- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈംഗികാരോപണം: ബിജെപി നേതാവും ഗോവ മന്ത്രിയുമായ മിലിന്ദ് നായിക് രാജിവെച്ചു; തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് പ്രഹരം
പനാജി: ലൈംഗികാരോപണത്തിൽ ഉൾപ്പെട്ട ഗോവ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായി മിലിന്ദ് നായിക് രാജിവച്ചു. മന്ത്രിയുടെ ഓഫീസിൽ വച്ച് ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ആരോപണം ഉന്നയിച്ച് കോൺഗ്രസ് വാർത്താസമ്മേളനം നടത്തി മണിക്കൂറുകൾക്കുള്ളിൽ മന്ത്രി രാജിവെച്ചു.
കൃത്യവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാൻ നായിക് രാജി സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മിലിന്ദിന്റെ രാജി സ്വീകരിച്ച് ഗവർണർക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
കാബിനറ്റ് അംഗമെന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതിൽ നായികിന് പങ്കുണ്ടെന്ന് കോൺഗ്രസ് ഗോവ അധ്യക്ഷൻ ഗിരീഷ് ചോദങ്കർ മാസങ്ങൾക്ക് മുൻപ് ആരോപണം ഉന്നയിച്ചിരുന്നു. പീഡനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ഗിരീഷ് ചോദങ്കർ ആവശ്യപ്പെട്ടു.
ലൈംഗിക പീഡനം നടത്തിയ മന്ത്രി മിലന്ദ് മാലിക്കാണെന്നും ഇയാളെ സർക്കാറിൽ നിന്നും പുറത്താക്കണമെന്നും ഇത്തരം ആളുകളെ സംരക്ഷിച്ചാൽ പ്രതിപക്ഷത്തോട് ജനം പൊറുക്കില്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. മിലിന്ദ് നായികിന്റെ പേര് ചോദങ്കർ വ്യക്തമാക്കിയതിന് പിന്നാലെ ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സങ്കൽപ് അമോങ്കറും മന്ത്രിക്കെതിരെ പൊലീസിൽ പരാതി നൽകി.
ദക്ഷിണ ഗോവയിലെ മോർമുഗാവോ മണ്ഡലത്തിൽ നിന്നും ജയിച്ചാണ് മിലിന്ദ് നിയമസഭയിലെത്തിയത്. തുടർന്ന് പ്രമോദ് സാവന്ത് മന്ത്രിസഭയിൽ നഗരവികസനകാര്യ വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്തു. മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള മുൻ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