- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1991ലും 96ലും ബിജെപിക്കു വിജയം കൈവിട്ടതു ചെർക്കളത്തിന്റെ തന്ത്രങ്ങളുടെ വിജയം; ആർഎസ്എസിന്റെ എതിർപ്പ് ഇക്കുറിയും പാരയാകും: അനായാസം അക്കൗണ്ട് തുറക്കാൻ സാധിക്കുന്ന മഞ്ചേശ്വരത്തു ബിജെപിക്കു പിഴയ്ക്കുന്നതെവിടെ?
കാസർകോട്: മുസ്ലിം ലീഗ് നേതാവ് ചെർക്കളം അബ്ദുള്ളയുടെ തന്ത്രങ്ങളുടെ വിജയമാണ് ഏറെ പ്രതീക്ഷയുള്ള മഞ്ചേശ്വരത്തു ബിജെപിക്കു തിരിച്ചടിയാകുന്നത്. 1991ലും 1996ലും മഞ്ചേശ്വരത്തു ജയം ഉറപ്പിച്ചെത്തിയ ബിജെപിയെ തറപറ്റിച്ചത് ചെർക്കളം എന്ന നേതാവിന്റെ തന്ത്രങ്ങൾ തന്നെയാണ്. ബിജെപിയുടെ ദേശീയ - സംസ്ഥാന നേതാക്കളെല്ലാം തന്നെ ഇവിടെ കൊണ്ടുപിടിച്ച ശ്രമം നടത്തിയിട്ടും വിജയം അകന്നുനിന്നു. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും വെങ്കയ്യ നായിഡുവും എല്ലാ അടവുകളും ഇവിടെ പയറ്റിയതാണ്. എന്നിട്ടും സംഘപരിവാർ പ്രതീക്ഷകൾ തകർന്നടിഞ്ഞത് മണ്ഡലത്തിൽ ചെർക്കളം അബ്ദുല്ലയുടെ രംഗപ്രവേശംകാരണമാണ്. ഇക്കുറി ആർഎസ്എസിന്റെ എതിർപ്പും മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിക്കു തിരിച്ചടിയാകുമെന്ന സൂചനയാണുള്ളത്. കർണാടകയിൽ ഒരു പതിറ്റാണ്ടിലേറെ ഭരണം നടത്തിയ ബിജെപി അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്തെ കാവി പുതപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ നിരന്തരം പരാജയപ്പെടുകയായിരുന്നു. 1980ൽ ആദ്യ അങ്കത്തിൽ പരാജയപ്പെട്ടെങ്കിലും 1987 മുതൽ 2006 വരെയുള്ള 19 വർഷം ഈ മണ്ഡലത്തെ
കാസർകോട്: മുസ്ലിം ലീഗ് നേതാവ് ചെർക്കളം അബ്ദുള്ളയുടെ തന്ത്രങ്ങളുടെ വിജയമാണ് ഏറെ പ്രതീക്ഷയുള്ള മഞ്ചേശ്വരത്തു ബിജെപിക്കു തിരിച്ചടിയാകുന്നത്. 1991ലും 1996ലും മഞ്ചേശ്വരത്തു ജയം ഉറപ്പിച്ചെത്തിയ ബിജെപിയെ തറപറ്റിച്ചത് ചെർക്കളം എന്ന നേതാവിന്റെ തന്ത്രങ്ങൾ തന്നെയാണ്.
ബിജെപിയുടെ ദേശീയ - സംസ്ഥാന നേതാക്കളെല്ലാം തന്നെ ഇവിടെ കൊണ്ടുപിടിച്ച ശ്രമം നടത്തിയിട്ടും വിജയം അകന്നുനിന്നു. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും വെങ്കയ്യ നായിഡുവും എല്ലാ അടവുകളും ഇവിടെ പയറ്റിയതാണ്. എന്നിട്ടും സംഘപരിവാർ പ്രതീക്ഷകൾ തകർന്നടിഞ്ഞത് മണ്ഡലത്തിൽ ചെർക്കളം അബ്ദുല്ലയുടെ രംഗപ്രവേശംകാരണമാണ്. ഇക്കുറി ആർഎസ്എസിന്റെ എതിർപ്പും മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിക്കു തിരിച്ചടിയാകുമെന്ന സൂചനയാണുള്ളത്.
