- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ജനതയ്ക്ക് കൈയടിച്ച മോദി കേരള സർക്കാറിനെ പ്രശംസിച്ചില്ല; ഗൾഫിലെ ജയിലിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞതും വന്ദേഭാരത് മിഷനും പരാമർശിച്ചു; ഇനി ശ്രദ്ധിക്കേണ്ടത് പ്രാദേശിക ടൂറിസത്തിലെന്ന് ഉപദേശവും; മോദിയുടെ പ്രസംഗത്തിൽ നിറഞ്ഞത് ബിജെപിയുടെ 'മിഷൻ കേരള'
കൊച്ചി: സംസ്ഥാനത്തിന് വേണ്ടതെല്ലാം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാണ്. അതിന് സഹകരിച്ചു പോകുകയാണ് വേണ്ടത്. ഇന്ന് കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 6100 കോടിയുടെ വികസന പദ്ധികൾ ഉദ്ഘാടനം ചെയ്തതിനൊപ്പം ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഉദ്ഘാടനം കൂടിയാണ് സാങ്കേതികമായി നടത്തിയത്. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ കേരള സർക്കാറിനെ പ്രസംഗിച്ചാൽ അതും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമെന്ന് ബോധ്യമുള്ള മോദി പ്രസംഗത്തിൽ ശ്രദ്ധിച്ചത് കേരള സർക്കാറിനെ പുകഴ്ത്താതിരിക്കാൻ ആയിരുന്നു. മറിച്ച് കേന്ദ്രം കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെ എടുത്തു പറയുകയും ചെയ്തു. കേരള ജനതയ്ക്ക് കൈയടിച്ച മോദി സർക്കാറിനെ പുകഴ്ത്തിയില്ല.
കേരളത്തിൽ പ്രവാസി വിഷയം അടക്കം നിർണായകമാണെന്നിരിക്കവേ അതേക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. കേന്ദ്ര പ്രവാസികാര്യ മന്ത്രി കൂടിയായ വി മുരളീധരന്റെ കീഴിൽ നടത്തിയ പ്രവര്ത്തനങ്ങളെ കുറിച്ചായിരുന്നു മോദി പ്രസംഗത്തിൽ ഹൈലൈറ്റ് ചെയ്തു കാണിച്ചത് എന്നതും ശ്രദ്ധേമായി. ഇതെല്ലാം ബിജെപിയുടെ 'മിഷൻ കേരള'യുടെ തുടക്കമായി മാറുകയായരുന്നു.
പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കോവിഡ് കാലത്ത് വന്ദേ ഭാരത് മിഷൻ വഴി 50 ലക്ഷത്തോളം പേരെ രാജ്യത്തെത്തിച്ചു. ഇതിൽ വലിയൊരളവ് കേരളത്തിൽ നിന്നുള്ളവരാണ്. അവർക്കായി പ്രവർത്തിക്കാൻ രാജ്യത്തിന് കഴിഞ്ഞതായി മോദി പറഞ്ഞു. ഗൾഫിലെ ജയിലിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞു. ഇവർക്കായി ശബ്ദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. ഗൾഫിലെ ഇന്ത്യാക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഒപ്പമുണ്ടാകുമെന്നും സ്വയം പര്യാപ്ത ഭാരതം കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും മോദി കൂട്ടിച്ചേർത്തു.
എറണാകുളം അമ്പലമുഗളിൽ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആർ.ഇ.പി) അനുബന്ധമായി സ്ഥാപിച്ച പി.ഡി.പി.പി., കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തുറമുഖ ട്രസ്റ്റ് നിർമ്മിച്ച 'സാഗരിക' അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ എന്നിവയുടെ കമ്മിഷനിംഗാണ് മോദി നിർവഹിച്ചത്. കേരളത്തിന്റെ വികസനത്തിന് ഊർജം പകരാൻ ഉതകുന്നതാണ് സമർപ്പിക്കപ്പെട്ട പദ്ധതികളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ആധുനികമായിട്ടുള്ള റിഫൈനറികളിലൊന്നാണ് കൊച്ചി എണ്ണശുദ്ധീകരണശാല. അതേകൊച്ചിയിൽ പുതിയൊരു സംരംഭം കൂടിയാണ് പെട്രോകെമിക്കൽ കോംപ്ളക്സിലൂടെ സാദ്ധ്യമാകുന്നത്. നാടിന്റെ സ്വയം പര്യാപ്തതയ്ക്കും, വിദേശനാണ്യശേഖരണത്തിനും ഇത് വഴിയൊരുക്കും. നിരവധി അനുബന്ധ വ്യവസായങ്ങളും, തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.റോ റോ പദ്ധതി യാഥാർത്യമാകുന്നതോടെ കൊച്ചിക്കാർക്ക് യാത്രാസമയം ഏറെ ലാഭിക്കാൻ കഴിയും.
