ലക്‌നേ: ഉത്തർപ്രദേശിൽ ജനക്കൂട്ടത്തിനുമുന്നിൽവച്ച് വനിതാ ഐപിഎസ് ഓഫീസറെ കരയിച്ച് എംഎൽഎ. വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ചാരു നിഗത്തെയാണ് സദർ മണ്ഡലത്തിലെ എംഎൽഎയായ രാധാ മോഹൻദാസ് അഗർവാൾ ശകാരിച്ചു കരയിച്ചത്. 2013 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ചാരു നിഗം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരക്പുരിലാണു സംഭവം നടന്നത്. ഇവിടെ മദ്യവിരുദ്ധ സമരം നടത്തിവന്നവരെ നീക്കുന്നതിനിടെയാണ് ചാരു നിഗത്തോട് 'അതിരുവിടരുത്' എന്നാവശ്യപ്പെട്ട് എംഎൽഎയായ രാധാ മോഹൻദാസ് അഗർവാൾ കയർത്തത്.

കരീംനഗർ പ്രദേശത്തെ മദ്യശാലയ്‌ക്കെതിര നാട്ടുകാരുടെ നേതൃത്വത്തിൽ സമരം നടക്കുന്നുണ്ട്. തങ്ങളെ സമരസ്ഥലത്തുനിന്ന് പൊലീസ് ബലമായി മാറ്റിയെന്നു എംഎൽഎയോടു വയോധികരായ ചിലർ പരാതിപ്പെട്ടതാണ് പ്രകോപനത്തിനു കാരണം. കല്ലേറുണ്ടായെന്നു പറഞ്ഞു സ്ത്രീകളുൾപ്പെടെ സമരക്കാർക്കുനേരെ ലാത്തിച്ചാർജും നടന്നു.

സംഭവമറിഞ്ഞു സ്ഥലത്തെത്തിയപ്പോഴാണ് രാധാ മോഹൻദാസ് അഗർവാളിനോടു സമരക്കാർ പരാതി പറഞ്ഞത്. നിങ്ങൾ പരിധി ലംഘിക്കരുതെന്നു ചാരു നിഗത്തിനുനേരെ വിരൽചൂണ്ടി എംഎൽഎ ശകാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആൾക്കൂട്ടത്തിനു നടുവിൽ നേരിട്ട അപമാനത്തിൽ സങ്കടം സഹിക്കാനാകാതെ ചാരു നിഗത്തിന്റെ കണ്ണുനിറയുന്നതും തൂവാലയെടുത്തു മുഖം തുടയ്ക്കുന്നതും വിഡിയോയിൽ കാണാം.

ജനസാന്ദ്രത കൂടിയ ഇടങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്നതാണ് സർക്കാർ നയമെന്നും പിന്നെന്തിനാണ് സമരക്കാർക്കെതിരെ നടപടിയെടുത്തതെന്നും എംഎൽഎ ചാരു നിഗത്തോടു ചോദിച്ചു. അതേസമയം, എംഎൽഎയുടെ വാക്കുകൾ കേട്ടല്ല കരഞ്ഞതെന്ന് ചാരു നിഗം പിന്നീട് പ്രതികരിച്ചു. പ്രശ്‌നങ്ങൾക്കു നടുവിൽ പിന്തുണയുമായെത്തിയ മുതിർന്ന ഉദ്യോഗസ്ഥന്റെ സ്‌നേഹപൂർവമായ പെരുമാറ്റമാണ് കരയിച്ചത്.

എംഎൽഎ പൊതുജനത്തിനുമുന്നിൽ മോശമായാണ് പെരുമാറിയതെന്നും ചാരു നിഗം ആരോപിച്ചു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണമാണ് പൊലീസ് ഉദ്യോഗസ്ഥയുടെതെന്നും 2002 മുതൽ താൻ എംഎൽഎ ആണെന്നും രാധാ മോഹൻദാസ് പ്രതികരിച്ചു.