ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ആറ് മാസം മാത്രമാണ്. സെമിഫൈനൽ എന്നു വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ പോരാട്ടത്തിൽ കോൺഗ്രസ് വിജയം നേടിയതോടെ മോദി പ്രഭാവത്തിന് മങ്ങലേറ്റെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, ഇത സമ്മതിച്ചു തരാൻ ബിജെപി ഒരുക്കമല്ല. അതുകൊണ്ട് തന്നെ അവർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങി. ബിജെപിക്കെതിരെ ആഭ്യന്തരമായി നിലനിന്ന ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് കേന്ദ്രനേതാക്കൾ പറയുന്നത്.

ദേശീയ മാധ്യമങ്ങൾ പോലും തോൽവിയിൽ മോദിയെ പഴിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അവർ മധ്യപ്രദേശിലെ തോൽവിക്ക് ശിവരാജ് സിങ് ചൗഹാനെയും രാജസ്ഥാനിലെ തോൽവിക്ക് വസുദ്ധര രാജ സിന്ധ്യയെയും കുറ്റപ്പെടുത്തുന്നു. ഛത്തീസ്‌ഗഡിൽ രമൺ സിംഗിന്റെ ഭരണത്തെയാണ് കുറ്റപ്പെടുത്തുന്നത്. അതേസമയം ബിജെപിക്കുള്ളിൽ മോദിക്ക് വെല്ലുവിളിയാകാൻ സാധ്യതയുള്ള നേതാക്കളായിരുന്നു ഇവർ. ആ വെല്ലുവിളി തോൽവിയോടെ ഒഴിഞ്ഞതോടെ മോദി തന്നെയാണ് 2019ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് ഉറപ്പായി. സുഷമ സ്വരാജ് നേരത്തെ തന്നെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോതെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഇളക്കി മറിച്ച് പ്രചരണം നടത്താനും നഷ്ടമായ ഇമേജ് തിരികെ പിടിക്കാനും മോദിയും അമിത്ഷായും ശ്രമം തുടങ്ങി.

മൂന്നു മാസത്തിനുള്ളിൽ മോദിയുടെ നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാനാണ് ബിജെപിയുടെ പദ്ധതി. അതിനായി സൈബർ ലോകത്താണ് പ്രചണം തുടങ്ങിയിരിക്കുന്നത്. ഫേസ്‌ബുക്ക് വഴിയും ട്വിറ്റർ വഴിയും വാട്‌സ് ആപ്പ് വഴിയുമെല്ലാം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം എന്ന സന്ദേശങ്ങൾ പ്രചരിച്ചു തുടങ്ങി. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ പിന്തുണക്കുന്നതിനായി വെബ്‌സൈറ്റുകൾ തന്നെ തുടങ്ങിയിട്ടുണ്ട്. 'നാഷൻ വിത്ത് നമോ' എന്ന പേരിൽ മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നവരെ ഒരുമിപ്പിക്കാനാണ് ശ്രമം. ഈ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്താൽ തുടർന്നുള്ള പ്രചരണ വിവരങ്ങളും സന്ദേശങ്ങളും മെസേജുകളായും അല്ലാതെയും അവർക്ക് ലഭിച്ചു കൊണ്ടിരിക്കും.

നിലവിലെ ബിജെപി സെറ്റ് ചെയ്തിരുന്ന അജണ്ടകളും ഇതോടെ മാറ്റേണ്ടി വരും. തീവ്രഹിന്ദുത്വ നിലപാടിലേക്ക് പോകാതെ വികസനത്തിൽ ഊന്നിയുള്ള പ്രചരണത്തിൽ തന്നെ ശ്രദ്ധിക്കാനാണ് ബിജെപിയുടെ പദ്ധതി. യോഗി ആദിത്യനാഥ് തീവ്രഹിന്ദുത്വ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലുൾപ്പെടെ കനത്ത തിരിച്ചടിയുണ്ടായതോടെയാണ് കളംമാറ്റിച്ചവിട്ടാൻ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ തോൽവി മോദിവിരുദ്ധ തരംഗത്തിന്റെ ഭാഗമല്ലെന്നും അത് സംസ്ഥാനങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങളെ ത്തുടർന്നുണ്ടായതാണെന്നുമുള്ള പ്രചാരണത്തിനൊപ്പം മോദിയെത്തന്നെ അടുത്ത പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയുള്ള ഐടി സെൽ പദ്ധതികളും ആരംഭിച്ചുകഴിഞ്ഞു.

