- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യ ചെയ്ത ഉദ്യോഗാർഥിയുടെ മൃതദേഹവുമായി ക്ലിഫ് ഹൗസ് വഴിയിൽ ബിജെപിയുടെ പ്രതിഷേധം; ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു; സർക്കാരിന്റെ പ്രതിനിധികൾ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി; ഉദ്യോഗാർഥിയുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരവാദിയെന്ന് ആരോപിച്ചു ബിജെപി; കുടുംബത്തിലെ മറ്റൊരാൾക്ക് സർക്കാർ ജോലി കൊടുക്കണമെന്ന് വി വി രാജേഷ്
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ മൃതദേഹവുമായി ബിജെപിയുടെ പ്രതിഷേധം. ക്ലിഫ് ഹൗസിലേക്കുള്ള വഴിയിലാണ് ബിജെപി പ്രതിഷേധവുമായി രംഗത്തു വന്നത്. പ്രതിഷേധ മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. സർക്കാരിന്റെ പ്രതിനിധികൾ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ അനുവിന്റെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി.
അനുവിന്റെ കുടുംബത്തിലെ ആൾക്ക് ജോലി കൊടുക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധം നടത്തിയതെന്നും സർക്കാരിന്റെ പ്രതിനിധികൾ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ അനുവിന്റെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണെന്നും ബിജെപി തിരുവനന്തപുരം ജില്ലാസെക്രട്ടറി വി.വി രാജേഷ് അറിയിച്ചു.
അതേസമയം നിരവധി യുവജന സംഘടനകൾ സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധവുമായി എത്തി. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു. എബിവിപി, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് എന്നീ സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്
മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലർക്കും പരിക്കേറ്റു. സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ രണ്ട് യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഞായറാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം തുടങ്ങിയിരുന്നു. എബിവിപി പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. അവർ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരാൾക്ക് പരിക്കേറ്റു.
തൊട്ടുപിന്നാലെയാണ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. അവരും സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ രണ്ട് വനിതാ പ്രവർത്തകർ മതിൽ ചാടിക്കടന്ന് സെക്രട്ടേറിയറ്റിന് അകത്തെത്തി. അവരെ പിന്നീട് വനിതാ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. അതേസമയം കോവിഡ് മൂലം നിയമനം നടക്കാത്ത സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കെങ്കിലും നീട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തേ പി എസ് സി നിമമനം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത അനുവിന്റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. കുടുംബത്തിൽ മറ്റൊരാൾക്ക് ജോലി നൽകണമെന്നും, സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളും സർക്കാരിനും പി എസ് സിക്കും എതിരെ രംഗത്തെത്തി. ആത്മഹത്യക്ക് കാരണം സർക്കാരാണെന്നും പി എസ് സിയെ സർക്കാർ അട്ടിമറിച്ചെന്നും ചെയർമാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.ബക്കറ്റിൽ തൊഴിൽ എടുത്ത് വച്ചിട്ടില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, പി.എസ്.സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്നും കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രതികരണം.
നിയമനങ്ങളിലെ കാലതാമസവും റാങ്ക് പട്ടികകളെ നോക്കു കുത്തിയാക്കിയുള്ള പിൻവാതിൽ നിയമനങ്ങളുമെല്ലാം വീണ്ടും ചർച്ചയാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥ ചർച്ചയായിട്ടും ആശങ്ക തീർക്കുന്നതിന് പതരം മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗാർത്ഥികളെ വിലക്കുമെന്ന് ഭീഷണിവരെ മുഴക്കി പിഎസ്സി. കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കാരക്കോണത്ത് ഉദ്യോഗാർഥിയുടെ ആത്മഹത്യ. പിഎസ്സി നടപടികളെ മുഖ്യമന്ത്രി തന്നെ പരസ്യമായി പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദി സർക്കാരാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഒഴിവുകൾ ഇല്ലാതിരുന്നതുകൊണ്ടാണ് അനുവിന് നിയമനം കിട്ടാതെ പോയതെന്നാണ് പിഎസ്സി വിശീദകരണം. 2019ൽ നിലവിൽ വന്ന 3205 അംഗ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കേവലം 416 നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