- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയിൽ രാജഗോപാലിന് തൊട്ടടുത്ത സീറ്റുപിടിച്ച മാണി എൻഡിഎയിൽ ചേർന്ന് ബിജെപിക്ക് കൈകൊടുക്കുമോ? ദേശീയ കൗൺസിൽ തീരുന്നതോടെ മാണിയെ കൂടെക്കൂട്ടാൻ ശ്രമം ഊർജിതപ്പെടുത്തി അമിത്ഷാ; ഡൽഹിയിൽ ചെന്നു കണ്ട കാന്തപുരവും മോദിക്കൊപ്പം കൂടുമോയെന്നും ചർച്ചകൾ
തിരുവനന്തപുരം: നാളെ കോഴിക്കോട്ട് ആരംഭിക്കുന്ന ബിജെപി ദേശീയ കൗൺസിലിന് എത്തുന്ന ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രധാന അജണ്ട കേരളത്തിൽ എൻഡിഎ ശക്തിപ്പെടുത്തൽ. ഇതിന്റെ ഭാഗമായി യുഡിഎഫ് വിട്ട് പുറത്തുവന്ന കെഎം മാണിയെ കൂടെക്കൂട്ടാനും കാന്തപുരം വിഭാഗത്തെ കയ്യിലെടുക്കാനും ശ്രമം തുടങ്ങി. കോൺഗ്രസ്സിനെയും സിപിഎമ്മിനെയും എതിർക്കുന്ന വിഭാഗങ്ങളെയെല്ലാം ഒപ്പംകൂട്ടി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പാതിയിലേറെ സീറ്റ് നേടുമെന്ന നിലയിലേക്ക് എൻഡിഎയെ വളർത്തുകയെന്നതാണ് മുഖ്യലക്ഷ്യം. ദശാബ്ദങ്ങൾക്കുശേഷം പാർട്ടിയുടെ ദേശീയ കൗൺസിൽ കേരളത്തിൽ സംഘടിപ്പിക്കുന്നത് പാർട്ടിയുടെ കരുത്ത് തെളിയിക്കാൻ സഹായകമാകുമെന്നും നേതാക്കൾ വിലയിരുത്തുന്നു. ഇതോടൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനസ്വാധീനം വർദ്ധിപ്പിക്കുന്നതിനുമായി കേരള വികസന ചർച്ചയ്ക്കും തുടക്കമിടും. സമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി സംസ്ഥാന നേതൃത്വം വികസന രേഖയും സമർപ്പിക്കും. ഇടതുവലതു മുന്നണികൾ മാറിമാറി വന്നിട്ടും കേരളത്തിന്റെ
തിരുവനന്തപുരം: നാളെ കോഴിക്കോട്ട് ആരംഭിക്കുന്ന ബിജെപി ദേശീയ കൗൺസിലിന് എത്തുന്ന ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രധാന അജണ്ട കേരളത്തിൽ എൻഡിഎ ശക്തിപ്പെടുത്തൽ. ഇതിന്റെ ഭാഗമായി യുഡിഎഫ് വിട്ട് പുറത്തുവന്ന കെഎം മാണിയെ കൂടെക്കൂട്ടാനും കാന്തപുരം വിഭാഗത്തെ കയ്യിലെടുക്കാനും ശ്രമം തുടങ്ങി.
കോൺഗ്രസ്സിനെയും സിപിഎമ്മിനെയും എതിർക്കുന്ന വിഭാഗങ്ങളെയെല്ലാം ഒപ്പംകൂട്ടി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പാതിയിലേറെ സീറ്റ് നേടുമെന്ന നിലയിലേക്ക് എൻഡിഎയെ വളർത്തുകയെന്നതാണ് മുഖ്യലക്ഷ്യം. ദശാബ്ദങ്ങൾക്കുശേഷം പാർട്ടിയുടെ ദേശീയ കൗൺസിൽ കേരളത്തിൽ സംഘടിപ്പിക്കുന്നത് പാർട്ടിയുടെ കരുത്ത് തെളിയിക്കാൻ സഹായകമാകുമെന്നും നേതാക്കൾ വിലയിരുത്തുന്നു.
ഇതോടൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനസ്വാധീനം വർദ്ധിപ്പിക്കുന്നതിനുമായി കേരള വികസന ചർച്ചയ്ക്കും തുടക്കമിടും. സമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി സംസ്ഥാന നേതൃത്വം വികസന രേഖയും സമർപ്പിക്കും. ഇടതുവലതു മുന്നണികൾ മാറിമാറി വന്നിട്ടും കേരളത്തിന്റെ വളർച്ച താഴോട്ടാണെന്ന വാദത്തിലൂന്നിയാകും ഇനിയങ്ങോട്ട് കേരളത്തിൽ പാർട്ടിയുടെ പ്രവർത്തനവും പ്രചരണങ്ങളും.
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റേതായി, മറ്റാരും അവകാശവാദം ഉന്നയിക്കാത്ത വിധത്തിൽ കുറച്ചു പദ്ധതികൾ അടുത്ത ദേശീയ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ ആരംഭിക്കാൻ കേരള നേതൃത്വം സമ്മർദ്ദം ചെലുത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
യുഡിഎഫിൽ നിന്ന് പുറത്തുവന്ന മാണിയേയും കൂട്ടരേയും എൻഡിഎയിലേക്ക് ക്ഷണിക്കുന്നതിന് ഇപ്പോൾ ബിജെപിയുടെ മുഖ്യകക്ഷിയായ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് എതിർപ്പില്ലെന്നത് ബിജെപി ശുഭസൂചനയായി കാണുന്നു. മാത്രമല്ല, യുഡിഎഫ് വിട്ടതിനു തൊട്ടുപിന്നാലെ മാണി എൽഡിഎഫിനൊപ്പം പോയേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ പിന്നീട് അടഞ്ഞ സാഹചര്യത്തിൽ മാണിയെ എളുപ്പം എൻഡിഎയിലേക്കെത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം.
