- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണർ സ്ഥാനത്ത് വർഷമൊന്ന് കഴിഞ്ഞപ്പോൾ എഫ്ബിയിൽ കുറിച്ചു: മടങ്ങാൻ മോഹം; പി.എസ്.ശ്രീധരൻ പിള്ള നാളെ കേരളത്തിലേക്ക്; രണ്ടുപരിപാടികളിൽ ഒന്ന് മോഹൻ ഭാഗവത്തിനൊപ്പം; ആർഎസ്എസ് മേധാവിയെ മിസോറാം ഗവർണർ കാണുന്നത് ഓർത്ത് നെഞ്ചിടിച്ച് വി.മുരളീധര പക്ഷം; സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പിസം കലങ്ങിമറിയുമ്പോൾ നാളത്തെ വരവിൽ ശ്രീധരൻ പിള്ള ലക്ഷ്യം വയ്ക്കുന്നതെന്ത്?
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കിയതിനു പിന്നാലെ മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നാളെ കേരളത്തിലെത്തുന്നു. മിസോറാം ഗവർണർ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കിയ ശേഷമുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ശ്രീധരൻപിള്ള കേരളത്തിൽ സജീവമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ ലക്ഷ്യമിട്ടാണ് പിള്ളയുടെ വരവ് എന്ന് ബിജെപിയിൽ തന്നെ ശ്രുതിയുണ്ട്. വിഭാഗീയതയിൽ കേരള ബിജെപി ആടിയുലയുകയും പ്രസിഡന്റ് സ്ഥാനത്ത് കെ.സുരേന്ദ്രന് ശോഭിക്കാൻ കഴിയുകയും ചെയ്യാത്ത അവസ്ഥയിലാണ് പിള്ള നാളെ കേരളത്തിൽ കാലുകുത്തുന്നത്. രണ്ടേ രണ്ടു പരിപാടികളാണ് ശ്രീധരൻ പിള്ളയ്ക്ക് ഈ വരവിൽ ഉള്ളത്. ഇതിൽ ഒരു പരിപാടി കേരള ബിജെപി രാഷ്ട്രീയത്തെ സംബന്ധിച്ച് നിർണ്ണായക പരിപാടിയാണ്. മിസോറം ഗവർണർ ശ്രീധരൻ പിള്ളയും ആർഎസ്എസ് ചീഫ് മോഹൻ ഭാഗവതും ഒരുമിച്ച് വരുന്ന കോയമ്പത്തൂർ പരിപാടിയാണിത്.
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എം.ഡിയായിരുന്ന ഡോ. പി.ആർ കൃഷ്ണകുമാർ അനുസ്മരണമാണിത്. കോയമ്പത്തൂരെ പരിപാടി മിസോറാം ഗവർണർ ആയ ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യപ്രാസംഗികൻ ആർഎസ്എസ് ചീഫ് മോഹൻ ഭാഗവതാണ്. കൃഷ്ണകുമാറുമായുള്ള ഉറ്റബന്ധം നിമിത്തമാണ് മോഹൻ ഭാഗവത് അനുസ്മരണ ചടങ്ങിനു കോയമ്പത്തൂർ എത്തുന്നത്. ചില പ്രമുഖ വ്യക്തിത്വങ്ങൾ കൂടി ഈ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. കേരളത്തിലെ ബിജെപി രാഷ്ട്രീയം തൊഴുത്തിൽക്കുത്തുക്കളുടെ വിളനിലമാകുന്നതിൽ കടുത്ത അതൃപ്തിയാണ് മോഹൻ ഭാഗവതിനുള്ളത്. കേരളത്തിലെ പ്രശ്നങ്ങൾ പല തവണ കേന്ദ്ര ആർഎസ്എസിൽ ചർച്ചാ വിഷയമായതുമാണ്.
