മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന തർക്കം പരിഹരിച്ചു. ബിജെപി 130 സീറ്റിൽ മത്സരിക്കും. ശിവസേന 151 സീറ്റിലും മത്സരിക്കും. ഏഴ് സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകും. ഇരുകക്ഷി നേതാക്കളും വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സഖ്യം തുടരുമെന്നും നേതാക്കൾ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഏറെനാളായി ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കത്തിനാണ് ഇന്ന് പരിഹാരമായത്. 130 സീറ്റ് ബിജെപിക്ക് നൽകാമെന്ന് ശിവസേന സമ്മതിച്ചതോടെയാണിത്. 151 സീറ്റിൽ ശിവസേനയും ശേഷിക്കുന്ന ഏഴ് സീറ്റിൽ സഖ്യകക്ഷികളും മത്സരിക്കാനും തീരുമാനമായി. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ദാദറിൽ ചേർന്ന യോഗത്തിനു ശേഷം ഇരുപാർട്ടികളുടെയും നേതാക്കൾ ഒരുമിച്ചാണ് മാദ്ധ്യമങ്ങളെ കണ്ടത്.

കാൽ നൂറ്റാണ്ടായുള്ള സഖ്യം തുടരാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് നേതാക്കൾ വ്യക്തമാക്കി. ആറ് സഖ്യകക്ഷികൾക്ക് നേരത്തെ 18 സീറ്റാണ് നൽകിയിരുന്നത്. ഇതിൽ നിന്നാണ് എട്ട് സീറ്റ് ബിജെപിക്ക് നൽകുന്നത്. ഇതോടെ സഖ്യകക്ഷികളുടെ സീറ്റ് കുറഞ്ഞു.

മുഖ്യമന്ത്രി പദത്തെ സംബന്ധിച്ച് സൂചനകളൊന്നും നേതാക്കൾ നൽകിയില്ല. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി-ശിവസേന സഖ്യം അധികാരത്തിൽ വന്നാൽ ശിവസേന തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നാണ് ശിവസേനാപ്രവർത്തകർ പറയുന്നത്.