കോഴിക്കോട്: ദേശീയ കൗൺസിലും എൻ ഡി എ പുനഃസംഘടനയും കഴിഞ്ഞെങ്കിലും ബിജെപി സംസ്ഥാന ഘടകത്തിലെ കല്ലുകടി തുടരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷനെ തന്നെ എൻ ഡി എ കേരള ഘടകത്തിന്റെ ചെർമാനാക്കിയതും എൻ ഡി എ ദേശീയ നേതൃനിരയിലേക്കു ബിജെപി നേതാക്കളെ ഉയർത്തുന്നതിനു പകരം ഘടകകക്ഷി നേതാവിനെ പ്രതിഷ്ഠിച്ചതുമാണ് സംസ്ഥാന ഘടകത്തിലെ പുതിയ അസ്വസ്ഥകൾക്കു ആക്കം കൂട്ടുന്നത്.

കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കർശന നിർദ്ദേശം നിലനിൽക്കവെയാണ് ദേശീയ സമ്മേളനത്തിനു ശേഷവും സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് ബാധകൾക്കു ജീവൻ വെയ്ക്കുന്നത്. സംസ്ഥാനത്തെ ഇടത്-വലത് മുന്നണികൾക്കു നേതൃത്വം നൽകുന്ന മുഖ്യ പാർട്ടികളായ സി പി എമ്മിലും കോൺഗ്രസിലും അതത് പാർട്ടികളുടെ സെക്രട്ടറിയോ/പ്രസിഡന്റോ പ്രസ്തുത മുന്നണിയുടെ ചെയർമാനാകുന്ന പതിവ് ഇല്ല.

ഇത് പാർട്ടിയുടെ സുപ്രധാന റോളിലിരിക്കുന്നവർ മുന്നണിയുടെ ചെയർമാനാകുമ്പോഴുള്ള പരിമിതി മറികടക്കാനും മുന്നണിയുടെ പ്രവർത്തനം കൂടുതൽ സുശക്തമാക്കാനുമാണ്. എന്നാൽ എൻ ഡി എയുടെ ചെയർമാൻ ബിജെപിയുടെ തന്നെ സംസ്ഥാന അധ്യക്ഷനാണെന്നും ഇത് സംസ്ഥാന നേതൃനിരയിലെ ഗ്രൂപ്പിസം മൂലം മറ്റു നേതാക്കളെ ഉൾക്കൊള്ളാനുള്ള താൽപ്പര്യക്കുറവാണെന്നും വിമർശമുണ്ട്. ഇനി കുമ്മനത്തെ തന്നെ ചെയർമാനായി പ്രതിഷ്ഠിക്കണമെന്നു നിർബന്ധമുണ്ടായിരുന്നെങ്കിൽ വർക്കിങ് ചെയർമാൻ സ്ഥാനത്തേക്കെങ്കിലും മറ്റൊരാളെ പരിഗണിക്കാമായിരുന്നുവെന്നും എതിർ വിഭാഗം കുറ്റപ്പെടുത്തുന്നു.

എന്നാൽ പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റുമാരായ വി മുരളീധരൻ, പി കെ കൃഷ്ണദാസ് വിഭാഗങ്ങളും അഡ്വ. പി എസ് ശ്രീധരൻപിള്ള, സി കെ പത്മനാഭൻ എന്നിവരെ ചുറ്റിപ്പറ്റിയുള്ള ചേരികളും അവകാശവാദം ശക്തമാക്കുമെന്നതിനാലാണ് പുതിയ അധികാര കേന്ദ്രം സ്ഥാപിക്കാതെ സമവായമെന്നോണം കുമ്മനത്തെ തന്നെ മുന്നണിയുടെ ചെയർമാനാക്കിയതെന്നും പറയുന്നു. അതിനിടെ, പാർട്ടി കേന്ദ്രം ഭരിക്കുമ്പോഴും സംസ്ഥാനത്ത് നിന്ന് ആദ്യമായി എൻ ഡി എയുടെ കേന്ദ്ര നേതൃനിരയിലേക്കു മലയാളി സാന്നിധ്യം ഉണ്ടായപ്പോഴും അതിലേക്കു പാർട്ടി നേതാക്കളെ പരിഗണിക്കുന്നതിനു പകരം ഘടകകക്ഷിക്കു പതിച്ചുനൽകിയതിലും ബിജെപിയിൽ അതൃപ്തി പുകയുകയാണ്.