തകർച്ചയ്ക്ക് കാരണം ഗ്രൂപ്പ് പോരുകൾ
ബിജെപിക്ക് കേരള രാഷ്ട്രീയത്തിൽ ഒന്നുമാകാൻ കഴിയാത്തത് ഗ്രൂപ്പ് പോരുകളിൽ കേരള ബിജെപി കുടുങ്ങിക്കിടക്കുന്നത് കാരണമാണെന്ന് മോഹൻ ഭാഗവതിനു അറിയാം. മോഹൻ ഭാഗവതും ശ്രീധരൻ പിള്ളയും തമ്മിൽ ഒരു ഒരു കൂടിക്കാഴ്ച നടന്നാൽ അതിൽ കേരള രാഷ്ട്രീയത്തിലെ ഉൾപ്പിരിവുകളും ബിജെപിയിലെ ഒടുങ്ങാത്ത ഗ്രൂപ്പിസവും കടന്നുവരും. ബിജെപിയിലെ ഉൾപ്പോരുകളെക്കുറിച്ച് സമഗ്ര ചിത്രം കൈവശമുള്ളയാളാണ് ശ്രീധരൻ പിള്ള. അതുകൊണ്ട് തന്നെ മോഹൻ ഭാഗവതും ശ്രീധരൻ പിള്ളയും ഒരുമിച്ച് വരുന്ന കോയമ്പത്തൂർ പരിപാടി ചങ്കിടിപ്പോടെയാണ് മുരളീധര ഗ്രൂപ്പ് നോക്കിക്കാണുന്നത്.
ഒരു കൂടിക്കാഴ്ചയിൽ ശ്രീധരൻ പിള്ള പലതും തുറന്നു പറഞ്ഞാൽ അത് ഒരു പക്ഷെ കേരളത്തിലെ മുരളീധര ഗ്രൂപ്പിന് വൻ തിരിച്ചടിയായി മാറിയേക്കാവുന്ന സാഹചര്യം ഒരുത്തിരിഞ്ഞു വന്നേക്കും. കെ.സുരേന്ദ്രൻ പലപ്പോഴും പ്രതികരിക്കുന്നത് വി.മുരളീധരന് എതിരെ സിപിഎമ്മിൽ നിന്നും വരുന്ന എതിർപ്പുകളെ പ്രതിരോധിക്കാനാണ്. നയതന്ത്ര വഴിയിലെ സ്വർണ്ണക്കടത്തിൽ കേന്ദ്ര വിദേശ സഹമന്ത്രിയായ വി.മുരളീധരന്റെ പല പ്രസ്താവനകളും വിവാദമായി.
നയതന്ത്ര ബാഗിൽ അല്ല സ്വർണം വന്നത് എന്ന് വരെ പ്രസ്താവിച്ച മുരളീധരൻ സുഷമാ സ്വരാജ് ഇരുന്നു ഭരിച്ച കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വില കളഞ്ഞു എന്ന ആരോപണം ബിജെപിയിലും പരിവാർ വൃത്തങ്ങളിലും ശക്തമാണ്. കാര്യങ്ങൾ നിക്ഷ്പക്ഷതയോടെ നോക്കിക്കാണുകയും പ്രതികരണം നടത്തുകയും ചെയ്യേണ്ടിയിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസ്താവനകൾ പലതും മുരളീധരനോടുള്ള വിധേയത്വത്തിന്റെ കൊടിയടയാളമായി മാറി എന്നാണ് പരിവാറിൽ ഉയരുന്ന വിമർശനം.
നേതാക്കൾ ഒരു വഴിയെ; സുരേന്ദ്രൻ വേറെ വഴിയേ
ഒപ്പമുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകാൻ സുരേന്ദ്രന് കഴിയുന്നില്ല എന്നാണ് പൊതുവായ വിമർശനം. ഈ വിമർശനത്തെ അടിവരയിട്ട പ്രശ്നങ്ങളാണ് ഇപ്പോൾ ബിജെപിയിൽ നടക്കുന്നതും. ഇത് ശ്രീധരൻ പിള്ള മോഹൻ ഭാഗവതിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നാൽ അത് കേരള ബിജെപിയിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് ഇടനൽകിയേക്കും. സ്മിതാ മേനോൻ വിവാദം കേരളത്തിലെ ബിജെപിക്ക് വൻ ചലനങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സ്മിതാ മേനോൻ വിവാദത്തിൽ വി.മുരളീധരൻ ഉൾപ്പെട്ടത് കേരളത്തിലെ പരിവാർ നേതൃത്വത്തിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. നാണക്കേടായ വിവാദം എന്നാണു നേതാക്കൾ തന്നെ പരസ്പരമുള്ള ചർച്ചകളിൽ സ്മിതാ മേനോൻ വിവാദത്തെ വിശേഷിപ്പിച്ചത്.
