- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയെ പരാജയപ്പെടുത്താൻ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ കഴിയില്ല; ഒരു പാർട്ടി ആഗ്രഹിക്കുന്നുവെങ്കിൽ അത് രണ്ടാം മുന്നണിയായി ഉയർന്നുവരണം; കോൺഗ്രസ് രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയെന്നും പ്രശാന്ത് കിഷോർ
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ കഴിയുമെന്ന് കരുതുന്നില്ലെന്നും ഒരു രണ്ടാം മുന്നണി ഉയർന്നു വരണമെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ അഭിപ്രായ പ്രകടനം.ബിജെപിയെ പരാജയപ്പെടുത്താൻ ഒരു പാർട്ടി ആഗ്രഹിക്കുന്നുവെങ്കിൽ അത് രണ്ടാം മുന്നണിയായി ഉയർന്നുവരണമെന്നും പ്രശാന്ത് കിഷോർ പറയുന്നു
2024ലെ പൊതുതിരഞ്ഞെടുപ്പിൽ രാജ്യത്തെ മൂന്നാം മുന്നണിയായി വളരാൻ മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനേയും സഹായിക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെയാണോ രണ്ടാം മുന്നണിയായി കണക്കാക്കുന്നത് എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന് കൈമാറിയ നിർദ്ദേശങ്ങൾ ബിജെപിയെ എങ്ങനെ തോൽപ്പിക്കും എന്നതിനെ കുറിച്ചില്ല, കോൺഗ്രസിന് എങ്ങനെ വിജയിക്കാം എന്നത് സംബന്ധിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ' കോൺഗ്രസിന്റെ പ്രതാപകാലം എങ്ങനെ വീണ്ടെടുക്കണം എന്നതിനെക്കുറിച്ചായിരുന്നു എന്റെ ബ്ലൂപ്രിന്റ്. അത് ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളിൽ വിജയിക്കലല്ല. രാജ്യത്ത് ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതാണ്.
മോദിയെ എങ്ങനെ പരാജയപ്പെടുത്തണം എന്നല്ല, എങ്ങനെ വിജയിക്കാം എന്നതാണ് അത്. രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ബിജെപി ശക്തമായ നിലയിൽ തുടരുമെങ്കിലും അവർ അജയ്യരല്ല. കോൺഗ്രസിന് ഉയിർത്തെഴുന്നേൽക്കാൻ സാധിച്ചാൽ അത് ജനാധിപത്യത്തിന് നല്ലതായിരിക്കും.-പ്രശാന്ത് കിഷോർ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ വിശദീകരിച്ച് 9 മണിക്കൂർ അവതരണമാണു താൻ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ നടത്തിയതെന്നും സോണിയ ഗാന്ധി മാത്രമാണ് അതു പൂർണമായി കണ്ടതെന്നും പ്രശാന്ത് കിഷോർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നേതൃത്വവുമായി 3 തവണ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയും സന്നിഹിതനായിരുന്നു. രാഹുൽ ഉൾപ്പെടെയുള്ള നേതാക്കൾ തന്റെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്തുവെന്നും പ്രശാന്ത് വ്യക്തമാക്കി. സോണിയ വിളിച്ചാൽ ചർച്ചകൾ പുനരാരംഭിക്കാൻ തയാറാണെന്ന സൂചനയും അദ്ദേഹം നൽകി.
അഭിമുഖത്തിൽ കോൺഗ്രസിനെ പ്രശംസിച്ചെങ്കിലും പാർട്ടിയിൽ പ്രതീക്ഷയുണ്ടെന്ന് അഭിപ്രായപ്പെട്ടെങ്കിലും കോൺഗ്രസിൽ ചേരാനുള്ള വാഗ്ദാനം പ്രശാന്ത് കിഷോർ നിരസിച്ചിരുന്നു.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സോണിയ രൂപീകരിച്ച ഉന്നതാധികാരസമിതിയിലെ അംഗം മാത്രമായി തന്നെ ഉൾപ്പെടുത്താനുള്ള തീരുമാനമാണു കോൺഗ്രസുമായി വഴിപിരിയാൻ പ്രശാന്തിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. നിർണായക തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള പദവി ആണു പ്രതീക്ഷിച്ചിരുന്നത്.
(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതിനാൽ നാളെ(01 -05 -2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല - എഡിറ്റർ)




