കോട്ടയം: ബിജെപിക്ക് ആരോടും രാഷ്ട്രീയ അയിത്തമില്ലെന്നും കേരളകോൺഗ്രസ്സിനോടും അതേ നിലപാടാണെന്നും വ്യക്തമാക്കി ഒരിക്കൽകൂടി പരോക്ഷമായി മാണിയെ എൻഡിഎയുടെ ഭാഗമാകാൻ പരസ്യമായി ക്ഷണിച്ച് ബിജെപി നേതാവ് എം ടി രമേശ്. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന കൗൺസിലിനോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം ടി രമേശ്.

കെ.എം മാണിയും കേരള കോൺഗ്രസും ബിജെപിക്ക് തൊട്ടുകൂടാത്തവരല്ലെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. നേതാവിന്റെ അഴിമതി പാർട്ടിയുടെ അഴിമതിയായി കണേണ്ടതില്ലെന്ന നിലപാടാണ് ബിജെപിക്ക്. എൻ.ഡി.എയുടെ കേരള ഘടകം വിപുലീകരിക്കാൻ തീരുമാനിച്ചതായും വ്യക്തമാക്കിയ രമേശ് തങ്ങളുമായി സഹകരിക്കുന്ന പാർട്ടികളുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു.

സംവിധായകൻ കമലിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ട്. കമൽ രാജ്യം വിട്ട് പോകണമെന്ന് എ.എൻ.രാധാകൃഷ്ണൻ പറഞ്ഞിട്ടില്ല. എം ടി വാസുദേവൻ നായർ നടത്തിയ പ്രസ്താവനയെയാണ് എതിർത്തതെന്നും രമേശ് പറഞ്ഞു.

ഭക്ഷ്യസുരക്ഷാ നിയമം കേരളത്തിൽ നടപ്പാക്കാത്തതിൽ ദുരൂഹതയുണ്ട്. പൊതുവിതരണ സമ്പ്രദായം തകർക്കുന്ന മാഫിയ കേരളത്തിൽ പ്രവർത്തിക്കുന്നുവെന്നും രമേശ് കുറ്റപ്പെടുത്തി. കേരളത്തിൽ നടക്കുന്ന ചെറുതും വലുതുമായ ഭൂസമരങ്ങൾ ഏകോപിപ്പിച്ച് ബിജെപി നേതൃത്വം നൽകുമെന്നും രമേശ് പറഞ്ഞു. സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്‌കരണം അനിവാര്യമായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടക്കുന്ന എല്ലാ ഭൂസമരങ്ങൾക്കും ബിജെപി പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം ഏക്കർ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സർക്കാരിന്റെ പക്കലുണ്ടായിട്ടും മൂന്നു ലക്ഷം കുടുംബങ്ങൾ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തവരായുണ്ടെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.

കേരളത്തിലെ റേഷൻ വിതരണം അട്ടിമറിക്കാൻ ഇരു മുന്നണികളും ഗൂഢാലോചന നടത്തി. കരിഞ്ചന്തക്കാരെയും ഇടനിലക്കാരേയും സംരക്ഷിക്കാനാണ് സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാത്തത്. ഇത് ഭരണഘടനാ ലംഘനമാണ്. സംസ്ഥാനത്ത് പട്ടിണി സമരത്തിന് ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് ഒരു കുടുംബത്തെ ചുട്ടുകൊന്നതിന്റെ തീ അണയുന്നതിന് മുൻപ് പിണറായി വിജയൻ അസഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നത് പരിഹാസ്യമാണ്. കലോത്സവ വേദിയിൽ പിണറായി സംസാരിക്കേണ്ടത് സ്വന്തം പാർട്ടിക്കാരുടെ അസഹിഷ്ണുതയെപ്പറ്റിയാണ്. സിപിഐ(എം) നേതാവിൽ നിന്ന് കേരളാ മുഖ്യമന്ത്രിയിലേക്ക്  ഇനിയും പിണറായി വിജയൻ വളർന്നിട്ടില്ല. സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം തുറന്ന് കാട്ടാൻ ദേശീയ തലത്തിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും രമേശ് അറിയിച്ചു.