കൊല്ലം: ജനപ്രതിനിധി അധികാരത്തിൽ ഇരിക്കെ മരിച്ചുപോയാൽ ബന്ധുക്കളെ ഉപതെരഞ്ഞെടുപ്പിൽ നിർത്തുന്നതു സാധാരണ രാഷ്ട്രീയ കക്ഷികൾ അനുവർത്തിക്കുന്ന രീതിയാണ്. എന്നാൽ, മരിച്ചുപോയ വ്യക്തിയുടെ പേരിൽ വോട്ടഭ്യർഥിക്കുന്ന നോട്ടീസ് അടിച്ചിറക്കുന്നതു കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു.

കൊല്ലം തേവള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് അപകടത്തിൽ മരിച്ചുപോയ യുവകൗൺസിലർ കോകില എസ് കുമാറിന്റെ പേരിൽ നോട്ടീസ് അടിച്ചിറക്കിയിരിക്കുന്നത്. ബിജെപിയുടെ ജനപ്രതിനിധിയായിരുന്ന കോകില കഴിഞ്ഞ സെപ്റ്റംബർ 14നാണു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. കോകിലയുടെ അച്ഛൻ സുനിൽ കുമാറും അപകടത്തിൽ മരിച്ചു.

ഉപതെരഞ്ഞെടുപ്പിൽ കോകിലയുടെ അമ്മ ബി ഷൈലജയാണു ബിജെപി സ്ഥാനാർത്ഥി. ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നതും. ഇതോടെയാണു വാഹനാപകടത്തിൽ മരിച്ച കോകിലയുടെ പേരിൽ സഹതാപമുയർത്തി തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനാണു ബിജെപി ശ്രമമെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബിജെപി അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖയിലാണു മരണമടഞ്ഞ കോകിലയുടെ അഭ്യർത്ഥന ചേർത്തിരിക്കുന്നത്.

'ഞാൻ കോകില. ഈശ്വര കൃപയാൽ നിങ്ങൾക്ക് സുഖമെന്ന് വിശ്വസിക്കുന്നു എന്ന് തുടങ്ങുന്ന അഭ്യർത്ഥനയിൽ മരണപ്പെട്ടതും മൃതദേഹം അടക്കിയപ്പോൾ നാട് നൽകിയ യാത്രയയപ്പും കോകില ഓർമിക്കുന്നതായി നല്കിയിരിക്കുന്നു. നേരിട്ട് വന്ന് ചോദിക്കുവാൻ വിധി കനിഞ്ഞില്ല. തേവള്ളിയിൽ ജനവിധി തേടുന്ന എന്റെ അമ്മയെ അനുഗ്രഹിച്ച് വിജയിപ്പക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനിയൊരിക്കലും മറ്റൊരു ആഗ്രഹവുമായി ഞാൻ നിങ്ങളുടെ മുന്നിലെത്തില്ല. എന്റെ മോഹം സാധിച്ചുതരണം' എന്നാണു കത്തിലെ വരികൾ. ഒടുവിൽ 'സ്‌നേഹപൂർവ്വം കോകില എസ് കുമാർ' എന്നും ചേർത്തിട്ടുണ്ട്.

സംഭവം സോഷ്യൽ മീഡിയയിലുടെ ചിലർ ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. കോകിലയെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അവരുടെ പേരിൽ വോട്ട് പിടിക്കാൻ കത്തിറക്കുന്നത് മോശമായ പ്രവർത്തിയാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപി ശ്രമിക്കുന്നതു സഹതാപ തരംഗം ഉയർത്തി വോട്ട് പിടിക്കുവാനാണെന്ന് എൽഡിഎഫും യുഡിഎഫും പരാതി ഉയർത്തി. പരാതിയുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് കോൺഗ്രസും സിപിഎമ്മും. പ്രചരണണ ഫ്‌ലക്‌സുകളിലും സ്ഥാനാർത്ഥിയുടെ ചിത്രത്തേക്കാൾ പ്രാധാന്യത്തോടെ മരിച്ചുപോയ കോകിലയുടെ ചിത്രങ്ങളുമായിരുന്നു ബിജെപി ഉപയോഗിച്ചിരുന്നത്.