കോട്ടയം: അമ്മ രാഷ്ട്രീയത്തിന്റെ തുടർച്ച കേരളത്തിൽ ബിജെപിയിലും. ബിജെപിയുടെ സംസ്ഥാന കൗൺസിലിൽ പങ്കെടുത്ത വനിതകളാണ് ഉദ്ഘാടനത്തിന് മുൻപ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെയും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റയും കാൽ തൊട്ട് വന്നിച്ച് സദസിനെ ഞെട്ടിച്ചത്. വന്ദനം തുടർന്നതിനെ തുടർന്ന് പുരുഷ കേസരികൾ മുറുമുറുപ്പ് തുടങ്ങി. പിന്നിട് കുമ്മനം രാജശേഖരൻ ഇടപെട്ട് തടയുകയായിരുന്നു.

കൗൺസിൽ ഉദ്ഘാടനം ചെയ്ത നായിഡു ഒരു മണിക്കൂർ 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി.കേരളത്തിലെ കോൺഗ്രസും സിപിഎമ്മും മാത്രമാണ് നോട്ട് നിരോധനത്തെ എതിർത്തതെന്നും അദേഹം പറഞ്ഞത്. പ്രസംഗം പരിഭാഷപ്പെടുത്തിയ ന്യൂനപക്ഷ മോർച്ച നേതാവ് കുര്യന് മിക്കപ്പോഴും നാവ് പിഴക്കുകയും ചില വാചകങ്ങൾ മാറ്റി പറയുകയും ചെയ്തു. കേരളത്തിലെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും നരഹത്യയും ദേശീയ തലത്തിൽ വിഷയമാക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ബിജെപിയുടെ സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മാറ്റത്തിന്റെ വക്കിലാണെന്നും ഈ യാഥാർഥ്യം സിപിഐ(എം) തിരിച്ചറിയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടി ബിജെപിയുടെ പ്രവർത്തകരെയും അമ്മമാരെയും കിരാതമായി ആക്രമിക്കുന്നു. കൊലപ്പെടുത്തുന്നു. കേരളത്തിൽ സിപിഐ(എം) നടത്തുന്ന പൈശാചികമായ ആക്രമണം അപലപനീയാണ്. രാജ്യം ആകെ ഇത് വീക്ഷിക്കുകയാണ്.
പിണറായി സർക്കാരിന്റെ ഏഴുമാസത്തിനുള്ളിൽ 18 പേരാണ് കൊല്ലപ്പെട്ടത്. ഈ നരഹത്യകൾക്ക് രാഷ്ട്രീയമായ തിരിച്ചടി ലഭിക്കും. കൊലപാതക രാഷ്ട്രീയം വച്ചു പൊറുപ്പിക്കാനാവില്ല. തങ്ങൾ അക്രമ രാഷ്ട്രീയം പ്രോൽസാഹിപ്പിക്കില്ല. ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെ തലത്തിൽ നേരിടും. പാലക്കാട് സ്ത്രീകൾ ഉൾപ്പടെയുള്ള നിരാംലബരെയാണ് സിപിഐ(എം) ആക്രമിച്ചത്.

സിപിഎമ്മിന്റെ ഈ അക്രമ രാഷ്ട്രീയം വിജയിക്കില്ല. രക്തവും ചുവപ്പും ഒരിക്കലും ഒരുമിച്ച് പോകില്ല. മാറുന്ന രാഷട്രീയ സാഹചര്യം സിപിഐ(എം) മനസിലാക്കണം. കേരളത്തിലും താമര വിരിയുകയാണ്. അടുത്ത തവണ കേരള ഭരണം പിടിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ജനങ്ങൾ അവസരം കാത്തിരിക്കുകയാണ്. മോദി ജനങ്ങളുടെ മനസിലേക്ക് ഇറങ്ങിക്കഴിഞ്ഞു. അവരെ ഒരുമിപ്പിക്കുക മാത്രമാണ് അണികൾക്ക് ചെയ്യാനുള്ളത്. പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ചെറുത്തു നിൽക്കുന്നവരെ താൻ സല്യൂട്ട് ചെയ്യുന്നു. അവരുടെ പോരാട്ടത്തിന് വിജയാശംസ നേരുന്നു.

