കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപിന് ശേഷം ബിജെപി സംഘടനാ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന പി.കെ കൃഷ്ണദാസ് പക്ഷം പാർട്ടിക്കുള്ളിൽ സ്വരം കടുപ്പിക്കുന്നു. കൊടകര കുഴൽ പണ കേസിന് പിന്നാലെ സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കൊടുത്തുവെന്ന ആരോപണത്തിലും വി.മുരളീധരൻ ഗ്രൂപ്പും അതിലെ പ്രധാനിയായ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. പാർട്ടിക്കുള്ളിൽ ഹിത പരിശോധന വേണമെന്ന പിപി മുകുന്ദന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യമാണെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്.

ഈ സാഹചര്യം മുതലെടുത്താണ് പാർട്ടിയിലെ അതൃപ്തരെ ഒറ്റ ചരടിൽ കോർത്തെടുത്തതു പോലെ കൂട്ടി യോജിപ്പിച്ച് പി.കെ.കൃഷ്ണദാസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പോരിനിറങ്ങിയിരിക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിലും പാർട്ടിയിൽ സുരേന്ദ്രനെ ന്യായീകരിക്കാൻ ആരും രംഗത്തുവന്നിട്ടില്ലെന്ന് മാത്രമല്ല പാർട്ടിക്കുള്ളിൽ വിമർശനത്തിന് മൂർച്ച കൂട്ടിയിരിക്കുകയാണ് ഒരു വിഭാഗം നേതാക്കൾ. കണ്ണൂരിൽ പി.കെ കൃഷ്ണദാസ് പക്ഷം പ്രകടമായി പോരിനിറങ്ങിയിട്ടില്ലെങ്കിലും മുതിർന്ന നേതാക്കളുടെ അതൃപ്തി മുതലെടുത്തു കൊണ്ട് പരോക്ഷമായി വി.മുരളിധരൻ വിഭാഗത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.

പാർട്ടി ദേശീയ നിർവാഹക സമിതിയംഗം സി.കെ. പത്മനാഭനടക്കമുള്ളവർ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിൽ അതൃപ്തരാണ്. ആരോപണ വിധേയനായ സാഹചര്യത്തിൽ കെ.സുരേന്ദ്രൻ രാജി വയ്ക്കണമെന്ന ആവശ്യത്തിനോടൊപ്പമാണ് അദ്ദേഹവുമെന്നറിയുന്നു. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ സി.സദാനന്ദൻ , മോഹനൻ മാനന്തേരി തുടങ്ങി ഒട്ടേറെ നേതാക്കളും നിലവിൽ പാർട്ടി നേതൃത്വം നേരിടുന്ന പ്രതിസന്ധിയിൽ ആശങ്കാകുലരാണ്. പരസ്യമായി ഗ്രൂപ്പ് നിലപാട് എടുക്കാത്ത നേതാവാണ് സികെപി എന്ന സികെ പത്മനാഭൻ. സികെപിയും ഇപ്പോൾ അസംതൃപ്തർക്കൊപ്പം നീങ്ങുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇതിനിടെ ബിജെപി മുൻ നേതാവ് പി.പി.മുകുന്ദൻ കെ.സുരേന്ദ്രൻ ചെയ്തത് രാജ്യദ്രോഹമാണെന്ന ആരോപണവുമായി രംഗത്ത് വന്നത് എരി തീയ്യിൽ എണ്ണയൊഴിക്കുന്നതിന് സമാനമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയുടെ കുഴൽപ്പണ ഇടപാടിന് അന്തിമമായി ഉത്തരം പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന് പി പി മുകുന്ദൻ. പറഞ്ഞു. ബിജെപി കോർ ഗ്രൂപ്പ് ചേർന്ന് വ്യക്തമായ നിലപാട് എടുക്കണം. അല്ലെങ്കിൽ എല്ലാവരെയും സംശയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊടകര കുഴൽപ്പണം സംബന്ധിച്ച വിശദീകരണത്തിൽ അടിമുടി വൈരുധ്യമാണ്. ജില്ലാ കമ്മിറ്റി പറയുന്നത് ഒന്ന്. സംസ്ഥാന കമ്മിറ്റി പറയുന്നത് വേറൊന്ന്. പൊലീസ് കണ്ടെത്തിയത് മറ്റൊന്ന്. ഇത് സംഘടനയെ ബാധിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മുകുന്ദൻ ചൂണ്ടിക്കാട്ടി. ഗുരുതര പ്രതിസന്ധിയാണ് സംസ്ഥാന ബിജെപിയിലുള്ളത്. പ്രവർത്തകരിൽ ഹിതപരിശോധന നടത്തി നേതൃമാറ്റം വരുത്തണം. അല്ലെങ്കിൽ പരിവാർ സംഘടനകളെയാകെ ബാധിക്കുമെന്ന് മുകുന്ദൻ പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ പ്രസക്തിതന്നെ ചോദ്യ ചെയ്യപ്പെടുകയാണ് പ്രവർത്തകരിൽ കടുത്ത നിരാശയാണ് ദൃശ്യമാകുന്നത്. ഈ രീതിയിൽ. മുന്നോട്ടുപോകാൻ പാടുപെടേണ്ടിവരുമെന്നും മുകുന്ദൻ ചൂണ്ടിക്കാട്ടി. ഇത്തരം വിമർശനങ്ങളോടൊപ്പം കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതു മുതൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ പലരും സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന ആരോപണവും പി.കെ.കൃഷ്ണദാസ് വിഭാഗം ഉയർത്തുന്നുണ്ട്.

സുരേന്ദ്രനുമായി ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനെയുൾപ്പെടെ തങ്ങളുടെ പക്ഷത്ത് നിർത്തി പോരാടാനാണ് കൃഷ്ണദാസും കുട്ടരും ഒരുങ്ങുന്നത്. ഇതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ദയനീയ തോൽവി ചർച്ച ചെയ്യുന്നതിനായി ബിജെപി കോർ കമ്മിറ്റി യോഗമോ ഉന്നതാധികാര സമിതി യോഗമോ ഇതുവരെ ചേർന്നിട്ടില്ല. ഓൺലൈൻ മാത്രമേ ഇതുവരെ യോഗം ചേർന്നിട്ടുള്ളു. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും ഒളിച്ചോടുന്നതിനാണ് നേതൃത്വം യോഗം വിളിക്കാത്തതെന്നാണ് ഔദ്യോഗിക വിഭാഗത്തെ എതിർക്കുന്ന വർ പറയുന്നത്.