ലക്‌നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പു ഫലങ്ങൾ സമാജ്‌വാദി പാർട്ടിക്കും ബഹുജൻ സമാജ്‌വാദി പാർട്ടിക്കും ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. അധികാരം നിലനിർത്താനുള്ള അഖിലേഷ് യാദവിന്റെ മോഹങ്ങൾ തകർന്നതും വീണ്ടും അധികാരം പിടിക്കാമെന്ന മായാവതിയുടെ മോഹങ്ങൾ വിഫലമായതുമാത്രമല്ല ഇരുവരെയും ആശങ്കപ്പെടുത്തുന്നത്. ഇരു പാർട്ടികളുടെയും പ്രധാന വോട്ടുശക്തിയായിരുന്ന മുസ്ലിം സമുദായം ബിജെപിയോടു ചായ്ഞ്ഞിരിക്കുന്നതായാണ് തെരഞ്ഞെടുപ്പു ഫലങ്ങളിൽനിന്നു വ്യക്തമാകുന്നത്.

ഉത്തർപ്രദേശിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലെല്ലാം ബിജെപിയുടെ മുന്നേറ്റമാണു പ്രകടമായത്. മുസ്‌ലിം സമുദായത്തിന് സ്വാധീനം കൂടുതലുള്ള 72 മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചത്. ഇതുവരെ മുസ്ലിംഭൂരിപക്ഷ മേഖലകളിൽ സ്വാധീനം ചെലുത്തിയിരുന്നത് എസ്‌പിയും ബിഎസ്‌പിയുമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് വർഗീയകലാപമുണ്ടായ മുസഫർ നഗറും ബീഫിന്റെ പേരിൽ വയോധികൻ കൊല്ലപ്പെട്ട ദാദ്രിയും അടക്കം ബിജെപി പിടിച്ചെടുക്കുകയാണ് ഉണ്ടായിരിക്കുന്നത്. മുസഫർ നഗറിലെ ആറു നിമയസഭാ മണ്ഡലങ്ങളും ബിജെപിക്കൊപ്പമായിരുന്നു. ദിയോബന്ദ്, ബറെയ്‌ലി, ബിജ്‌നൂർ തുടങ്ങിയ പ്രധാന മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളാണ് ബിജെപിക്കൊപ്പം ചുവടുറപ്പിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലകളിവരെ ബിജെപി ഭൂരിപക്ഷം നേടാൻ കാരണം വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടാണെന്ന് മായാവതി ആരോപിച്ചുകഴിഞ്ഞു.

മായാവതിയുടെ ആരോപണത്തിലെ ശരി എത്രമാത്രം ഉണ്ടായാലും മുസ്ലിം വോട്ടുകൾ ബിജെപി നേടിയിട്ടുണ്ടെങ്കിൽ അത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കിരീടത്തിലെ പൊൻതൂവൽ തന്നെയായിരിക്കും. ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കുന്നുവെന്ന് ആരോപണം നേരിട്ട ബിജെപിയാണ് ഇത്രയും ശക്തമായ പ്രകടനം മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കാഴ്ചവച്ചിരിക്കുന്നത്. എസ്‌പിയുടെയും ബിഎസ്‌പിയുടെയും രാഷ്ട്രീയ തത്രങ്ങൾ പഴകിയെന്ന സൂചനയും ഇതോടൊപ്പം ലഭിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് വർഗീയ കലാപത്തിൽ 60 പേർ കൊല്ലപ്പെട്ട മുസഫർ നഗറിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറെ അകൽച്ചയിലായിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുക്കളെല്ലാം തന്നെ ബിജെപിക്കു വോട്ടുചെയ്യുകയുമുണ്ടായി. എന്നാൽ കലാപ സമത്ത് മുഖ്യമന്ത്രി അഖിലേഷ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം മുസ്ലിംകൾക്കുണ്ടായിരുന്നു. അഖിലേഷിനെതിരായ വികാരം മുസ്ലിം നേതാക്കൾ പലപ്പോഴായി ഉയർത്തിക്കാട്ടുകയുമുണ്ടായി. കലാപം നടക്കുന്ന സമയത്ത് അഖിലേഷ് ബോളിവുഡ് താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രവും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് ഭരണകക്ഷിയായ എസ്‌പിക്കു തിരിച്ചടിയായതെന്നു വിലയിരുത്തപ്പെടുന്നത്. എന്നാൽ മുസ്ലിം സമുദായം എസ്‌പിയിൽനിന്ന് അകലുന്നത് മായാവതിയുടെ ബിഎസ്‌പിക്കു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബഹൻജിക്കൊപ്പം ചേരാനും തങ്ങൾക്കു താത്പര്യമില്ലെന്നാണ് മുസ്ലിം സമുദായം തെരഞ്ഞെടുപ്പുഫലത്തിലൂടെ നല്കുന്നത്.

പാർട്ടിയിലെ പരമ്പരാഗത മുസ്ലിം വോട്ടുകൾ കൊഴിഞ്ഞുപോകുന്നതിൽ എസ്‌പി നേതാവ് മുലായം സിങ് യാദവ് തന്നെ മകൻ അഖിലേഷിനു മുന്നറിയിപ്പു നല്കിയിരുന്നു. ഇത് തിരിച്ചറിഞ്ഞ അഖിലേഷ് കലാപത്തിനിരയായവർക്ക് വൻ നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിക്കുകയുണ്ടായി. അഖിലേഷിന്റെ നടപടികൾ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ വാരിക്കൂട്ടുമെന്നാണ് അവസാനനിമിഷം വരെ പ്രതീക്ഷിക്കപ്പെട്ടിരുന്നതും. എന്നാൽ ഒന്നും ഫലവത്തായില്ല.

മീർപുർ, പർഖ്വാസി, ചരത്വാൾ തുടങ്ങിയ പ്രധാന മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ബിജെപി വെന്നിക്കൊടി പാറിക്കുന്ന ചിത്രമാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവന്നപ്പോൾ ലഭിച്ചു തുടങ്ങിയത്. എല്ലായിടത്തും തോൽപ്പിക്കപ്പെട്ടത് എസ്‌പിയുടെയും ബിഎസ്‌പിയുടെയും സിറ്റിങ് എംഎൽഎമാർ ആയിരുന്നു.

നോട്ടുനിരോധനം അടക്കമുള്ള പ്രധാനമന്ത്രി മോദിയുടെ സുപ്രധാന തീരുമാനങ്ങൾക്ക് ശക്തമായ ജനപിന്തുണ ലഭിച്ചുവെന്നാണ് യുപിയിലെ തെരഞ്ഞെടുപ്പു ഫലങ്ങളിലൂടെ വ്യക്തമാകുന്നത്. കർഷകർക്കായി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പല ക്ഷേമ പദ്ധതികളും മുസ്ലിം വോട്ടർമാരെ എസ്‌പിയിൽനിന്നും ബിഎസ്‌പിയിൽനിന്നും അകറ്റി ബിജെപി ക്യാമ്പിലെത്തിച്ചുവെന്നാണ് കരുതപ്പെടുന്നത്.