നോട്ടുനിരോധനം, ജിഎസ്ടി, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങി ഏറ്റവുമധികം തിരിച്ചടി നേരിട്ട വിഷയങ്ങളിൽ ന്യായീകരണവാദങ്ങൾ നിരത്തും. യുപിഎ സർക്കാരുകളാണ് ഈ പ്രശ്നങ്ങൾക്കൊക്കെ ഉത്തരവാദികളെന്ന് സ്ഥാപിക്കാനും ബിജെപി ശ്രമിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മോദി ഇത്തരത്തിൽ പ്രചാരണം നടത്തിയിരുന്നു. ഇതോടൊപ്പം മോദിയെത്തന്നെ അടുത്ത പ്രധാനമന്ത്രിയാക്കേണ്ടതിന്റെ കാരണങ്ങൾ എന്ന പേരിലുള്ള ക്യാംപയിനുമുണ്ടാകും. സാമ്പത്തിക മേഖലയിലെ വളർച്ച, വിദേശബന്ധം, ശാസ്ത്രരംഗത്തെ കുതിച്ചുചാട്ടം, വികസന പദ്ധതികൾ തുടങ്ങിയവയായിരിക്കും പ്രധാന വിഷയങ്ങൾ.

സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ഇത്തരം പ്രചാരണങ്ങൾ ശക്തമാക്കും. മൂന്നുമാസം മോദിയെത്തന്നെ താരമാക്കി നിർത്താനാണ് പദ്ധതി. കർഷകർക്ക് താൽക്കാലികാശ്വാസ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അതേസമയം ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ തീവ്രഹിന്ദുത്വ അജണ്ട ഒഴിവാക്കിയുള്ള പ്രചാരണം ബിജെപിക്ക് സാധ്യമല്ല. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ ഈ വിധത്തിലുള്ള പ്രചാരണവുമായി മുന്നോട്ടുപോകും. അതോടൊപ്പം മൃദുഹിന്ദുത്വവും വികസന അജണ്ടകളും മറുവശത്തുകൊണ്ടുപോകാനാണ് നീക്കം.

അതേസമയം കേന്ദ്രസർക്കാറിന്റേതായി ജനപ്രിയ പദ്ധതികളും വരും നാളുകളിൽ ഉണ്ടാകും. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ 3 ലക്ഷം കോടിയോളം രൂപ കേന്ദ്രസർക്കാർ ആവശ്യപ്പെടും. പുതിയ ഗവർണർ അതിന് വഴങ്ങുമെന്ന് ബിജെപിക്ക് ഉറപ്പുണ്ട്. ഈ പണം ബാങ്കുകൾക്ക് ലഭ്യമാക്കി സംഘമിത്രങ്ങൾക്ക് വേണ്ടിയുള്ള ജനകീയ വായ്‌പ്പാ പദ്ധതി തന്നെ ആവിഷ്‌ക്കരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. എന്നാൽ, ഇത് ഭാവിയിൽ കിട്ടാക്കടമായി മാറുമെന്ന ആശങ്കയും ശക്തമാണ്. ഇത്തരത്തിൽ വരും നാളുകളിൽ ഇന്നേവരെ സർക്കാർ ചെയ്യാതിരുന്ന ജനകീയ പരിപാടികൾ ആവിഷ്‌ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇത്തരം ജനകീയ പദ്ധതിയുമായി കോൺഗ്രസിനെ നേരിടാനാണ് അമിത്ഷായുടെ പദ്ധതി. മൂന്ന് മാസത്തിനകം തന്നെ ഇമേജ് തിരിച്ചുപിടിക്കുമ്പോൾ വെല്ലുവിളിയായി മുന്നിലുള്ളത് കോടതിയിൽ നിൽക്കുന്ന റാഫേൽ കേസുകളാണ്. ഈ കേസുകളിൽ കേന്ദ്രത്തിന് തിരിച്ചടിയായി വിധി വരുമോ എന്ന ആശങ്ക മോദിയെയും കൂട്ടരെയും അലട്ടുന്നുണ്ട്. ഈ കേസുകൾക്ക് ബദലായി സോണിയക്കും രാഹുലിനും എതിരായ കേസുകൾ ആയുധമാക്കാനും ചീകി മിനുക്കാനുമാകും ശ്രമിക്കുക.

മോദിക്കു ശേഷം യോഗിയെന്ന പ്രചാരണത്തെ ആർഎസ്എസ് പ്രോത്സാഹിപ്പിച്ചു വരുന്നുണ്ടായിരുന്നു. ഈ തീവ്ര നിലപാടുമായി മുന്നോട്ടു പോയാൽ അത് ബിജെപിക്ക് തന്നെ തിരിച്ചടിയാകുമെന്ന ബോധ്യം മോദിക്കും ഷാക്കും വന്നിട്ടുണ്ട്. മാത്രമല്ല, തീവ്ര നിലപാടിലേക്ക് നീങ്ങിയാൽ അത് മോദിയുടെ ആഗോള ഇമേജിന് തിരിച്ചടിയാകുകയും ചെയ്യും. അതുകൊണ്ട് തന്നെ തൽക്കാലം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലെ വികസനനായകൻ ഇമേജ് ഉപയോഗപ്പെടുത്താനാകും മോദിയുടെ നീക്കം.