ന്യൂഡൽഹി: അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടിയെ തുടർന്ന് ചുവടുമാറ്റത്തിനൊരുങ്ങി ബിജെപി. ബിജെപിയെ അട്ടിമറിച്ച് ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്കു പിടിച്ചു നിൽക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ കോപ്പുകൂട്ടുന്ന തിരക്കിലാണ് നേതൃത്വങ്ങൾ. കകോൺഗ്രസിന് വിജയപാത ഒരുക്കിയ ഹിന്ദിമേഖലയിലെ അടിയൊഴുക്കുകൾക്കു തടയിടാനാണ് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രമിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ 65 സീറ്റുകളിൽ 62 ഉം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കാണു ലഭിച്ചത്. യുപി ഉൾപ്പെടെ എട്ടു പ്രമുഖ സംസ്ഥാനങ്ങളിൽ നിന്നു മാത്രം നേടിയത് 221 സീറ്റ്.

നയങ്ങളിൽ വ്യക്തത കൈവരിക്കാതെ മോദിയുടെ പ്രസംഗം കൊണ്ടും പദ്ധതികൾ കൊണ്ടും മാത്രം പാർട്ടി ജനങ്ങൾക്കിടയിൽ വേരൂന്നില്ലെന്ന തിരിച്ചറിവും നേതൃത്വത്തിന് ഉണ്ടായിട്ടുണ്ട്. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ സന്ദേശം ജനങ്ങളിലെത്തിച്ച് പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെത്തിച്ച് ക്രിയാത്മക പ്രചാരണത്തിലേക്ക് തിരിയാനാണ് അമിത് ഷാ നിർദ്ദേശിച്ചിരിക്കുന്നത്. നഗരങ്ങളിൽ പാർട്ടിക്ക് അനുയായികൾ ഏറെയാണെങ്കിലും ഗ്രാമീണ മേഖലയിൽ മോദി പ്രഭാവം വേണ്ടരീതിയിൽ എത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം.

മുമ്പെങ്ങുമില്ലാത്ത വിധം പ്രതിപക്ഷ ഐക്യത്തെ ഗൗരവമായി കാണണമെന്ന നിർദ്ദേശവും പാർട്ടിയിൽ ഉരുത്തിരിഞ്ഞു. കോൺഗ്രസിനോട് കൈകോർത്ത് കേന്ദ്രത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന പ്രാദേശിക പാർട്ടികളും ടിഡിപിയുടെ നേതൃത്വത്തിൽ വിശാലസഖ്യം രൂപപ്പെടുമെന്നുമുള്ള ആശങ്ക ബിജെപിയെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. ഇത്തരം നയപരമായ തീരുമാങ്ങൾ സംബന്ധച്ച് അടുത്ത മാസം പതിനൊന്നിനും പന്ത്രണ്ടിനും ദേശീയകൗൺസിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്.

പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ അടുത്ത മാസം 19, 20 തീയതികളിൽ പട്ടികജാതി മോർച്ച യോഗം നാഗ്പുരിൽ. ഫെബ്രുവരി 2,3 തീയതികളിൽ പട്ടികവർഗ മോർച്ച ഭുവനേശ്വറിൽ. ഒബിസി യുവമോർച്ച ഫെബ്രുവരി 15, 16 തീയതികളിൽ പട്‌നയിലും യോഗം ചേരും.

അമിത് ഷാ രൂപം നൽകുന്ന ദേശീയ കർമപരിപാടികളുടെ ഭാഗമാണു യോഗങ്ങൾ. ജനുവരി മുതൽ പ്രധാനമന്ത്രിയും പ്രമുഖ നേതാക്കളും രാജ്യവ്യാപകമായി നടത്തുന്ന വിപുല പ്രചാരണപരിപാടികളും ഇതിന്റെ ഭാഗമാണ്.നിയമസഭാ തിരഞ്ഞെടുപ്പു തോൽവികളുടെ പശ്ചാത്തലത്തിലായിരുന്നു യോഗമെങ്കിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു മുഖ്യ ചർച്ചാവിഷയമെന്നു പാർട്ടി ജനറൽ സെക്രട്ടറി ഭുപേന്ദ്ര യാദവ് പറഞ്ഞു.

അമിത ആത്മവിശ്വാസം കാത്ത ബിജെപിക്ക് നോട്ടുനിരോധനവും കർഷകവിരുദ്ധ നയങ്ങളും മൂലം ഗ്രാമീണ മേഖലയെ തങ്ങളിൽ നിന്ന് അകറ്റുകയായിരുന്നു എന്നു തിരിച്ചറിവ് ഇപ്പോൾ വന്നിട്ടുണ്ട്. ബിജെപിക്കും മോദിക്കും നഗരങ്ങളിൽ ഉള്ളത്ര സ്വീകാര്യത ഇപ്പോഴും ഗ്രാമീണജനതകൾക്കിടയിൽ നേടാൻ സാധിക്കാത്തത് ഒരു ന്യൂനതയായി പാർട്ടി കാണുന്നുണ്ട്. ഗ്രാമീണ മേഖലയെ ആകർഷിക്കുന്നതിനായി ഉജ്ജ്വല ഗ്യാസ് സ്‌കീം, റൂറൽ ഹൗസിങ്, ഫാം ഇൻഷ്വറൻസ്, മുദ്ര ബാങ്ക് ലോണുകൾ, കർഷകർക്ക് താങ്ങുവില എന്നിവ പ്രഖ്യാപിച്ചെങ്കിലും ഇവ മിക്കവയും പൂർണമായും പ്രാബല്യത്തിൽ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടില്ല. കൂടാതെ പദ്ധതികൾ നടപ്പിൽ വരുത്തിത്തുടങ്ങിയത് 2017 പകുതിക്കു ശേഷമാണെന്നതും പദ്ധതി നടപ്പിലാക്കൽ വളരെ മന്ദഗതിയിലായതും ഇവയുടെ ശോഭ കെടുത്തി.

ഗ്രാമീണ വോട്ടർമാർക്ക് കോൺഗ്രസിനോടുള്ള ചരിത്രപരമായ ചായ്വും ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. മധ്യവർഗത്തിലുള്ള വോട്ടർമാർ ബിജെപിക്ക് കടുത്ത പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഗ്രാമീണമേഖലയെ കൂടെ നിർത്താൻ ബിജെപിക്കും മോദിപ്രഭാവത്തിനും ഒരുപരിധി വരെ സാധിച്ചിട്ടില്ല എന്നുവേണം പറയാൻ. സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ പേരിൽ നഗരവാസികളെ ആകർഷിക്കാൻ സാധിക്കുമെങ്കിലും കാർഷികമേഖലയിലുള്ളവർക്കും ഗ്രാമീണവാസികൾക്കും മോദിയുടെ ഈ തുറുപ്പ് ചീട്ട് ഇവിടെ വേണ്ടവിധത്തിൽ പ്രയോജനത്തിൽ വരുന്നില്ല.

ബിജെപി ഭരിച്ച മധ്യപ്രദേശിലും സ്ഥിതി വിഭിന്നമായിരുന്നില്ല. ശിവ് രാജ് സിങ് ചൗഹാന് മികച്ച വ്യക്തിപ്രഭാവമുണ്ടായിരുന്നെങ്കിലും പാർട്ടിക്ക് ഗ്രാമീണമേഖലയിലുള്ള സ്വാധീനം വളരെ കുറവാണെന്ന് ബിജെപി തന്നെ രഹസ്യമായി സമ്മതിച്ച കാര്യമാണ്.