ഒരു കൂടിക്കാഴ്ചയിൽ ഇതെല്ലാം ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടുകയും മോഹൻ ഭാഗവത് എന്തെങ്കിലും തീരുമാനം കൈക്കൊള്ളുകയും ചെയ്താൽ അത് കേരള ബിജെപിയിൽ നടപ്പാകുകയും ചെയ്യും. അതുകൊണ്ട് തന്നെ കൊയമ്പത്തൂരിലെ പരിപാടിയും ശ്രീധരൻ പിള്ളയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്മെല്ലാം ആശങ്കകളോടെയാണ് മുരളീധര ഗ്രൂപ്പ് നോക്കിക്കാണുന്നത്. കേരളത്തിലെ ബിജെപിയുടെ അവസ്ഥ കുത്തഴിഞ്ഞ നിലയിലാണ് പോകുന്നതും.ബിജെപിയിലെ നേതാക്കളെ ഒപ്പം കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് സുരേന്ദ്രന് എതിരെയുള്ള പ്രധാന പരാതി.
കോർകമ്മറ്റിയിൽ പുറത്തായപ്പോൾ ശോഭയുടെ കലാപക്കൊടി
എ.എൻ.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും ഉപാധ്യക്ഷന്മാർ ആയിരിക്കെ രാധാകൃഷ്ണൻ ബിജെപി കോർ കമ്മറ്റിയിൽ വന്നു. നേരത്തെ കോർ കമ്മിറ്റിയിൽ തുടർന്നിരുന്ന ശോഭ പുറത്തുമായി. സുരേന്ദ്രൻ പ്രസിഡന്റ് ആയി വന്നത് മുതൽ നിസ്സഹകരണവുമായി മുന്നോട്ടു പോയ നേതാവാണ് ശോഭ. കോർ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി നിർത്തിയത് മുതൽ കലാപക്കൊടിയുയർത്തി ഒഴിഞ്ഞു മാറി നിൽക്കുകയാണ് ശോഭ.
ഇവർ ബിജെപിയിൽ തുടരുമോ സിപിഎമ്മിലേക്ക് പോകുമോ എന്നൊന്നും പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. ശോഭയ്ക്ക് തൊട്ടു പിന്നാലെ ബിജെപി മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ മുതിർന്ന നേതാവ് പി.എം വേലായുധൻ വൈകാരിക ക്ഷോഭം നിമിത്തം സുരേന്ദ്രന് എതിരെ പൊട്ടിത്തെറിച്ച് ഇന്നു രംഗത്ത് വന്നിരിക്കുന്നത്. രണ്ടു പേരും പരസ്യ പ്രതികരണവുമായി വന്നത് സുരേന്ദ്രന് എതിരെയാണ്. പാർട്ടി ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു പറ്റിച്ചുവെന്നാണ് വേലായുധൻ പറഞ്ഞത്. ദളിതനായ തന്നെ സുരേന്ദ്രൻ അകറ്റി നിർത്തി എന്നും വേലായുധൻ ആരോപിച്ചു. സംസ്ഥാന ബിജെപിയിലെ ഏറ്റവും തലമുതിർന്ന നേതാക്കളിൽ ഒരാളാണ് മുൻ ഉപാധ്യക്ഷനായ വേലായുധൻ.
