കണ്ണൂർ: തലശ്ശേരി സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം നിഷേധിച്ച് ബിജെപി. പുന്നോൽ കൊലപാതകവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് പറഞ്ഞു. പ്രതികളെ പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും പൊലീസിന്റെ ജോലി സിപിഐഎം എടുക്കേണ്ടെന്നും ഹരിദാസ് വിമർശിച്ചു.

പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബിജെപിക്ക് പറയാനുള്ളത്. പാർട്ടി സമാധാനത്തിനാണ് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും പ്രദേശത്തെ പ്രശ്‌നങ്ങളൊക്കെയും സിപിഐഎം ഏകപക്ഷീയമായി ഉണ്ടാക്കിയതാണെന്നും എത്രയോ പ്രകോപനപരമായ പ്രശ്‌നങ്ങൾ സിപിഐഎം ഉണ്ടാക്കിയിട്ട് പോലും സംയമനം പാലിക്കണമെന്ന് അണികൾക്ക് നിർദ്ദേശം കൊടുത്ത പാർട്ടിയാണ് ബിജെപി എന്നും ഹരിദാസ് പറഞ്ഞു.

അതേസമയം കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം നേതൃത്വം. തലശേരി മേഖലയിലെ ബിജെപി നേതാവും നഗരസഭാ പ്രതിപക്ഷ നേതാവുമായ ലിജേഷിനെ ഉന്നം വച്ചാണ് സിപിഎം നേതാക്കൾ രംഗത്തുള്ളത്. ലിജിഷിനെ സോഷ്യൽ മീഡിയയിലുടെ കൊലപാതകത്തിന് കാരണക്കാരനെന്ന മുദ്രകുത്തിയാണ് ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ. തലശേരി മേഖലയിലെ ജനസ്വാധീനമുള്ള യുവനേതാക്കളിലൊരാളാണ് മണ്ഡലം സെക്രട്ടറി കുടിയലിജേഷ്. തലശേരി നഗരസഭയിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനും ബിജെപിയെ മുഖ്യ പ്രതിപക്ഷമാക്കാനും ലിജേഷിന്റെ പ്രവർത്തന മികവിന് കഴിഞ്ഞു.

സിപിഎം കോട്ടയായ തലശേരി നഗരസഭയിൽ സിപിഎം ഭരണ സമിതിക്കെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് ലിജേഷിന്റെ നേതൃത്വത്തിൽ നടത്തിയത്.ഇതാകട്ടെ സിപിഎമ്മിന് തീരാതല വേദനയാവുകയും ചെയ്തു. ഇപ്പോൾ പുന്നോൽ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ലിജേഷിന്റെ പ്രസംഗമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത് സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജനടക്കമുള്ളവർ ഇതു ചുണ്ടിക്കാട്ടി രംഗത്തു വന്നിട്ടുണ്ട്.

പുന്നോലിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധയോഗത്തിൽ ബിജെപി നേതാവ് ലിജേഷ് പ്രകോപനപരമായി പ്രസംഗം നടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. തലശേരി നഗരസഭാ പ്രതിപക്ഷ നേതാവും ബിജെപി മണ്ഡലം സെക്രട്ടറിയുമായ ലിജേഷിന്റെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കോടിയേരി മേഖലയിൽ പുർണമായും തകർക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ കൊടും ക്രിമിനലുകളായ രണ്ടു പേർ നേതൃത്വം നൽകിയെന്നാണ് ലിജേഷ് ആരോപിക്കുന്നത്.

കഴിഞ്ഞ കുറെക്കാലമായി ഈ പ്രദേശത്ത് രാഷ്ട്രീയ 'ഭിന്നതയേയില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് പുന്നോൽ ഭാഗത്ത് കോടിയേരി മേഖലയിൽ നമ്മുടെ പ്രവർത്തകരെ കൊടും ക്രിമിനലുകളായ രണ്ട6 പേർ കൈ വെച്ചിട്ട് അതു എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം എന്നാൽ രണ്ട് കൊടും ക്രിമിനലുകളുടെ തോന്ന്യാസത്തിന് വഴങ്ങി സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്തിന്റെ സ്വസ്ഥത നശിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജനകീയമായി ഇതിനെ നേരിടാൻ തന്നെയാണ് തീരുമാനം.

ഒരു പ്രദേശത്തിന്റെ അന്തരീക്ഷം പുർണമായി തകർക്കാനാണ് നമ്മുടെ സഹപ്രവർത്തകരെ അക്ര മിച്ച 'സംഭവം വളരെ വൈകാരികമായാണ് സംഘ പരിവാർ പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത് ഒരു കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവർത്തകരുടെ മേൽ കൈ വെച്ചിട്ട് അതു ഏതു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത് ഞങ്ങൾക്കറിയാം അതിന്റെ ചരിത്രം സി .പി എമ്മിന്റെ നേതാക്കൾക്കറിയാം. അതു ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടാനാണ് സമാധാന സന്ദേശവുമായി പ്രതിഷേധ പ്രകടനം നടത്തുന്നത്.കഴിഞ്ഞ ദിവസം കൊയ്യാൽ ക്ഷേത്ര മഹോത്സവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ലിജേഷ് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണവുമായി സിപിഎം സൈബർ ഗ്രുപ്പുകളിൽ വ്യാപക പ്രചരണം നടത്തുന്നത്. തലശേരി മേഖലയിൽ സിപിഎമ്മിന്റെ കടുത്ത വിമർശകരിലൊരാളാണ് പ്രതിപക്ഷ നേതാവായ ലിജേഷ് '

അതേസമയം സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. സ്ഥലത്ത് അക്രമസാധ്യതയുള്ളതിനാൽ പുന്നോലിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു കണ്ണൂർ തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടത്. തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാണ് (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം.

സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ് മരിച്ച ഹരിദാസൻ. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് കൊലനടത്തിയതെന്നാണ് റിപ്പോർട്ട്. ഹരിദാസന്റെ വീടിന്റെ മുന്നിൽവെച്ച് ഒരു സംഘം ആൾക്കാൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. മൃതദേഹത്തിൽ നിരവധി വെട്ടുകൾ ഏറ്റിട്ടുണ്ട്.