- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്ക് നിയമസഭാ സീറ്റിൽ ഒന്നിൽ കെട്ടി വച്ച കാശുപോയി; മൂന്നു നിയമസഭാ സീറ്റിലും കോൺഗ്രസിന് തകർപ്പൻ ജയം; മാണ്ഡി ലോക്സഭാ സീറ്റിൽ കോൺഗ്രസിന് ഇരട്ടിമധുരം; ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ ഉലയ്ക്കുന്ന തിരിച്ചടി ഹിമാചലിൽ
ന്യൂഡൽഹി: ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം പുലർത്തിയപ്പോൾ, രണ്ട് വടക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടു. ഹിമാചലിലും ഹരിയാനയിലും.
ഏറ്റവും വലിയ തിരിച്ചടി ഹിമാചലിലാണ്. ഭരണകക്ഷിക്ക് മൂന്ന് നിയമസഭാ മണ്ഡലങ്ങൾ നഷ്ടമായി. ഒപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു ലോക്സഭാ സീറ്റും. ഹിമാചൽ പ്രദേശിലെ മാണ്ഡി ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭുരിപക്ഷത്തിനായിരുന്നു ബിജെപി സ്ഥാനാർത്ഥി നേരത്തെ ഇവിടെ ജയിച്ചിരുന്നത്. ഈ സീറ്റിലാണ് ഇപ്പോൾ 8766 വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥി പ്രതിഭ സിങ് വിജയിച്ചത്. മുൻ മുഖ്യമന്ത്രി കൂടിയായ വീരഭഭ്ര സിങ്ങിന്റെ ഭാര്യകൂടിയാണ് ഇവർ. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാനായിരുന്ന കൗശൽ താക്കൂറിനെയാണ് മാണ്ഡി നിലനിർത്താൻ ബിജെപി ഇറക്കിയിരുന്നത്. ഹിമാചൽ പ്രദേശിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ മൂന്നിൽ മൂന്നും കോൺഗ്രസ് ഗംഭീര ജയം സ്വന്തമാക്കി.
ഫലങ്ങൾ മുഖ്യമന്ത്രി ജയ്് റാം ഠാക്കൂറിന്റെ നേതൃപാടവത്തിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നു. അടുത്ത വർഷം ഹിമാചലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ തിരിച്ചടി. നിയമസഭാ സീറ്റിൽ ഒന്നിൽ, ബിജെപി സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് പോയതും പാർട്ടിയെ അലോസരപ്പെടുത്തുന്നു.
വീർഭദ്ര ഘടകം
മാണ്ഡി സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രതിഭാ സിങ്ങിന്റെ വിജയം, മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മരണത്തിലുള്ള സഹതാപ തരംഗമായും വിലയിരുത്തപ്പെടുന്നു. എന്നാൽ, മുഖ്യമന്ത്രി ജയ്് റാം ഠാക്കൂറിനെ അലട്ടുന്ന മുഖ്യപ്രശ്നം, മാണ്ഡിയിലാണ്, തന്റെയും മണ്ഡലം എന്നതാണ്. ഛാച്ചിയോട്ട് മണ്ഡലത്തിൽ നിന്നാണ് ജയ്റാം ഠാക്കൂർ ജയിച്ചുകയറിയത്.
നിയമസഭാസീറ്റുകളിലെ മോശം പ്രകടനം
മൂന്നു നിയമസഭാ സീറ്റാണ് ബിജെപിക്ക് നഷ്ടമായത്. അർകി സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി സഞ്ജയ് അവസ്തി ബിജെപിയുടെ രത്തൻ സിങ്ങിനെ 3000 ത്തിലേറെ വോട്ടിന് തോൽപ്പിച്ചു. ഫത്തേപ്പൂരിൽ, കോൺഗ്രസിന്റെ ഭവാനി സിങ് പത്താനിയ ബിജെപിയുടെ ബൽദേവ് ഠാക്കൂറിനെ 5,634 വോട്ടുകൾക്ക് കീഴ്ടക്കി. ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 12,000 വോട്ടുകൾ കിട്ടി.
എന്നാൽ, ബിജെപിയെ ഏറ്റവും വിഷമിപ്പിക്കുന്നത് ജുബ്ബാൽ-കോട്കായി മണ്ഡലത്തിലെ തോൽവിയാണ്. ഇവിടെ വനിതാ സ്ഥാനാർത്ഥിക്ക് വെറും 2664 വോട്ടാണ് കിട്ടിയത്. കെട്ടിവച്ച കാശും പോയി. കോൺഗ്രസിന്റെ രോഹിത് ഠാക്കൂർ, സ്വതന്ത്ര സ്ഥാനാർത്ഥി ചേതൻ ബ്രഗ്തയെ 6, 293 വോട്ടുകൾക്ക് തോൽപ്പിച്ചു. ബിജെപി വോട്ട് വിഹിതം വെറും 4.67 ശതമാനം മാത്രം. അതായത് പാർട്ടി വോട്ടുകൾ പെട്ടിയിൽ വീണില്ലെന്ന് സാരം.
കോൺഗ്രസിന് വൻനേട്ടം
2017 ൽ ബിജെപി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സംസ്ഥാനത്ത് പ്രതിപക്ഷമായ കോൺഗ്രസിന് ഉപതിരഞ്ഞെടുപ്പ് ജയം വൻനേട്ടം തന്നെ. 2019 ൽ ബിജെപി ധർമശാല ഉപതിരഞ്ഞെടുപ്പിൽ 6000 ത്തിലേറെ വോട്ടിന് ജയിച്ചിരുന്നു. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശും പോയിരുന്നു.എന്നാൽ, 2021 മാറ്റത്തിന്റെ കാഹളം മുഴക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പ്രകാരം, മൂന്നുസീറ്റിലുമായി കോൺഗ്രസിന്റെ മൊത്തം വോട്ട് വിഹിതം ബിജെപിയേക്കാൾ 20 ശതമാനത്തിൽ അധികമാണ്.
നേതൃമാറ്റം എന്ന ചോദ്യം
ബിജെപിക്ക് തീർച്ചയായും ഫലം ഒരുഷോക്ക് ട്രീറ്റ്മെന്റാണ്. ഠാക്കൂറിന്റെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കാര്യങ്ങൾ തകിടം മറിയുമെന്ന ആശങ്ക ഉയർന്നുകഴിഞ്ഞു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡ മാത്രമല്ല, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും ഹിമാചലിൽ നിന്നാണ്. ഉത്തരാഖണ്ഡിലെ പോലെ നേതൃമാറ്റം വന്നാൽ, ഹിമാചലിൽ അനുരാഗിന് നറുക്ക് വീഴുമോ എന്ന് കണ്ടറിയണം.
മറുനാടന് മലയാളി ബ്യൂറോ