ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ജവഹർലാൽ നെഹ്!റു യൂണിവേഴ്‌സിറ്റി(ജെഎൻയു)യുടെ വൈസ് ചാൻസിലറായേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സ്വാമിയെ ഈ സ്ഥാനത്തേക്ക് ക്ഷണിച്ചതായും എന്നാൽ അദ്ദേഹം ചില നിബന്ധനകൾ മുന്നോട്ടുവച്ചതായും റിപ്പോർട്ടുകളുണ്ട്. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നീക്കമെന്നും ആക്ഷേപമുണ്ട്. കാലിക്കറ്റ് വിസി നിയമനത്തിന് യുജിസി മാനദണ്ഡങ്ങൾ വേണമെന്ന് നിലപാട് എടുക്കുമ്പോഴാണ് ഈ ഇരട്ടത്താപ്പ്.

ജെഎൻയു വിസിയാകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനുമായി സുബ്രഹ്മണ്യൻ സ്വാമിയുമായി സംസാരിച്ചിരുന്നു. എന്നാൽ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും തന്നെ ഉണ്ടായിട്ടില്ല. പുതിയ വിസി സ്ഥാനത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേന്ദ്ര മന്ത്രാലയം നേരത്തെ പരസ്യം ചെയ്തിരുന്നു. 65 വയസ്സായിരുന്നു അപേക്ഷിക്കാനുള്ള പ്രായപരിധി. ഇത്തരത്തിൽ ലഭിച്ച അപേക്ഷകളിൽ നിന്നും വിസിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ പുതിയ നീക്കം. നിലവിലെ വിസിയായ എസ്.കെ. സോപോറി അടുത്ത വർഷം ജനുവരിയിലാണ് വിരമിക്കുന്നത്.

അതേസമയം, തനിക്ക് ജെഎൻയു വൈസ് ചാൻസിലർ സ്ഥാനം കേന്ദ്ര മന്ത്രാലയം വാഗ്ദാനം ചെയ്തതായി മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. തനിക്കിതുവരെ ഔദ്യോഗികമായി ഒരു ക്ഷണവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെഎൻയുവിൽ രാഷ്ട്രീയ നിയമന്തതിന് ബിജെപി തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ഇത് എതിർപ്പുകൾക്ക് വകവയ്ക്കാനിടയുണ്ട്. എന്നാൽ സുബ്രഹ്മണ്യം സ്വാമിയുടെ വിദ്യാഭ്യാസ യോഗ്യതകളെ ഉയർത്തി ഇതിനെ പ്രതിരോധിക്കാനാണ് നീക്കം. ബിജെപിക്ക് വേണ്ടി വാദമുയർത്തി നീങ്ങുന്ന സുബ്രഹ്മണ്യം സ്വാമിയെ വൈസ് ചാൻസലറാക്കുന്നതിനെ കോൺഗ്രസും ഇടതുപക്ഷവും എതിർക്കും. കലാലയങ്ങളെ രാഷ്ട്രീയവൽക്കരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് ഇവരുടെ ആക്ഷേപം.

വെസ് ചാൻസലർ ആകാൻ 10 വർഷത്തെ പ്രഫസർ പദവിയോ തത്തുല്യ യോഗ്യതയോ വേണമെന്നാണു യുജിസി നിബന്ധന. കാലിക്കറ്റ് വിസിക്കായി ഇതിൽ നിർബന്ധം പിടിക്കുന്ന യുജിസിക്ക് ജെഎൻയുവിൽ അത്തരത്തിലൊരു ആവശ്യമില്ല. കാലിക്കറ്റിൽ മുസ്ലിം ലീഗ് നോമിനെ വിസിയാക്കുന്നത് തടയാനാണ് നിബന്ധന നിർബന്ധമാക്കിയതെന്നാണ് ആക്ഷേപം. ഇവിടേയും ബിജെപിക്കാരെ നിയമിക്കാനാണ് അണിയറ നീക്കം.