കോട്ടയം: കേരളം പല ഹർത്താലുകളേയും കണ്ടിട്ടുണ്ട്. കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും ബിജെപിയുടേയും പിന്തുണയില്ലാത്ത ഹർത്താലുകളും നിരവധി എത്തും. എന്നാൽ ഇവയൊക്കെ വെറും പേരിലേക്ക് കാര്യങ്ങൾ ഒതുക്കും. എന്നാൽ ഇന്നലെ കോട്ടയത്തെ ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്)യുടെ ഹർത്താൽ അക്ഷരാർത്ഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ചു.

കോട്ടയം ജില്ലയിൽ വ്യാപകമായി സിപിഎമ്മും എസ്എഫ്ഐയും നടത്തുന്ന ദലിത് പീഡനങ്ങൾക്കെതിരെയാണ് സിഎസ്ഡിഎസ് ജില്ലാ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അധികമാരും തന്നെ ഈ ഹർത്താലിനെ കുറിച്ച് അറിഞ്ഞിരുന്നുമില്ല. പതിവുപോലെ ഓഫീസിൽ പോകാൻ വണ്ടിയുമായി ഇറങ്ങിയവരെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കെഎസ്ആർടിസി ബസ് സർവീസിന് ശ്രമിച്ചെങ്കിലും അതിനും അനുവദിക്കാത്ത വിധത്തിലായിരുന്നു പ്രതിഷേധം. കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചു തകർത്തുകയായിരുന്നു ഹർത്താൽ അനുകൂലികൾ ചെയ്തത്. ദളിതരൊന്നടങ്കം തെരുവിലിറങ്ങിയതോടെ ഹർത്താൽ വിജയമായി. ബിജെപി സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നതിനിടെയാണ് ഹർത്താലെത്തിയത്. ദളിത് പ്രക്ഷോഭം ഏവരുടേയും കണ്ണു തുറപ്പിച്ചു. ഇതോടെ ദളിത് വിഷയങ്ങളിലെ ഇടപെടൽ ഗുണകരമാകുമെന്ന ചിന്തയെത്തി. അത് തീരുമാനമായി പുറത്തു വരികയാണ്.

നേരത്തെ തന്നെ സികെ ജാനുവിനെ മുന്നിൽ നിർത്തി ദളിത് ഭൂസമരം നടത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് പദ്ധതിയുണ്ടായിരുന്നു. കോട്ടയത്തെ സർക്കാരോടെ ഈ വിഷയങ്ങൾ ബിജെപി നേരിട്ട് ഏറ്റെടുക്കുകയാണ്. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഭൂസമരങ്ങളെ ഏകോപിപ്പിച്ചു രണ്ടാം ഭൂപരിഷ്‌കരണ സമരത്തിനും വർധിച്ചുവരുന്ന ദലിത് പീഡനങ്ങൾക്കെതിരെ രാഷ്ട്രീയമായി ഇടപെടൽ നടത്താനുമാണ് ബിജെപി സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം ഉണ്ടായത്. സംസ്ഥാന കൗൺസിലിൽ ഇന്ന് അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലാണ് നിർദ്ദേശം. ബിജെപിക്ക് അടുപ്പമില്ലാത്തതും സിപിഎമ്മിനു ശക്തമായ അടിത്തറയുള്ളതുമായ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്താനുള്ള രാഷ്ട്രീയ നീക്കമായാണ് ഇതിനെ കാണുന്നത്.

സിപിഎമ്മിന്റെയും ഇടതു സർക്കാരിന്റെയും ചില നിലപാടുകളോട് ദലിത്, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രതിഷേധം രാഷ്ട്രീയമായി മുതലെടുക്കാനാണു ബിജെപി നീക്കം. ദലിത്, ഭൂസമര പ്രശ്‌നങ്ങളിൽ ഫെബ്രുവരി-മാർച്ചിൽ നടത്താൻ പോകുന്ന സമരങ്ങളും ബിജെപി പ്രഖ്യാപിച്ചു. ഇത്തരം സമരങ്ങൾ കേരളത്തിലെ ദലിത് സംഘടനകളുമായി സഹകരിച്ചു നടത്താനാണു സംസ്ഥാന സമിതിയിലെ തീരുമാനം. ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി അടക്കമുള്ള പ്രസ്ഥാനങ്ങളുമായി അടുക്കാൻ ശ്രമിക്കും. ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം 400 ദലിത് പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പട്ടികജാതി-ആദിവാസി പെൺകുട്ടികളായ 35 പേർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ബിജെപി പ്രമേയത്തിൽ പറയുന്നു.

ഭൂരിഭാഗം കേസിലും പ്രതിപ്പട്ടികയിൽ സിപിഐ(എം) പ്രവർത്തകരാണെന്നും ദലിത്, ആദിവാസി വിഭാഗങ്ങൾ പീഡിപ്പിക്കപ്പെടേണ്ടവരാണെന്ന സവർണ ചിന്തയാണു സിപിഎമ്മിനെന്നും പ്രമേയത്തിലുണ്ട്. നാട്ടകം പോളി ടെക്‌നിക്കിലെ ദലിത് വിദ്യാർത്ഥികൾക്കെതിരെയുള്ള റാഗിങ് പോലുള്ള സംഭവങ്ങളും വിവരിക്കുന്നുണ്ട്. ഈ വിഷയങ്ങളാണ് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റിയും കോട്ടയം ഹർത്താലിന് ആധാരമായി പറഞ്ഞത്. അതെല്ലാം ബിജെപിയും ഏറ്റെടുക്കുകയാണെന്ന് ചുരുക്കം. സിപിഐ(എം) മേഖലകളിലേക്ക് കടന്നു കയറുകയാണ് ലക്ഷ്യം.

പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ ദലിത് വിഭാഗങ്ങളുടെ കൊലമുറിയായെന്നു ബിജെപി പ്രമേയത്തിൽ കുറ്റപ്പെടുത്തലുമുണ്ട്. സംസ്ഥാനത്തെ മൂന്നുലക്ഷം കുടുംബങ്ങൾക്ക് ഒരു സെന്റ് ഭൂമിയും ഇല്ലെന്ന കണക്കുമായാണു ബിജെപിയുടെ രാഷ്ട്രീയ പ്രമേയം. ഈ കണക്കു ഞെട്ടിപ്പിക്കുന്നതാണെന്നും പാവങ്ങളും ആദിവാസികളും ദലിതരും കർഷകത്തൊഴിലാളികളും ഭൂമിക്കായി നടത്തുന്ന സമരങ്ങളെ അവഗണിക്കാനും തല്ലിത്തകർക്കാനുമുള്ള ശ്രമമാണു സംസ്ഥാന സർക്കാർ നടത്തുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

സംസ്ഥാന കൗൺസിൽ യോഗം ഇന്നു 10.30നു മാമ്മൻ മാപ്പിള ഹാളിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. 1373 പ്രതിനിധികളാണു കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നത്.