ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാക്കളുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് ബിജെപി വക്താക്കൾക്ക് പാർട്ടി നിർദ്ദേശം നൽകിയതായി വെളിപ്പെടുത്തൽ. ഇന്ത്യാ ടുഡേ കൺസൾട്ടിങ് എഡിറ്ററായ രാജ്ദീപ് സർദേശായി ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭരണത്തിലിരിക്കുന്ന ബിജെപി എന്തിനെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണങ്ങളും ആക്ഷേപങ്ങളും ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നിർദ്ദേശമെന്നതു ശ്രദ്ധേയമാണ്. ചാനൽ ചർച്ചകളിൽ തങ്ങളുടെ വാദങ്ങൾ നിലനിൽക്കില്ലെന്നു ഭയപ്പെട്ടായിരിക്കാം ബിജെപിയുടെ നടപടിയെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ പാർലമെന്റിൽ നോട്ട് അസാധുവാക്കലിനെ കുറിച്ചു മറുപടി പറയുന്നതിൽ നിന്നും ചർച്ച നടത്തുന്നതിൽ നിന്നും ഒഴിഞ്ഞു നിന്ന പ്രധാനമന്ത്രിയുടേയും പാർട്ടി നേതാക്കളുടേയും നിലപാട് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് 3500ഓളം പേരാണ് റീട്വീറ്റ് ചെയ്തത്. ബിജെപി അനുകൂല വിഭാഗവും ആംആദ്മി അനുകൂല വിഭാഗവും തമ്മിൽ ട്വീറ്റിന് താഴെ പോരു തുടങ്ങിയിട്ടുണ്ട്.