- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റെണ്ണം കുറയുമെങ്കിലും യുപിയിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ ഏറും; യോഗി തുടർച്ചയായ രണ്ടാം വട്ടവും മുഖ്യമന്ത്രി ആകും; എസ്പി ബിജെപിയേക്കാൾ ബഹുദൂരം പിന്നിൽ; കോൺഗ്രസ് രണ്ടക്കം കടക്കില്ല; ബിഎസ്പിക്കും ക്ഷീണം; ടൈംസ് നൗ നവ്ഭാരത് സർവേ ഫലങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: അടുത്തിടെ നടന്ന പ്രീപോൾ സർവേകൾ എല്ലാം ബിജെപിക്ക് ആശ്വാസം പകരുന്നതാണ്. യുപിയിൽ സീറ്റെണ്ണം കുറയുമെങ്കിലും, ബിജെപി സുഗമമായി അധികാരത്തിലേറുമെന്നും യോഗി ആദിത്യനാഥ് തുടർച്ചയായ രണ്ടാം വട്ടവും മുഖ്യമന്ത്രി ആകുമെന്നുമാണ് സർവേ ഫലങ്ങൾ. ടൈംസ് നൗ നവ്ഭാരതിന് വേണ്ടി വെറ്റോ നടത്തിയ സർവേയിൽ 403 അംഗ സഭയിൽ 230-249 സീറ്റുകളാണ് ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് പ്രവചിക്കുന്നത്. 1985 ന് ശേഷം ഇതാദ്യമായി യോഗി തുടർച്ചയായി രണ്ടാം വട്ടം അധികാരത്തിലേറുന്ന മുഖ്യമന്ത്രി ആകും.
സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം ബിജെപിയേക്കാൾ ബഹുദൂരം പിന്നിലാണ്. 137 മുതൽ 152 സീറ്റുവരെയാണ് എസ്പിക്ക് സർവേയിൽ പ്രവചിക്കുന്നത്. ബിഎസ്പിക്ക് 9 തൊട്ട് 14 സീറ്റ് വരെ കിട്ടുമ്പോൾ കോൺഗ്രസിന്റെ നില വീണ്ടും പരിതാപകരമാണ്. 2017 ലെ പോലെ ഒറ്റയക്കത്തിൽ കോൺഗ്രസ് ഒതുങ്ങും.
2017ൽ 325 സീറ്റിൽ വിജയിച്ചാണ് ബിജെപി സഖ്യം അധികാരത്തിലെത്തിയിരുന്നത്. 2017ൽ 48 സീറ്റു കിട്ടിയ സമാജ് വാദി പാർട്ടിക്ക് 137 മുതൽ 152 സീറ്റു വരെ സർവേ പ്രവചിക്കുന്നു. മുൻ തെരഞ്ഞെടുപ്പിൽ 19 സീറ്റു കിട്ടിയ മായാവതിയുടെ ബിഎസ്പിക്ക് 9-14 സീറ്റുകൾ ലഭിക്കും. പ്രിയങ്കയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കുന്ന കോൺഗ്രസിന് പ്രവചിക്കുന്നത് നാലു മുതൽ ഏഴു വരെ സീറ്റാണ്. 2017ൽ പാർട്ടിക്കു കിട്ടിയത് ഏഴു സീറ്റാണ്.
ബിജെപി സഖ്യത്തിന് 38.6 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നു ശതമാനം വോട്ടിന്റെ കുറവ്. എസ്പി സഖ്യത്തിന് 34.4 ശതമാനം വോട്ടുലഭിക്കും. ബിഎസ്പിയുടെ വോട്ടുവിഹിതം 22.2 ശതമാനത്തിൽനിന്ന് 14.1 ശതമാനത്തിലേക്ക് ചുരുങ്ങും.
ഡിസംബർ 16നും 30നുമിടയിലാണ് സർവേ നടത്തിയത്. 21,480 പേരാണ് സർവേയിൽ പങ്കെടുത്തത്. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതും, അയോധ്യയ്ക്ക് പിന്നാലെ കാശി, മധുര വിഷയങ്ങൾ പ്രചാരണത്തിൽ ഉയർത്തി കൊണ്ടുവരുന്നതും ബിജെപിക്ക് നേട്ടമാകുമെന്ന് സർവേയിൽ പറയുന്നു. അതേസമയം, ലഖിംപൂര് ഖേരി സംഭവവും, കോവിഡ് രണ്ടാം തരംഗത്തെ നേരിട്ടതിലെ വീഴ്ചയും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി-മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ കക്ഷികളും-കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി-ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ വോട്ടുകൾ ചിതറിപ്പോകുന്നത് ബിജെപിയുടെ അധികാരത്തുടർച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധർ പറയുന്നത്.
കഴിഞ്ഞ മാസം നടന്ന ന്യൂസ്-ജൻ കി ബാത്ത് സർവേ ഫലത്തിലും യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി ഭൂരിപക്ഷം നേടുമെന്നും യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രി ആകുമെന്നും പ്രവചിച്ചിരുന്നു. ബിജെപി 233 നും 252 നും മധ്യേ സീറ്റുകൾ നേടുമ്പോൾ സമാജ് വാദി പാർട്ടി 135 നും 149 ഉം ഇടയിൽ സീറ്റുകൾ കിട്ടാം. എന്നാൽ പ്രിയങ്ക ഗാന്ധി നയിക്കുന്ന കോൺഗ്രസിന് നിരാശയാവും ഫലം. മൂന്ന് മുതൽ ആറ് വരെ സീറ്റാണ് കോൺഗ്രസിന് കിട്ടാൻ സാധ്യത. അതേസമയം, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി 11-12 സീറ്റുകൾ നേടിയേക്കും. മറ്റുള്ളവർക്ക് ഒന്നു മുതൽ നാല് സീറ്റുകളും. കർഷക സമരവും ഇന്ധനവില വർധനയും അടക്കമുള്ള പ്രശ്നങ്ങൾ ബിജെപിയുടെ സീറ്റെണ്ണം കുറയ്ക്കുമെന്ന് സർവേ പ്രവചിക്കുന്നെങ്കിലും ഭരണം നിലനിർത്തുമെന്നായിരുന്നു സർവേ പ്രവചനം.സംസ്ഥാനത്തുടനീളം 75 ജില്ലകളിലായി 20,000 പേരുടെ സാമ്പിളെടുത്താണ് സർവേ നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