വി മുരളീധരന് ലഭിക്കേണ്ട സ്ഥാനമാണ് ഇവ്വിധം കേരള കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി സി തോമസിന് ലഭിച്ചതെന്നാണ് മുരളീധരനെ അനുകൂലിക്കുന്നവരുടെ വാദം. പി സി തോമസിനെ പോലുള്ളവർക്കു ആദർശ രാഷ്ട്രീയമല്ല, അധികാര രാഷ്ട്രീയത്തിനപ്പുറമുള്ള താൽപര്യങ്ങൾ ഇല്ലെന്നും ഇവർ രാഷ്ട്രീയ കാറ്റിന്റെ ഗതി നോക്കിയാണ് അവസരവാദം കളിക്കുന്നതെന്നും ഇത് വേണ്ടവിധം തിരിച്ചറിയാൻ നേതത്വത്തിനായില്ലെന്നും ഇവർ പറയുന്നു.

എന്നാൽ വി മുരളീധരൻ ദേശീയ സമിതിയിൽ എത്തുന്നതിൽ എതിർപ്പില്ലെന്നും അങ്ങനെ വന്നാൽ പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പ് നേതാക്കളെയും പരിഗണിക്കേണ്ടി വരുമെന്നും അത് സാധ്യമല്ലാത്തതിനാലാണ് പി സി തോമസിനെ പോലുള്ള പരിചസമ്പന്നന് നറുക്കു വീണതെന്നും വിശദീകരണമുണ്ട്. ഒപ്പം പി സി തോമസിലൂടെ ക്രിസ്ത്യൻ സഭകളെയും പാർട്ടിയിലേക്ക് അടുപ്പിക്കാമെന്നു നേതൃത്വം കരുതുന്നു. പി സി തോമസിനൊപ്പംം വി മുരളീധരനെയും എൻ ഡി എ ദേശീയ സമിതിയിലേക്കും പി കെ കൃഷ്ണദാസിനെ എൻ ഡി എ കേരള ഘടകത്തിന്റെ വർക്കിങ് ചെയർമാനാക്കിയും നേതൃത്വത്തിന് തന്ത്രപരമായ സമീപനം സ്വീകരിക്കാമായിരുന്നുവെന്നും കുമ്മനത്തെ ചുറ്റിപ്പറ്റിയുള്ള ചില ലോബികളാണ് ഇതിന് തടസ്സമായതെന്നും വിവരമുണ്ട്.

എന്നാൽ പാർട്ടിയുടെ ദേശീയ പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ എൻ ഡി എയുടെ അഖിലേന്ത്യാ നേതൃനിരയിൽ ഉണ്ടെന്നിരിക്കെ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി പാർട്ടിക്കാർ തന്നെ വേണമെന്നില്ലെന്നും അതിനാലാണ് ഘടകകക്ഷികളുടെ പ്രതിനിധിക്ക് അവസരം നൽകിയതെന്നും ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം ടി രമേശ് പറഞ്ഞു. പാർട്ടി അധ്യക്ഷനായ കുമ്മനം മുന്നണിയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നതിൽ അസ്വാഭാവികത ഇല്ലെന്നും, ദേശീയ സമ്മേളനത്തോടെ കുമ്മനത്തിന്റെ ഗുഡ്ബുക്കിൽ ഇടം കണ്ടെത്തിയ അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, പി കെ കൃഷ്ണദാസ് പക്ഷത്തോടൊപ്പമുള്ള സംസ്ഥാന ജനറൽസെക്രട്ടറി ശോഭാ സുരേന്ദ്രൻ കൃഷ്ണദാസുമായി അത്ര നല്ല ബന്ധമല്ല ഉള്ളതെന്നും റിപ്പോർട്ടുണ്ട്. ഒഴിവുള്ള ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കെങ്കിലും തങ്ങളുടെ താൽപര്യം സംരക്ഷിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് അസ്വസ്ഥതകൾക്കിടയിലും വിവിധ ഗ്രൂപ്പ് നേതാക്കന്മാർ. മുരളീധരനാകട്ടെ പാർട്ടി ദേശീയ കമ്മിറ്റിയിൽ സഹഭാരവാഹി സ്ഥാനം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലുമാണ്.

അതേസമയം ദേശീയ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർപേഴ്‌സണായിരുന്ന ഒളിമ്പ്യൻ പി ടി ഉഷ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കടപ്പുറത്തെ പൊതുസമ്മേളന വേദിയിലോ സമാപന സെഷനിലോ പേരിനെങ്കിലും മുഖം കാണിക്കാൻ എത്താത്തതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. തന്റെ അറിവോടു കൂടെയാണ് ബിജെപി സമ്മേളനത്തിൽ സംഘാടകസമിതി ചെയർപേഴ്‌സണായതെന്നു സമ്മതിച്ച പി ടി ഉഷ കാവി രാഷ്ട്രീയത്തോട് അടുക്കുകയാണെന്ന വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശം ഉയർന്നിരുന്നു. അത്‌ലറ്റിക്‌സ് ട്രാക്കിൽ നിന്ന് കാവി രാഷ്ട്രീയ ട്രാക്കിലേക്കുള്ള മാറ്റം തന്നെക്കുറിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നു ഭയമുള്ളതിനാലാവും പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നും അഭിപ്രായമുണ്ട്.