കറൻസി നിരോധനം നല്ലതാണെന്നാണ് ഈ രാജ്യത്തെ എഴുപതുശതമാനവും കരുതുന്നത്. നരേന്ദ്ര മോദി രാജ്യത്ത് അടിമുടി മാറ്റത്തിനാണ് ലക്ഷ്യമിടുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ലോകത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറായില്ലെങ്കിൽ കാലഹരണപ്പെടും. ഇടത്പക്ഷം വലത്തോട്ടു തിരിയില്ല. ഇടത് പക്ഷം ശരിയുടെ പക്ഷവുമല്ല. കോൺഗ്രസും കമ്യൂണിസ്റ്റും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കോൺഗ്രസും കമ്മ്യണിസ്റ്റും ഡൽഹിയിൽ ഭായി ഭായിയും ഇവിടെ ശത്രുക്കളുമാണ്. ഈ നാടകം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

അഴിമതിയും കുംഭകോണവും ഇല്ലാത്ത സർക്കാരാണ് കേന്ദ്രത്തിൽ ഭരിക്കുന്നത്.യുപിഎ ഭരണത്തിൽ ഭൂമിയിലും ആകാശത്തും അന്തരീഷത്തിലും അഴിമതി നടന്നുവെന്ന് കോമൺവെൽത്ത് ഗെയിംസ്, അഗസ്റ്റ ഇടപാട്. ടൂജി ഇടപാട് ഇവയെ പരാമർശിച്ച് വെങ്കയ്യ നായിഡു പറഞ്ഞു. മോദി എന്നാൽ മേക്കിങ് ഓഫ് ഡവലപ്‌മെന്റ് ഇന്ത്യ എന്നാണ് അർഥം. ഈ വികസന യാത്രയിൽ കേരളവും ചേരണം. കേരളത്തിൽ ബിജെപി വളരുകയും വ്യാപിക്കുകയുമാണ്. മോദി പരിഷ്‌കർത്താവും കർമയോഗിയും കാര്യകർത്താവുമാണ്.

ലോക്‌സഭാ നടപടികൾ ആരോപണത്തിൽ മുക്കി എഴുപതു ദിവസമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത്. ഭൂകമ്പം വിതക്കുമെന്ന് വീമ്പിളക്കിയ രാഹുൽ ഗാന്ധി അധരചലനം മാത്രമാണ് നടത്തിയത്. പുതിയ രാഷ്ട്രീയ സഖ്യത്തിനാണ് കോൺഗ്രസ് ശ്രമം. അച്ഛനും മകനും വെവ്വേറെ സഖ്യത്തിനായി ശ്രമിക്കുന്നു. സൈക്കിളിന്റെ പിന്നിൽ പിതാവിനെക്കൂടി ഇരുത്തി മുന്നോട്ടു പോകാൻ ശ്രമിച്ചാൽ നന്നായിരുന്നുവെന്ന് സമാജ് വാദി പാർട്ടിയെ പരാമർശിച്ച് നായിഡു പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷനായിരുന്നു. നളിൽകുമാർ കട്ടീൽ എംപി, ഒ, രാജഗോപാൽ എംഎൽഎ,വി. മുരളീധരൻ, പിഎസ് ശ്രീധരൻപിള്ള, കെ.വി ശ്രീധരൻ, സികെ പത്മനാഭൻ, എം.എൻ കൃഷ്ണദാസ്. ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ, എംടി രമേശ്, എൻ. ഹരി, നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു കുമ്മനം ഇന്ന് വൈകുന്നേരം വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. മൂന്ന് ദിവസമായി നടന്ന് വന്ന സംസ്ഥാന നേത്യയോഗങ്ങളുടെയും കൗൺസിലിന്റെയും കാര്യങ്ങൾ വിശദീകരിക്കാൻ.