കരയിലൂടെയുള്ള 30 കിലോമീറ്റർ യാത്ര വെറും മൂന്ന് കിലോമീറ്ററായി ചുരുങ്ങും. 'സാഗരിക' അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ കൊച്ചിൻ ടൂറിസത്തിന് വമ്പൻ സാദ്ധ്യത തുറന്നുനൽകും. വർഷത്തിൽ ഒരു ലക്ഷത്തിലേറെ വിനോദ സഞ്ചാരികൾക്ക് സൗകര്യമൊരുക്കാൻ സാഗരികയക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.സംരംഭകരായ ചെറുപ്പക്കാർ വിനോദ സഞ്ചാര മേഖലയക്ക് ഉത്തേജനം പകരുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി ശക്തമായതോടെ പലരും രാജ്യാന്തര യാത്ര അവസാനിപ്പിച്ചു. അതോടെ പ്രാദേശിക ടൂറിസത്തിനാണ് അവസരം ലഭിച്ചത്. ഇതൊരു വലിയ സാധ്യതയായി കാണണം. പ്രാദേശികമായുള്ള ടൂറിസം ഓരോ മേഖലയെയും ശക്തമാക്കും. യുവത്വവും സംസ്കാരവും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഇതിലൂടെ സാധിക്കും. ഒട്ടേറെ സ്റ്റാർട്ടപ്പുകളാണ് നമുക്കു ചുറ്റുമുള്ളത്. അവർ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ വിഭാവനം ചെയ്യണം. ചുറ്റുമുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടെ വികസനത്തിനുള്ള സാധ്യത മനസ്സിലാക്കണം.
അതിനായി ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിച്ച്, അതിന്റെ വികസന സാദ്ധ്യതകൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ കേന്ദ്രസർക്കാർ ഒരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കൊച്ചിൻ ഷിപ്പ്യാർഡിലെ വിജ്ഞാന സാഗർ. നൈപുണ്യ വികസനത്തിന്റെ ഭാഗമാണ് വിജ്ഞാന സാഗർ എന്ന പഠന കേന്ദ്രം. മറൈൻ എഞ്ചിനീയറിങ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ അനുഗ്രഹം തന്നെയാണ് വിജ്ഞാന സാഗർ എന്നും മോദി കൂട്ടിച്ചർത്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, തുറമുഖ സഹമന്ത്രി മൻസുഖ് എൽ. മാണ്ഡവ്യ തുടങ്ങിയവർ പങ്കെടുത്തു. 6,000 കോടി രൂപ ചെലവിട്ടാണ് പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രൊജക്ട് (പി.ഡി.പി.പി) ഒരുക്കിയത്. നിഷ് പെട്രോകെമിക്കലുകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എൽ. നിലവിൽ, നിഷ് പെട്രോകെമിക്കലുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വർഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. അക്രിലിക് ആസിഡ്, അക്രിലേറ്റ്, ഓക്സോ ആൽക്കഹോൾസ് എന്നിവയാണ് പി.ഡി.പി.പിയിൽ ഉത്പാദിപ്പിക്കുന്നത്. ഐ.ആർ.ഇ.പി 2019 ജനുവരിയിൽ പ്രധാനമന്ത്രി മോദി നാടിന് സമർപ്പിച്ചിരുന്നു.
റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണാക്കിയ കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പദ്ധതിയാണിത്. ഐ.ആർ.ഇ.പിയുടെ നിർമ്മാണഘട്ടത്തിൽ 20,000 പേർക്ക് പരോക്ഷമായി തൊഴിൽ ലഭിച്ചു. ഐ.ആർ.ഇ.പിയിൽ നിന്നാണ് പി.ഡി.പി.പി ക്ക് അസംസ്കൃത വസ്തുവായ പ്രൊപ്പീലിൻ ലഭ്യമാക്കുന്നത്.കൊച്ചി തുറമുഖ ട്രസ്റ്റ് എറണാകുളം വാർഫിൽ പൂർത്തിയാക്കിയ പുതിയ അന്താരാഷ്ട്ര ക്രൂസ് ടെർമിനലിന്റെ നിർമ്മാണച്ചെലവ് 25.72 കോടി രൂപയാണ്. നിലവിൽ 250 മീറ്റർ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ അടുക്കുന്നത്. പുതിയ ടെർമിനലിൽ 420 മീറ്റർ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാം. 12,500 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെർമിനസിൽ ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്റ്റംസ് ക്ലിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്രി കൗണ്ടറുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, വൈഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും. കസ്റ്റംസ് ക്ലിയറിംഗും ഒരു കുടക്കീഴിൽ തന്നെ പൂർത്തിയാക്കാം.
മറുനാടന് മലയാളി ബ്യൂറോ