കർണാടകയിൽ ഒരു പതിറ്റാണ്ടിലേറെ ഭരണം നടത്തിയ ബിജെപി അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്തെ കാവി പുതപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ നിരന്തരം പരാജയപ്പെടുകയായിരുന്നു. 1980ൽ ആദ്യ അങ്കത്തിൽ പരാജയപ്പെട്ടെങ്കിലും 1987 മുതൽ 2006 വരെയുള്ള 19 വർഷം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ചെർക്കളം അബ്ദുല്ലയായിരുന്നു.
1987ൽ ബിജെപിയിലെ ശങ്കര ആൾവയെ 6203 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണു ചെർക്കളം ജൈത്രയാത്ര തുടങ്ങിയത്. 1991ൽ മണ്ഡലത്തിൽ താമര വിരിയിക്കാൻ ബിജെപി ഇറക്കിയതു സംസ്ഥാന പ്രസിഡന്റ് കെ ജി മാരാരെത്തന്നെയാണ്. പക്ഷേ, വിജയം ചെർക്കളയ്‌ക്കൊപ്പം നിന്നു. 1100 വോട്ടുകൾക്കു ചെർക്കളം കെ ജി മാരാരെ പരാജയപ്പെടുത്തി.
1996ൽ ബിജെപിയിലെ ബാലകൃഷ്ണ ഷെട്ടിയെ 2292 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ചെർക്കളം മണ്ഡലം നിലനിർത്തിയത്. 2001ൽ ദേശീയ നേതാവായ സി കെ പത്മനാഭനെയാണ് ബിജെപി കളത്തിലിറക്കിയത്. ബിജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കളും ദേശീയ മാദ്ധ്യമങ്ങളും താമര വിരിയുമെന്ന് ഏറെ പ്രതീക്ഷിച്ചെങ്കിലും 13,188 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ചെർക്കളം ജയിച്ചത്. 2006ൽ സിപിഎമ്മാണ് ഇവിടെ വിജയിച്ചത്. ചെർക്കളത്തെ 5000ൽപ്പരം വോട്ടിനു സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു പരാജയപ്പെടുത്തുകയായിരുന്നു. പാർട്ടിയിലെ പടലപ്പിണക്കങ്ങൾ ചെർക്കളത്തിനു വിനയാകുകയായിരുന്നു. എന്നിട്ടും മുൻ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്ന ബിജെപിക്ക് ഇവിടെ മൂന്നാം സ്ഥാനത്തേക്കു വീഴാനായിരുന്നു യോഗം. പാർട്ടിയും ആർഎസ്എസും തമ്മിലുള്ള ചേർച്ചയില്ലായ്മയാണ് ഇതിനു കാരണമെന്നാണു സൂചന.
2011ൽ വീണ്ടും മുസ്ലിം ലീഗ് സ്ഥാനാർത്ഥി വിജയിച്ചു. പി ബി അബ്ദുൾ റസാഖാണു മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്. രണ്ടാമതെത്തിയതു ബിജെപിയിലെ കെ സുരേന്ദ്രൻ. തോൽവി 6000ത്തോളം വോട്ടിന്. വിജയപ്രതീക്ഷ ഉയർത്തിയശേഷമാണു ഇക്കുറിയും ബിജെപി കീഴടങ്ങിയത്. വിജയിക്കാൻ കഴിയുന്ന മണ്ഡലമായിട്ടും ഇതുവരെ അതിനു സാധിക്കാതെ പോകുന്നതിൽ കടുത്ത നിരാശയിലാണു ബിജെപി ക്യാമ്പ്. ഇക്കുറിയും കെ സുരേന്ദ്രൻ തന്നെയാണു ബിജെപിക്കായി ഇവിടെ മത്സരിക്കുന്നത്. ആർഎസ്എസുമായുള്ള സ്വരച്ചേർച്ചയില്ലായ്മ ഇവിടെ ഇക്കുറിയും ബിജെപിക്കു വിനയാകുമോ എന്നു ഫലം പ്രഖ്യാപിക്കുമ്പോൾ വ്യക്തമാകും.