നട തള്ളിയെന്നു വേലായുധൻ
'മക്കൾ വളർന്ന് അവർ ശേഷിയിലേക്ക് വരുമ്പോൾ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിലേക്ക് കൊണ്ടിട്ട പോലയാണ് ഇത്. എന്നെപ്പോലെ ഒട്ടേറെ പേർ ഇതുപോലെ വീടുകളിൽ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. അടിയന്തരാവസ്ഥയുടെ സമയത്ത് സമരം ചെയ്ത് തല്ലുകൊണ്ട് ജയിലിൽ കിടന്നു. രണ്ട് ജയിലിലാണ് കിടന്നത്. ഒരു ആശയത്തിൽ ഉറച്ചുനിന്നതാണ്. പക്ഷേ ഇന്ന് വളരെ വേദനയുണ്ട്' , വിഷണ്ണവദനനായി വേലായുധൻ പ്രതികരിച്ചു.
കെ. സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാൻ ശ്രമിക്കുകയാണെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. ഇത് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും പരാതി നൽകി. സംസ്ഥാന ജനറൽസെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗമായും താൻ തുടരുമ്പോഴാണ് കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായി ചുമതലയേൽക്കുന്നതെന്നും ശോഭ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പൊട്ടിത്തെറിയിലേക്ക് കെ.പി.ശ്രീശനും
അവഗണന നേരിടുന്നവരെ ഒന്നിച്ചുചേർത്ത് ശോഭാ സുരേന്ദ്രൻ അടുത്തിടെ പാർട്ടിക്കുള്ളിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. പാലക്കാട് ബിജെപിയിൽ നിന്ന് ശോഭ അനുകൂലികൾ രാജിവെക്കുകയും ചെയ്തു. അപ്പുറത്ത് കെ.പി.ശ്രീശനും പൊട്ടിത്തെറിക്ക് ഉള്ള കോപ്പ് കൂട്ടുന്നതായി സൂചന വരുന്നു.സംസ്ഥാന ബിജെപി ഗ്രൂപ്പ് പോരുകളിൽ ആടിയുലഞ്ഞു നിൽക്കുമ്പോഴാണ് സുരേന്ദ്രന് തൊട്ടു മുൻപേ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ശ്രീധരൻ പിള്ള നാളെ കേരളത്തിൽ നിലംതൊടുന്നത്. പിള്ള പങ്കെടുക്കുന്ന പരിപാടിയാണെങ്കിൽ മോഹൻ ഭാഗവതുമായി ഒരുമിച്ചുള്ളതും. കേരളത്തിൽ മടങ്ങണമെന്ന ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനു തൊട്ടുപിന്നാലെയുള്ള പിള്ളയുടെ നീക്കങ്ങൾ അതുകൊണ്ട് തന്നെ മുരളീധര പക്ഷത്തിന്റെ ചങ്കിടിപ്പ് കൂട്ടുകയാണ്.
ശ്രീധരൻ പിള്ളയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
വർഷമൊന്നു പൂർത്തിയായി:
ഗവർണ്ണർ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിന്റെ പ്രയാണത്തിൽ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമെന്ന് ഈ വിനീതൻ ആത്മാർത്ഥമായും കരുതുന്നു. മഹാമാരിക്കും മൗനത്തിനുമിടയിൽ എല്ലാവർക്കും നന്ദി ! ആരോടുമില്ല പരിഭവം !
അന്ന് നിയമനം വാർത്തയായപ്പോൾ മിസോറാമിലെ പത്രങ്ങളും പ്രതിപക്ഷപ്പാർട്ടിയും എതിർപ്പോടെ എഴുതി ' Mizoram , now is a dumping place for Hindu fundamentalists'. കഴിഞ്ഞ ഓഗസ്റ്റിൽ എന്റെ മൂന്നു പുസ്തകങ്ങൾ ഐസ്വാളിൽ പുറത്തിറക്കിക്കൊണ്ട് അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ പാർട്ടി അദ്ധ്യക്ഷനും, ഒപ്പം പ്രാദേശിക പാർട്ടിക്കാരനായ മുഖ്യമന്ത്രിയും ഒക്കെ മിസ്സോറാമിനു കിട്ടിയ വലിയ ബഹുമതിയായി ഗവർണ്ണറെ ചിത്രീകരിച്ചത് വാർത്തയായപ്പോഴും നിസ്സംഗത്വമായിരുന്നു എന്റെ പ്രതികരണം. മിസ്സോറാമിനു സ്നേഹം നൽകാനും അവരിൽ നിന്നു സ്നേഹം കിട്ടാനുമായതിൽ ചാരിതാർത്ഥ്യം...
കഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി ഗൃഹാതുരത്വം എന്നിലുണർത്തിയത് രണ്ടു ഫോൺ സന്ദേശങ്ങളായിരുന്നു. ആദ്യത്തേത് എന്റെ മകൻ അഡ്വ: അർജ്ജുന്റേതായിരുന്നു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ സീനിയർ പ്രോസിക്യൂട്ടർമാരായ രണ്ടു പേരും അവനെ വിളിച്ച് എന്നെ അകമഴിഞ്ഞ് അഭിനന്ദിച്ചതായും ,ആ വിവരം അച്ഛനെ അറിയിക്കണമെന്നും അവർ പറഞ്ഞു.
ഞാൻ പാലക്കാട്ട് പ്രതികൾക്കു വേണ്ടി ട്രയൽ നടത്തിയ ഒരു ഇരട്ടക്കൊലപാതക്കേസിന്റെ അപ്പീലിനായി ഫയൽ പഠിച്ചപ്പോഴും, വാദം നടത്തിയപ്പോഴും അവർക്കു തോന്നിയ മതിപ്പാണ് അവരിലൂടെ പ്രതിഫലിച്ചത്. ഞാൻ നന്നായി പ്രതിഭാഗത്തിനായി അധ്വാനിച്ചെങ്കിലും ഹൈക്കോടതിയിലെ അപ്പീൽ പ്രോസിക്യൂഷനനുകൂലമാകുമെന്നു പറയാനും അവർ മറന്നില്ല.
എന്നാൽ കേസ്സിന്റെ വിധി വന്നപ്പോൾ എല്ലാ പ്രതികളെയും ബഹു: ഹൈക്കോടതി വിട്ടയച്ചു. അന്നു രാത്രി എനിക്കൊരു വിളി വന്നു. മിസ്സോറാമിലെ കൊടും തണുപ്പിലും എന്റെ മനസ്സിന് ചൂടും ചൂരും പകർന്നു കിട്ടിയ ഫോൺകോൾ! പ്രശസ്ത സീനിയർ ക്രിമിനൽ അഭിഭാഷകൻ ബി രാമൻപിള്ള സാറായിരുന്നു മറുതലയ്ക്കൽ.
'വിധി അറിഞ്ഞിട്ടുണ്ടാകുമെന്നറിയാം, എന്നാൽ അസ്സലായി ട്രയൽ നടത്തിയതിനഭിനന്ദിക്കാനാണ് വിളിച്ചതെന്ന് ' സാർ പറഞ്ഞപ്പോൾ എന്റെ സന്തോഷം ആകാശത്തോളമുയർന്നു. പാലക്കാട്ട് ആറ് മാസത്തോളം തുടർച്ചയായി ചിലവഴിച്ച് നടത്തിയ പ്രമാദമായ ഒരു കേസ്സായിരുന്നു അത്. കേസ് അനന്തമായി നീണ്ടപ്പോൾ അവസാനഘട്ടത്തിൽ നൽകിയ ഫീസൊക്കെയും വേണ്ടെന്നു പറഞ്ഞതും ഞാനോർത്തുപോയി !
ഗവർണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിന്റെ കോണിലെവിടെയോ അങ്കുരിച്ചുവോ? കഴിഞ്ഞ കൊല്ലം ഈ ദിവസം ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.
എല്ലാവർക്കും നന്ദി - നമസ്കാരം
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.