കോഴിക്കോട്: നമ്പൂതിരി മുതൽ നായാടിവരെയുള്ള സകല ഹിന്ദുക്കളുടെയും ഐക്യം കൊതിച്ച് എസ്.എൻ.ഡി.പിയുമായൊക്കെ കൂട്ടുകൂടാനൊരുങ്ങുന്ന ബിജെപി കേരള ഘടകത്തിന് എൻ.ഡി.എയിലെ ഘടകകക്ഷികളെപേലും മുന്നണിയിൽ പിടിച്ചു നിർത്താൻ കഴിയുന്നില്ല. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ശിവസേനയുടെ മുഖ്യ അജണ്ടയെന്താണേന്നോ? ബിജെപിയെ തോൽപ്പിക്കൽ!

തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങൾ ഒറ്റക്കാണ് മത്സരിക്കുകയെന്നും ബിജെപിയുടെ നിരന്തരമായ അവഗണനയിൽ മടുത്താണ് ഇത്തരമൊരു തീരുമാനമെന്നും ശിവസേന രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ടി.ആർ. ദേവൻ 'മറുനാടൻ മലയാളിയോട്' പറഞ്ഞു. 'കേരളത്തിൽ ശിവസേന വളരെ പെട്ടെന്ന് വളർന്നിട്ടും ബിജെപി സംഘടനയെ അവഗണിക്കയാണ്. ഹിന്ദുത്വ അജണ്ടയിൽ മറ്റു പാർട്ടികൾ ഉണ്ടാകരുതെന്ന നിലപാടാണിത്. ഇക്കാരണത്താൽ ബിജെപിക്ക് ജയസാധ്യതയുള്ള മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തുകയോ മറ്റു പാർട്ടികൾക്ക് പിന്തുണ നൽകുകയോ ചെയ്യം.

2000 സീറ്റിലാണ് മത്സരിക്കുക.'ദേവൻ വ്യക്തമാക്കി. കൊച്ചി കോർപറേഷനിലും എറണാകുളം അടക്കം നാല് ജില്ലകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിനിമസീരിയൽ നടി സോണിയ ജോസ് ശിവസേനയുടെ സ്ഥാനാർത്ഥിയായി മൽസരിക്കുന്നുണ്ട്. അതേസമയം ഒരു ഘടകക്ഷിയായി പരിഗണിക്കാൻ തക്ക ആളുകളോ സംഘടനാ ബലമോ കേരളത്തിൽ ശിവസേനക്കില്‌ളെന്നാണ് ബിജെപി വിലയിരുത്തുന്നത്. മാത്രമല്ല ശിവസേനയിലുള്ള പലർക്കും ക്രിമിനൽ കേസുകൾ ഉള്ളത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അവർ കണക്കുകൂട്ടുന്നു. ഭീഷണിപ്പെടുത്തി പിരിവും വട്ടിപ്പിശയും തൊട്ട് ക്വട്ടേഷൻവരെയുള്ള ആരോപണങ്ങൾ ശിവസേനക്കാരെക്കുറിച്ച് ശക്തമായി ഉണ്ടെന്നാണ് ബിജെപി നേതാക്കള്ൾ രഹസ്യമായി പറയുന്നത്.

ശിവസേനക്കുപിന്നാലെ ഹനുമാൻ സേനയും ശ്രീരാമസേനയും സീറ്റുചോദിച്ച് വന്നതും ബിജെപിയെ പൊല്ലാപ്പിലാക്കിയിട്ടുണ്ട്.കൊച്ചിയിൽ നടന്ന ചുംബനസമരക്കാരെ തല്ലിയോടിക്കാൻ നേതൃത്വം നൽകിയ കോഴിക്കോട്ടെ ഒരു ഹനുമാൻസേന നേതാവാണ് ഈ ചരടുവലിക്കുപിന്നിൽ. കാസർകോട്ടും കണ്ണൂരുമൊക്കെ ഇപ്പോൾ തലപൊക്കിയ ശ്രീരാമസേനക്കും ബിജെപിയുടെ ബാനറിൽ മൽസരിക്കണമെന്നുണ്ട്. പക്ഷേ കടുത്ത വർഗീയ ഇമേജുള്ള ഇവർക്കൊക്കെ സീറ്റുകൊടുത്താൽ മറുഭാഗത്ത് ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാവുമെന്ന് ബിജെപി നേതൃത്വം ഭയക്കുന്നുണ്ട്.

കേരളത്തിന്റെ പൊതുവായ മതേതര അന്തരീക്ഷത്തിൽ പച്ചക്ക് വർഗീയത പറഞ്ഞുള്ള കളിക്ക് ബിജെപിയും തയാറല്ല. അതിനാൽ തൽക്കാലം ഇവരുടെ വിലപേശൽ അവഗണിക്കാനാണ് ബിജെപി തീരുമാനം. അതേസമയം പരിവാർ കുടംബത്തിലെ എല്ലാവരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരൻ മറുനാടനോട് പ്രതികരിച്ചത്.എന്നാൽ പുതിയ പാർട്ടികളെ ഘടകക്ഷികളായി എടുക്കുന്നകാര്യം ചർച്ചചെയ്തിട്ടില്‌ളെന്നും അദ്ദേഹം പ്രതികരിച്ചു.