കോൺഗ്രസ് കേരളത്തിൽ തകർന്നുകഴിഞ്ഞെന്നും അവർക്കും സിപിഎമ്മിനുമൊപ്പം പോകാൻ ഇഷ്ടമില്ലാത്തവരെ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്താനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് വ്യക്തമാക്കിയിട്ടുണ്ട്. എൻഡിഎ വിപുലീകരണം മുഖ്യ അജണ്ടയെന്ന നിലയിൽ 26ന് സമാന ചിന്താഗതിക്കാരുടെ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട.
ഈ യോഗത്തിന് കേരളാ കോൺഗ്രസ് എം പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞതായാണ് സൂചനകൾ. കേരളത്തിൽ 11 സീറ്റ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടി കരുത്തുതെളിയിക്കാനാകുമെന്ന പ്രതീക്ഷയിലുള്ള പ്രവർത്തനങ്ങളാകും ഇനി പാർട്ടി മുന്നോട്ടു നയിക്കുക.
തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മാണിയെ മുന്നണിയിൽ ചേർക്കാനായാൽ നിയമസഭയിലും ശക്തമായ പ്രതിപക്ഷ സാന്നിധ്യമായി എൻഡിഎ മാറുമെന്ന പ്രതീക്ഷയും സംസ്ഥാന നേതാക്കൾക്കുണ്ട്. മാണി വഴങ്ങിയാൽ ഇപ്പോൾ സഭയിൽ പ്രത്യേക ബ്‌ളോക്കായി ഇരിക്കുന്ന മാണിക്കൊപ്പം സഭയിലെ ബിജെപിയുടെ ഏക പ്രതിനിധിയായ ഒ. രാജഗോപാലും കൈകോർക്കുന്ന സ്ഥിതിയാണ് വരിക. കേരളാ കോൺഗ്രസിന്റെ ആവശ്യപ്രകാരം പുതിയ ബ്‌ളോക്ക് അനുവദിക്കുന്ന കാര്യം പ്രഖ്യാപിച്ച സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയതു പ്രകാരം ഉമ്മൻ ചാണ്ടിക്കും ഒ. രാജഗോപാലിനും മധ്യേ ആയിരിക്കും മാണിയുടെ പുതിയ ഇരിപ്പിടം.
ഏതായാലും മാണിയുമായി ദേശീയ കൗൺസിൽ നടക്കുന്ന വേളയിൽതന്നെ നേതാക്കളെ ബന്ധപ്പെടുത്താനുള്ള ഊർജിത ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 26ന് നടക്കുന്ന എൻഡിഎ വിപുലീകരണത്തിന്റെ ആലോചനാ യോഗത്തിന് അദ്ദേഹത്തിന്റെ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കഴിയുമോയെന്നും ആരായുന്നു.
മാണിയെ ആകർഷിക്കുന്നതിനൊപ്പം മറ്റു ചെറു കക്ഷികളെയും എൻഡിഎയിലേക്ക് ക്ഷണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡൽഹിയിലെത്തി മോദിയെ സന്ദർശിച്ച കാന്തപുരം എ പി അബൂബക്കർ മുസലിയാരേയും കൂട്ടരേയും ആദ്യഘട്ടത്തിൽ തന്നെ എൻഡിഎ പക്ഷത്ത് എത്തിക്കാനും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായാണ് സൂചനകൾ. കാന്തപുരം, ഇബ്രാഹീം ഖലീലുൽ ബുഖാരി എന്നിവരുൾപ്പെട്ട മുസ്ലിം പണ്ഡിത സംഘം കഴിഞ്ഞവർഷം ആഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 സൂഫി പണ്ഡിതരുടെ സംഘത്തിനൊപ്പമായിരുന്നു സന്ദർശനം. കാന്തപുരത്തിനെ കൂടെ കൂട്ടാനായാൽ മുസ്‌ളീം വിഭാഗങ്ങൾക്കിടയ്ക്ക് ഇപ്പോഴുള്ള അകൽച്ചയിൽ കുറവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാന്തപുരം ഇടതുചായ്‌വ് പ്രകടിപ്പിച്ചിരുന്നെങ്കിലും ബിജെപി അധികാരത്തിൽ വന്നതിനുശേഷം മോദിയുടെ കീഴിൽ രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചതായി കരുതുന്നില്ലെന്ന് കാന്തപുരം ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ഇക്കഴിഞ്ഞ ജൂണിൽ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും പുറമെ മൂന്നാമതൊരു സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇതെല്ലാം പോസിറ്റീവായി കാണുന്ന ബിജെപി സംസ്ഥാന നേതൃത്വം കാന്തപുരം എൻഡിഎയിലേക്ക് എത്തുമെന്ന കണക്കുകൂട്ടലിലാണിപ്പോൾ. മാണിയേയും കാന്തപുരത്തേയും കൂടെക്കൂട്ടാനാകുകയും ബിഡിജെഎസിനെ സജീവമാക്കുകയും ചെയ്താൽ കേരളത്തിൽ അടുത്ത ദേശീയ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ദേശീയ നേതൃത്വത്തെ ഞെട്ടിക്കുന്ന മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ദേശീയ കൗൺസിൽ വേദിയിൽ ബിജെപിയുടെ സംസ്ഥാന നേതാക്കൾ.