ബംഗളൂരു: മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചെടുത്തുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ വൻ കുതിപ്പാണ് നടത്തിയത് എന്നാൽ കേരളവും കർണാടകവും തമിഴ്‌നാടും ആന്ധ്രയുമുൾപ്പെടെ ദക്ഷിണേന്ത്യയിൽ ക്‌ളച്ച് പിടിക്കാത്തതിന്റെ ക്ഷീണമുണ്ട് ബിജെപിക്ക്. കർണാടകത്തിൽ ഭരണം പിടിച്ചുകൊണ്ട് ഇതിനൊരു മാറ്റം വരുത്താമെന്ന പ്രീക്ഷയിൽ പാർട്ടി നേതൃത്വം അതിനായി നീക്കങ്ങൾ ശക്തമാക്കിയിരിക്കുകായാണ് ഇപ്പോൾ.

കർണാടക തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഹൈടെക് പ്രചരണം നടത്താനാണ് ബിജെപി കേന്ദ്രനേതൃത്വം ഒരുങ്ങുന്നത്. ഇതിനായി ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ 25,000ൽ പരം വൊളന്റിയർമാരെയാണ് പ്രവർത്തനത്തിനായി പരിശീലിപ്പിക്കുന്നത്. കോൺഗ്രസിന്റെ കൈപ്പിടിയിൽനിന്ന് ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കണമെന്നാണ് അണികൾക്ക് നൽകിയ നിർദ്ദേശം . ഹൈടെക് പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ പാർട്ടി സന്ദേശങ്ങളും നിലപാടുകളും ജനങ്ങളിലെത്തിക്കാൻ 5000 വാട്‌സ്ആപ് ഗ്രൂപ്പുകളും സജ്ജീകരിക്കും.

ഇതിനായി ആറു മാസങ്ങൾക്കുമുൻപേ വൊളന്റിയർമാർക്കു പരിശീലനം നൽകിത്തുടങ്ങി. ബിജെപിയുടെ ഐടി സെൽ 2007 മുതൽ പ്രവർത്തനം തുടങ്ങിയതാണ്. അന്നുമുതൽ സമൂഹമാധ്യമങ്ങൾ പാർട്ടിക്ക് ഉതകുന്നരീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് ബിജെപിയുടെ സമൂഹമാധ്യമ സെല്ലിന്റെ തലവൻ ബാലാജി ശ്രീനിവാസ് വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലെ ജനങ്ങൾക്കുവേണ്ടി വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഉണ്ടാക്കുന്നത്. ഇതുവരെ 2,000ൽ പരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നും ബാലാജി വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ബിജെപി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2013ൽ അന്നു മുഖ്യമന്ത്രിയായിരിക്കെ അഴിമതിയിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് യെഡിയൂരപ്പയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. നിലവിൽ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെങ്കിലും അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല.

ബിജെപിയുടെ പ്രകടനപത്രികയും കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും എടുത്തുകാട്ടിയുള്ള പ്രചരണമാണ് വാട്ട്‌സ്ആപ്പ് വഴി നടത്താൻ വൊളന്റിയർമാർക്കു നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിൽ അംഗങ്ങളായിരിക്കുന്നവർക്ക് ചിത്രങ്ങളും അനിമേഷനുകളും ലഭിച്ചുതുടങ്ങിയിട്ടുമുണ്ട്. ഗ്രൂപ്പുകളുടെ അഡ്‌മിനിസ്‌ട്രേറ്റർമാരായി ഓരോ നിയോജക മണ്ഡലത്തിലും 100 വൊളന്റിയർമാരെയെങ്കിലും സംഘടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ വാട്ട്‌സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചരണം ബിജെപിയെ വലിയതോതിൽ സഹായിച്ചിരുന്നു. ഇത്തരത്തിൽ ചിട്ടയായ പ്രവർത്തനം നടത്തുകയും കർണാടകത്തിലെ ഭരണവിരുദ്ധ വികാരം മുതലെടുക്കുകയും ചെയ്താൽ അനായാസം സംസ്ഥാനം കൈപ്പിടിയിൽ ഒതുക്കാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.