തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾ ഉൾപ്പെടെ പത്തിടത്താണ് ബിജെപി ഏറ്റവും കൂടുതൽ ജയസാധ്യത കാണുന്നത്. അതിൽ വിജയസാധ്യത ഏറെയുള്ളത് നേമത്തും. എന്നാൽ തിരുവനന്തപുരത്തെ മണ്ഡലങ്ങളിൽ ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയാവുകയാണ്. നേമത്ത് മത്സരിക്കാനില്ലെന്ന രാജഗോപാലിന്റെ നിലപാടാണ് ഇതിന് കാരണം. തമിഴ്‌നാട് ഗവർണ്ണർ റോസയ്യ ഉടൻ വിരമിക്കും. ഈ പദവി രാജഗോപാലിന് നൽകാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എൺപത്തിയാറാം വയസ്സിൽ ഓടി നടന്ന് മത്സരത്തിനില്ലെന്നാണ് രാജഗോപാലിന്റെ പക്ഷം. തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം പറയുന്നതിന് കാരണം ഇതാണ്.

രാജഗോപാൽ ഉറച്ച നിലപാട് എടുക്കുന്നതിനാൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് കഴിയുന്നുമില്ല. എന്നാൽ, കഴക്കൂട്ടത്തു മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും ചെങ്ങന്നൂരിൽ പി.എസ്. ശ്രീധരൻപിള്ളയും പാലക്കാട്ടു ശോഭാ സുരേന്ദ്രനും കോഴിക്കോട് നോർത്തിൽ എം ടി. രമേശും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും കുന്നമംഗലത്തു സി.കെ. പത്മനാഭനും മൽസരിക്കാൻ ധാരണയായി. മേൽക്കൈ നേടാമെന്നു പ്രതീക്ഷയുള്ള നേമം, തിരുവനന്തപുരം, വട്ടിയൂർക്കാവ് സീറ്റുകളിലൊന്നിൽ രാജഗോപാൽ മൽസരിക്കണമെന്ന ആവശ്യമാണു കോർ കമ്മിറ്റിയിൽ ശക്തമായി ഉയർന്നത്. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലൊന്നു രാജഗോപാൽ സ്വീകരിച്ചാൽ മറ്റു രണ്ടിൽ ഏതെങ്കിലുമൊന്നിൽ കുമ്മനം മൽസരിച്ചേക്കും.

അതിനിടെ കേന്ദ്രത്തിൽനിന്നു തന്നെ ശക്തമായ സമ്മർദം ഉണ്ടായാൽ രാജഗോപാൽ മൽസരിക്കാൻ തയാറായേക്കുമെന്നാണു മറ്റുള്ളവരുടെ പ്രതീക്ഷ. ഇനി ബിഡിജെഎസിന്റെ നിലപാടുകൾ അറിഞ്ഞ ശേഷമേ ബിജെപി സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കൂ. രാജഗോപാലിനെ അനുനയിപ്പിക്കാനും നീക്കം സജീവമാണ്. സംസ്ഥാന ആർഎസ്എസിലെ പ്രമുഖർ ഇതിനായി രംഗത്തിറങ്ങും. ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള സമയത്ത് രാജഗോപാൽ മാറി നിൽക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തൽ.

കുമ്മനം രാജശേഖരൻ പ്രസിഡന്റായതോടെയാണ് രാജഗോപാലിന്റെ പിണക്കം തുടങ്ങുന്നത്. നേമത്തേക്ക് കുമ്മനത്തെ പരിഗണിക്കുന്നുവെന്ന വാർത്തയായിരുന്നു ഇതിന് കാരണം. ഈ സാഹചര്യത്തിൽ താൻ മത്സരിക്കുന്നില്ല. കുമ്മനം നേമത്തേക്ക് മത്സരിക്കട്ടേ എന്നാണ് ബിജെപി നിലപാട്. നേമത്ത് വിജയിച്ച് ജയിച്ചാൽ ഗവർണ്ണർ സ്ഥാനവും നഷ്ടമാകും. നേരത്തെ എംപിയായിരുന്ന തനിക്ക് എംഎൽഎ സ്ഥാനത്തിനപ്പുറം പലതിനും അർഹതയുണ്ട്. അതുകൊണ്ട് ഗവർണ്ണറാക്കണമെന്നതാമ് രാജഗോപാലിന്റെ നിലപാട്. ഈ വ്യവസ്ഥയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകാനും രാജഗോപാൽ തയ്യാറാകുമെന്നാണ് സൂചന.

എന്നാൽ മത്സരിച്ചേ പറ്റൂവെന്നാണ് കുമ്മനം ഇപ്പോൾ പറയുന്നത്. നേമത്ത് താൻ മത്സരിക്കില്ലെന്നും രാജഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ വി മുരളീധരനും രാജഗോപാൽ മത്സരിക്കണമെന്ന പക്ഷക്കാരനാണ്.