ന്യൂഡൽഹി: സഞ്ജയ് ലീലാ ബൻസാലി ചിത്രം 'പത്മാവതി'യുടെ റിലീസ് നീട്ടി വെക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ബിജെപി സമീപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഐ.കെ ജഡേജയാണ് രാജ്പുത് സമുദായത്തിന്റെ വികാരം വ്രണപ്പെടുമെന്നും ഇത് സംഘർഷമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയത്.

പത്മാവതി ചിത്രം നിരോധിക്കുകയോ റിലീസിങ്ങ് നീട്ടുകയോ വേണമെന്ന് ഐ.കെ ജഡേജ മാധ്യമങ്ങളോട് പറഞ്ഞു. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആുകൾ ചിത്രീകരണത്തിനിടെ സെറ്റ് അഗ്‌നിക്കിരയാക്കിയത് വിവാദമായിരുന്നു. ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയ്യും.

14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തിൽ രൺവീർ സിങ്ങ് അലാവുദ്ദീൻ ഖിൽജിയാകുന്നു. റാണി പത്മിനിയുടെ ഭർത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതൽമുടക്കിലാണ് ചിത്രീകരിച്ചത്. ബൻസാലി പ്രൊഡക്ഷൻസും വിയാകോം 18 പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്.