- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകൻ ചെയ്ത കുറ്റത്തിന് അച്ഛനെ ശിക്ഷിക്കാൻ ആവില്ല; പാർട്ടിയിലെ മുതിർന്ന നേതാക്കൾ എല്ലാം കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതിന് എതിര്; പ്രതിപക്ഷം എത്ര കടുപ്പിച്ചാലും മന്ത്രി രാജി വയ്ക്കേണ്ടതില്ലെന്ന് ബിജെപി; മാധ്യമ പ്രവർത്തകനെ തല്ലാൻ ഒരുങ്ങിയത് തെറ്റെന്നും പാർട്ടി
ന്യൂഡൽഹി: മകന്റെ ചെയ്തികളുടെ പേരിൽ അച്ഛനെ ശിക്ഷിക്കാൻ ആവില്ലെന്ന് ബിജെപി. ലഖിംപൂർ ഖേരി കർഷക കൊലപാതകങ്ങളിൽ മകൻ ആഷിഷ് മിശ്ര പ്രതി ആയതിനെ ചൊല്ലി അച്ഛനായ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കാൻ ആവില്ലെന്നാണ് പാർട്ടിയുടെ നിലപാട്. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. അജയ് മിശ്രയ്ക്ക് എതിരെ നടപടി എടുക്കുന്നതിനോട് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് യോജിപ്പില്ല. അതുകൊണ്ട് തന്നെ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് മാറ്റില്ല.
ലഖിംപൂർഖേരി കേസ് കോടതിയിൽ ആയതിനാലും പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിനാലും ഇപ്പോൾ രാജി ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രിമാരും, മുതിർന്ന ബിജെപി നേതാക്കളും അഭിപ്രായപ്പെടുന്നു.
എന്നാൽ, കഴിഞ്ഞദിവസം ഇതേ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് അജയ് മിശ്ര തട്ടിക്കയറുകയും കോളറിൽ കയറി പിടിക്കുകയും ചെയ്തത് തെറ്റാണെന്ന് ബിജെപി കരുതുന്നു. ഇക്കാര്യത്തിൽ മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസിലെ പ്രതിയായ മകനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെ കോളറിൽ പിടിച്ച് മർദ്ദിക്കാനൊരുങ്ങിയത് വിവാദമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. ഇത്തരം മണ്ടൻ ചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങൾക്ക് ഭ്രാന്താണോ എന്ന് ചോദിച്ചായിരുന്നു കേന്ദ്രമന്ത്രി മാധ്യമപ്രവർത്തകന് നേരെ തട്ടിക്കയറിയത്. അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തിയതിനെക്കുറിച്ചുള്ള ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവർത്തകനെ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫാക്കാൻ പറയുന്നതും ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
ലഖിംപുർ ഖേരിയിലെ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. ജയിലിൽ കിടക്കുന്ന മകനെയും മന്ത്രി സന്ദർശിച്ചു. കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് അജയ് മിശ്ര രാജിവെക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടു. ലഖിംപുർ ഖേരി സംഭവം ആസൂത്രിതവും ഗൂഢാലോനയുടെ ഭാഗമായി നടന്നതുമാണെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം രാജി ആവശ്യം കടുപ്പിച്ചത്. കർഷകരെ കൊലപ്പെടുത്താൻ വേണ്ടിയാണ് വാഹനം ഇടിച്ചുകയറ്റിയതെന്നും ശ്രദ്ധക്കുറവല്ല അപകടത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