തിരുവനന്തപുരം: ആശയക്കുഴപ്പത്തിനിടെ ബിജെപിയുടെ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക മാർച്ച് അഞ്ചിന് പ്രഖ്യാപിക്കും. നൂറ് സീറ്റുകളിൽ ബിജെപി മത്സരിക്കും. ബി.ഡി.ജെ.എസിന് നാൽപ്പതിൽ താഴെ സീറ്റുകൾ മാത്രമേ നൽകു. നടൻ സുരേഷ് ഗോപിക്ക് നേമം ഒഴികെ ഏത് സീറ്റും നൽകും. സുരേഷ് ഗോപി മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. തനിക്ക് കഴക്കൂട്ടം സീറ്റ് നൽകണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ബിജെപിക്ക് പുതിയ തലവേദനയാവുകയാണ്. രാജഗോപാൽ മത്സരത്തിൽ നിന്ന് പിന്മാറിയാൽ ഒരു സീറ്റിലും ബിജെപിക്ക് ലഭിക്കില്ലെന്ന വിലയിരുത്തൽ ആർഎസ്എസ് നേതൃത്വത്തിനുണ്ട്. എന്നാൽ നേമത്തേക്ക് കുമ്മനം രാജശേഖരനെ പരിഗണിച്ചതാണ് രാജഗോപാലിനെ ചൊടുപ്പിച്ചത്. ഈ സാഹചര്യത്തിൽ മത്സരിക്കാനില്ലെന്നാണ് മുതിർന്ന നേതാവിന്റെ നിലപാട്.

തെരഞ്ഞെടുപ്പിൽ ഇനി മൽസരിക്കാനില്ലെന്ന് രാജഗോപാൽ പരസ്യമായി പറയുകയും ചെയ്തു. മറ്റുള്ളവർക്ക് അവസരം നൽകണമെന്നും മൽസരിക്കാൻ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ലെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേമത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണു നല്ല സ്ഥാനാർത്ഥി രാജഗോപാൽ പറഞ്ഞു. ഇത് ബിജെപിയെ സമ്മർദ്ദത്തിലാക്കി. നിലവിലെ സാഹചര്യത്തിൽ കുമ്മനം നിന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രാജഗോപാൽ നേമത്തു സ്ഥാനാർത്ഥിയാകണമെന്നു പാർട്ടി കേന്ദ്ര നേതൃത്വം അഭ്യർത്ഥിച്ചു. മൽസരിക്കാൻ താൽപര്യമില്ലെന്നു രാജഗോപാൽ നേരത്തേ കേന്ദ്ര നേതൃത്വത്തേയും അറിയിച്ചിരുന്നു.

ഇന്നു ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹത്തോട് സ്ഥാനാർത്ഥിയാകാൻ പാർട്ടി ഔപചാരികമായി ആവശ്യപ്പെടും. ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക അഞ്ചിനു പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. പട്ടിക തയാറാക്കാനായി സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയുടെ യോഗം അഞ്ചിനു ചേരും. തർക്കങ്ങൾ സൃഷ്ടിക്കാതെ പ്രമുഖ നേതാക്കൾക്കു താൽപര്യമുള്ള മണ്ഡലങ്ങൾ നൽകണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. അതിനിടെ കഴക്കൂട്ടം ഒഴികെയുള്ള മണ്ഡലങ്ങളിലൊന്നും സ്ഥാനാർത്ഥിയാകാൻ തനിക്കു താൽപര്യമില്ലെന്നു വി. മുരളീധരൻ നേതൃത്വത്തെ അറിയിച്ചു. മുരളീധര പക്ഷക്കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു മഞ്ചേശ്വരം അല്ലെങ്കിൽ കാസർകോട് മണ്ഡലത്തിലാണു താൽപര്യമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപിയിൽ തർക്കവിഷയമായ പി.പി. മുകുന്ദന്റെ സ്ഥാനാർത്ഥിത്വ വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസുമായി സീറ്റു വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും വി. മുരളീധരനുമാകും ബിഡിജെഎസുമായി ചർച്ച നടത്തുക. പി.സി. തോമസ്, കേരള വികാസ് കോൺഗ്രസ് പാർട്ടി നേതാവ് ജോസ് ചെമ്പേരി എന്നിവരുമായി സഖ്യചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സഖ്യകക്ഷികൾക്കു വിട്ടു കൊടുക്കാവുന്ന സീറ്റുകളെ കുറിച്ച് ഇന്നു ചേരുന്ന ബിജെപി കോർ ഗ്രൂപ്പ് യോഗത്തിൽ ധാരണയാകും. എൻഡിഎയിൽ ഏറ്റവുമധികം സീറ്റുകളിൽ ബിജെപി മൽസരിക്കണമെന്ന നിലപാടിലാണു പാർട്ടി നേതൃത്വം. എഴുപതോളം സീറ്റുകളിൽ പാർട്ടി മൽസരിച്ചേക്കും. പിസി തോമസിനെ പാലയിൽ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കിനില്ലെന്ന നിലപാടിലുറച്ചു സുരേഷ് ഗോപി. ഇക്കാര്യം ബിജെപി നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എൻ.എഫ്.ഡി.സി. ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാഴായതാണ് ഇതിന് കാരണം. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതും ബിജെപിക്ക് പ്രതിസന്ധിയായി തുടരുന്നു. ഏറെ വിജയസാധ്യതയുള്ള വട്ടിയൂർകാവാണ് സുരേഷ് ഗോപിക്ക് മത്സരിക്കാനായി ബിജെപി നിർദ്ദേശിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതും സുരേഷ് ഗോപിയുടെ പിന്മാറ്റത്തിനു കാരണമായിട്ടുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാർട്ടി മുൻ വക്താവും സെക്രട്ടറിയുമായ വി.വി. രാജേഷിനെ പരിഗണിക്കാനാണു സാധ്യത. ഏത് സീറ്റിൽ വേണമെങ്കിലും മത്സരിക്കാൻ അവസരമൊരുക്കമെന്ന് ഇപ്പോഴും സുരേഷ് ഗോപിയോട് ബിജെപി നേതാക്കൾ പറയുന്നു.

ബിജെപി സ്ഥാനാർത്ഥികളായി ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, സംവിധായകരായ രാജസേനൻ, മേജർ രവി എന്നിവരേയും പരിഗണിക്കുന്നുണ്ട്. മാധവൻനായർ തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കുമെന്നാണ് സൂചന. എം ടി. രമേശ്, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പിഎസ് ശ്രീധരൻിപള്ള, പികെ ക്ൃഷണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും പ്രധാന സീറ്റുകളിൽ മത്സരിക്കും.