കോട്ടയം: കേരളത്തിലെ സാംസ്കാരിക നായകരെ രൂക്ഷമായി വിമർശിച്ച് ബിജെപിയുടെ പ്രമേയം. പാർട്ടി സംസ്ഥാന കൗൺസിലിലെ രാഷ്ട്രീയ കാര്യ പ്രമേയത്തിലാണ് സാംസ്‌കാരിക നായകരെ ബിജെപി വിമർശിച്ചത്. സിപിഐ(എം) നേതൃത്വത്തിൽ സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുമ്പോൾ സാംസ്‌കാരിക നായകർ പുരസ്‌കാരങ്ങൾക്ക് വേണ്ടി മനുഷ്യത്വം പണയം വച്ച് മൗനത്തിലാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

പാലക്കാട് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവങ്ങളടക്കം പറഞ്ഞുകൊണ്ടാണ് സാംസ്കാരിക നായകർക്കും മനുഷ്യാവകാശ സംഘടനകൾക്കുമെതിരെ ബിജെപി വിമർശം ഉന്നയിക്കുന്നത്. ഭരണത്തിലിരിക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ ജീവനും മാനവും പിച്ചിചീന്തപ്പെടുകയും കുട്ടികൾ വേട്ടയാടപ്പെടുകയും ചെയ്യപ്പെടുമ്പോൾ സാംസ്കാരിക നായകരുടെ മൗനം ഭയാനകമാണെന്ന് സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം പറയുന്നു.

അവാർഡുകതളുടെ മുന്നിൽ മനുഷ്യത്വവും ധാർമികതയും ഇവർ പണയം വെക്കുന്നു. ഇവരുടെ നീതി ബോധം സാംസ്കാരിക കേരളം വിലയിരുത്തണമെന്നും രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നുണ്ട്. റേഷൻ സംവിധാനത്തിലെ പാളിച്ച അടക്കം എട്ടോളം വിഷയങ്ങാലണ രാഷ്ട്രീയ പ്രമേയത്തിൽ ഇടംപിടിച്ചിട്ടുള്ളത്. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ അഡ്ജസ്്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി വെങ്കയ്യ നാഡിയു കുറ്റപ്പെടുത്തി. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ തമ്മിലടിയും ഡൽഹിയിൽ സഹകരണവുമാണ്. സിപിഐ(എം) അക്രമ രാഷ്ട്രീയത്തേയും വെങ്കയ്യ നായിഡു രൂക്ഷമായി വിമർശിച്ചു.

അതേസമയം എഴുത്തുകാർ വായില്ലാക്കുന്നിലപ്പന്മാർ ആയെന്നായിരുന്നു കൗൺസിലിൽ സംസാരിച്ച ബിജെപി നേതാവ് എം ടി.രമേശ് പറഞ്ഞു. മലയാള മനസിനെ ഒരുപോലെ കാണാൻ സാധിക്കുമെന്ന് നാമെല്ലാം വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത സാമൂഹിക സാംസ്‌കാരിക നായകന്മാരുടെ വാക്കുകൾ കേൾക്കണമെന്ന് മലയാള മണ്ണ് ആഗ്രഹിച്ച ഒരു മുഹൂർത്തമുണ്ടായിരുന്നു. പക്ഷേ ആ  നിമിഷങ്ങളിലെല്ലാം വായില്ലാക്കുന്നിലപ്പന്മാരെപ്പോലെ എഴുത്തുമുറിയുടെ അകത്തളങ്ങളിൽ കയറി മൗനി ബാബയുടെ മകുടം ചൂടാൻ തയ്യാറാവുകയാണ് സാഹിത്യ നായകന്മാർ ചെയ്തത്.

അവർ നരേന്ദ്ര മോദിയുടെ രക്തത്തിനായി ഇന്നിറങ്ങുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്നുള്ള സാമാന്യബോധം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും രമേശ് പറഞ്ഞു.