ഛണ്ഡിഗഢ്: പഞ്ചാബിൽ ബിജെപി എംഎൽഎയെ കർഷകർ മർദ്ദിച്ചു. അബോഹർ എംഎൽഎ അരുൺ നാരംഗിനാണ് മർദ്ദനമേറ്റത്. പ്രാദേശിക നേതാക്കളൊപ്പം മാലൗട്ടിൽ വാർത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് അരുൺ നാരംഗ് ആക്രമണത്തിന് ഇരയായത്. അദ്ദേഹത്തിന് മേൽ കറുത്ത മഷി ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്തു. എംഎൽഎയെയും നേതാക്കളെയും പൊലീസ് സമീപത്തെ ഷോപ്പിൽ ഒളിപ്പിച്ചെങ്കിലും പുറത്തിറങ്ങിയപ്പോൾ കർഷകർ വീണ്ടും മർദ്ദിക്കുകയും എംഎൽഎയുടെ വസ്ത്രം കീറുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് സുരക്ഷയോടെയാണ് പിന്നീട് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. എംഎൽഎയെ വാർത്താസമ്മേളനത്തിന് പ്രക്ഷോഭകർ അനുവദിച്ചില്ല. പൊലീസുകാർക്കും നിസാര പരിക്കേറ്റു. തന്നെ ചിലർ മർദ്ദിക്കുകയും ഷർട്ട് കീറുകയും ചെയ്‌തെന്ന് എംഎൽഎ ആരോപിച്ചു. എംഎൽഎ ശാരീരിക ആക്രമണത്തിന് ഇരയായെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാൽ വ്യക്തമാക്കി. സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും രംഗത്തെത്തി. സംസ്ഥാന സർക്കാറിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതിന്റെ തെളിവാണ് സംഭവമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുങ് പറഞ്ഞു. എംഎൽഎക്കെതിരെ വധശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ വിവിധിയിടങ്ങളിൽ കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം തുടരുകയാണ്.