിജെപിക്ക് ഞെട്ടൽ. പാർട്ടിക്ക് വൻ തിരിച്ചടി നൽകി മന്ത്രി പാർട്ടിയിൽ നിന്ന് അണികൾക്കൊപ്പം രാജിവെച്ചു. പൊതുജനാരോഗ്യ വകുപ്പ് മന്ത്രിയായ സുരേന്ദ്ര ഗോയലാണ് രാജിവെച്ചത്. ഇതോടെ രാജസ്ഥാനിൽ ബിജെപിയുടെ നില വീണ്ടും പരുങ്ങലിലായി. ജൈതാരൻ മണ്ഡലത്തിൽ അഞ്ചു തവണ എംഎൽഎ ആയിട്ടുള്ള സുരേന്ദ്ര ഗോയൽ അണികൾക്കൊപ്പമാണ് പാർട്ടി വിട്ടത്. ഇവിടെ നിന്ന് ബിജെപി വിമതനായി മത്സരിക്കാനാണ് ഗോയലിന്റെ തീരുമാനം.

ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മന്ത്രിസഭാ അംഗം തന്നെ പാർട്ടി വിട്ടത് ബിജെപിയെ ഞെട്ടിച്ചു. ഇതിനിടെ നാഗൂറിലെ ബിജെപി എംഎൽഎ ഹബീബു റഹ്മാൻ അഷ്റഫിയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.സംസ്ഥാനത്ത് ബിജെപി സർക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ വരുന്ന തെരഞ്ഞെടുപ്പുകൾ നേരിടുകയെന്നത് ബിജെപിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. അവസരം മുതലെടുക്കാൻ കോൺഗ്രസ് ശക്തമായി തന്നെ ശ്രമിക്കുന്നുമുണ്ട്. രാജസ്ഥാൻ ഭരിക്കുന്ന വസുന്ധര രാജെ സർക്കാരിന് സംസ്ഥാനത്ത് അത്ര നല്ല ട്രാക്ക് റെക്കോർഡല്ല ഉള്ളത്. പൊതുജനങ്ങൾക്കിടയിൽ മാത്രമല്ല, ബിജെപിക്ക് അകത്ത് നിന്ന് തന്നെ സർക്കാരിനെതിരെ രോഷം ഉയർന്ന് കഴിഞ്ഞു. വസുന്ധര രാജെയ്ക്ക് എതിരെ പാർട്ടി പ്രവർത്തകർ തന്നെ അമിത് ഷായ്ക്ക് കത്ത് നൽകിയിരുന്നു.

മാത്രമല്ല സ്വന്തം മണ്ഡലത്തിൽ പര്യടനത്തിന് എത്തിയ വസുന്ധര രാജെയ്ക്ക് എതിരെ ബിജെപി പ്രവർത്തകർ തന്നെ പ്രതിഷേധ പ്രകടനം നടത്തിയതും പാർട്ടിക്ക് വലിയ തലവേദന ആയിരുന്നു. ഇതൊന്നും കൂടാതെ ബിജെപിയിലെ കൊഴിഞ്ഞ് പോക്കും നേതൃത്വത്ത ആശങ്കയിൽ ആഴ്‌ത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും.

അതേസമയം ഛത്തീസ്‌ഗഡിലും സമാനമായി സംഭവം ഉണ്ടായിരുന്നു. ഭരണകക്ഷിയായ ബിജെപിക്കു വലിയ ആഘാതം ഏൽപിച്ചുകൊണ്ട് സത്‌നാമി സമാജിന്റെ ഗുരു ബാൽദാസും മകൻ കുഷ്വന്ത് സാഹേബും കോൺഗ്രസിൽ ചേർന്നു. ബിജെപി വിട്ട ഗുരു ബൽദാസ് നൂറുകണക്കിന് അനുയായികൾക്കൊപ്പമാണ് കോൺഗ്രസിൽ ചേർന്നത്.

ഛത്തീസ്‌ഗഡ് രാഷ്ട്രീയ പാർട്ടികളുടെ പ്രധാനപ്പെട്ട വോട്ട് ബാങ്കാണ് സത്നാമി സമാജ്. കഴിഞ്ഞ കുറേ വർഷങ്ങളായി അത് ബിജെപിക്ക് ഒപ്പമായിരുന്നു. ഛത്തീസ്‌ഗഢിലെ മൊത്തം വോട്ടുകളുടെ 14 ശതമാനം മുതൽ 16 ശതമാനം വരെ ഇവരുടെ സംഭവനയാണ്. അതിനാൽ തന്നെ ബൽദാസിന്റെയും മകന്റെയു ചുവടുമാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയാകും.