- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയും ആപ്പും കട്ടയ്ക്ക് കട്ട; കെജ്രിവാളിന്റെ കീർത്തിയിൽ കുടുങ്ങി സർവ്വ തന്ത്രങ്ങളും പയറ്റി അമിത് ഷായും മോദിയും; നേരിയ മുൻതൂക്കത്തിൽ ബിജെപി ഭരണം പിടിച്ചേക്കുമെന്ന് സർവ്വെ
ന്യൂഡൽഹി: സാക്ഷാൽ കിരൺ ബേദി എത്തിയിട്ടും വേണ്ടത്ര മുന്നേറ്റം ഡൽഹിയിലെ പ്രചരണത്തിൽ ബിജെപിക്ക് നേടാനായില്ല. സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകൾ ബേദിയുടെ വരവോടെ രൂക്ഷമായി. അരവിന്ദ് കെജ്രിവാളും സംഘവുമാകട്ടെ കാടടച്ചു പ്രചരണത്തിലും. തോറ്റു കൊടുക്കാൻ കഴിയാത്തതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും സർവ്വ സന്നാഹ
ന്യൂഡൽഹി: സാക്ഷാൽ കിരൺ ബേദി എത്തിയിട്ടും വേണ്ടത്ര മുന്നേറ്റം ഡൽഹിയിലെ പ്രചരണത്തിൽ ബിജെപിക്ക് നേടാനായില്ല. സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകൾ ബേദിയുടെ വരവോടെ രൂക്ഷമായി. അരവിന്ദ് കെജ്രിവാളും സംഘവുമാകട്ടെ കാടടച്ചു പ്രചരണത്തിലും. തോറ്റു കൊടുക്കാൻ കഴിയാത്തതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും സർവ്വ സന്നാഹങ്ങളുമായി അവസാന ഘട്ട പ്രചരണത്തിന് എത്തുന്നു. ഏതായാലും ബിജെപി ക്യാമ്പിൽ ആശങ്ക സജീവമാണ്. അതുകൊണ്ട് തന്നെയാണ് കേന്ദ്രമന്ത്രിമാരേയും എംപിമാരേയും എല്ലാം പ്രചരണത്തിൽ സജീവമാക്കുന്നത്. ഇതിനിടെയിൽ എത്തിയ ഒരു സർവ്വേ ബിജെപിയുടെ പ്രതീക്ഷകൾക്ക് ജീവൻ നൽകുന്നു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 36 സീറ്റുകളുമായി ബിജെപി - അകാലിദൾ സഖ്യം അധികാരത്തിലെത്തുമെന്നാണ് ഐഎംആർബി - ദ് വീക്ക് അഭിപ്രായ സർവേയുടെ പ്രവചനം. 70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടതു 36 സീറ്റാണ്. ആം ആദ്മി പാർട്ടിക്ക് (എഎപി) 29 സീറ്റുകൾവരെ ലഭിച്ചേക്കാം. കോൺഗ്രസിനു നാലും മറ്റുള്ളവർക്ക് ഒന്നും വീതം സീറ്റുകളാണു പ്രവചിക്കുന്നത്. വോട്ടർമാരിൽ 39% ബിജെപിയെയും 37% എഎപിയെയും പിന്തുണയ്ക്കുന്നു. 14% മാത്രമേ കോൺഗ്രസിനൊപ്പമുള്ളൂ. ഈ മാസം 22 മുതൽ 24 വരെ നടത്തിയ അഭിപ്രായ സർവേയിൽ 70 മണ്ഡലങ്ങളിൽനിന്നു 4055 പേർ പങ്കെടുത്തു. ശേഷിക്കുന്ന ദിവസങ്ങളിലെ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ വന്നേക്കാം.
മുഖ്യമന്ത്രിസ്ഥാനത്തേക്കു കൂടുതൽ പിന്തുണ എഎപിയുടെ അരവിന്ദ് കേജ്‌രിവാളിനാണ് - 40%. ബിജെപിയുടെ കിരൺ ബേദി 39% പേരുടെ പിന്തുണയുമായി തൊട്ടുപിന്നിലുണ്ട്. മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി കിരൺ ബേദിയെ ബിജെപി തിരഞ്ഞെടുത്തതിനെ 60% പേർ പിന്തുണയ്ക്കുമ്പോൾ 42% പേർ ബേദി അവസരവാദിയാണെന്ന് അഭിപ്രായപ്പെട്ടു. മേഖല തിരിച്ചുള്ള കണക്കിൽ വടക്ക്, തെക്ക്, കിഴക്ക് മേഖലകളിൽ ബിജെപിക്കാണു മുൻതൂക്കം. മധ്യഡൽഹിയിൽ എഎപി മുന്നിലാണ്. പടിഞ്ഞാറൻ ഡൽഹിയിൽ ഇരുപാർട്ടികളും ഒപ്പത്തിനൊപ്പം. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം അഴിമതിയാണ്. 62% മോദിസർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരാണെന്നും സർവേ സൂചിപ്പിക്കുന്നു. ഇതിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്.
പ്രമുഖ സ്ഥാനാർത്ഥികളുടെ മണ്ഡലങ്ങളിൽ നടത്തിയ സർവേയിൽ കൃഷ്ണനഗറിൽ 60% പേർ കിരൺ ബേദിയെ പിന്തുണയ്ക്കുന്നു. എഎപി - 26%, കോൺഗ്രസ് - നാലു ശതമാനം എന്നിങ്ങനെയാണ് ഇവിടെ മറ്റുള്ളവരുടെ നില. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിനാണു മേൽക്കൈ -46%; ബിജെപി - 31%, കോൺഗ്രസ് - 5% എന്നിങ്ങനെയാണു മറ്റുള്ളവരുടെ നില. പട്പട്ഗഞ്ചിൽ 38% പിന്തുണയുമായി എഎപിയുടെ മനീഷ് സിസോദിയയാണു മുന്നിൽ. സദർ ബസാറിൽ കോൺഗ്രസ് മുഖ്യപ്രചാരകൻ അജയ് മാക്കൻ പിന്നിലാണ്; പിന്തുണ 11% മാത്രം. ഇവിടെ 39% പേർ ബിജെപിയെയും 38% പേർ എഎപിയെയും പിന്തുണയ്ക്കുന്നു.
അതിനിടെ ഡൽഹി പിടിക്കാൻ പുതിയ തന്ത്രവുമായി ബിജെപി എത്തുകയാണ്. തെരഞ്ഞെടുപ്പിനായി പ്രകടന പത്രിക പുറത്തിറക്കില്ല. പകരം വികസന വീക്ഷണ രേഖ പുറത്തിറക്കും. പ്രചരണ രംഗത്ത് കൂടുതൽ പ്രമുഖരെ ഇറക്കാനും സാമുദായിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവർത്തിക്കാനും ബിജെപി തീരുമാനിച്ചു. പ്രകടനപത്രികയ്ക്ക് പകരം വികസന വീക്ഷണ രേഖ പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കിരൺ ബേദിയെ ഉയർത്തി കാട്ടി പ്രചാരണം കൊഴുപ്പിച്ചിട്ടും ബിജെപിക്ക് ഭദ്രമായ മേധാവിത്വം പ്രചാരണ രംഗത്ത് നേടാനായിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇത്.
സാമുദായിക വോട്ടുകൾ പെട്ടിയിലാക്കാൻ അതത് സമുദായങ്ങളിൽ സ്വാധീനമുള്ള നേതാക്കളെ രംഗത്ത് ഇറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പ്രചാരണം കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ ദേശീയനേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജയ്റ്റലിയും പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തും. അരുൺ ജയ്റ്റലിക്കു പുറമേ സുഷ്മ സ്വരാജ്,സ്മൃതി ഇറാനി,നിർമ്മല സീതാരാമൻ തുടങ്ങിയ നേതാക്കളും പ്രചാരണത്തിന് ഇറങ്ങും.
യുപി ലോക്‌സഭാ തിരഞ്ഞെടുപ്പിനും ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനും നേതൃത്വം നൽകിയ വിഷ്ണു ദത്ത് ശർമ, രാകേഷ് ജയിൻ, രാഘവേന്ദ്ര, രഘുനാഥ് കുൽക്കർണി, ഷേർ സിങ്, മഹേന്ദ്ര പാണ്ഡേ തുടങ്ങിയ നേതാക്കളെയും ബിജെപി ഡൽഹിയിലിറക്കും. അടുത്ത ഏഴു ദിവസം ഡൽഹിയിൽ 250 റാലികൾ സംഘടിപ്പിക്കുന്നതിനാണു തീരുമാനം. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 120 എംപിമാർ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. ഓരോ മണ്ഡലത്തിലും 1000 കട്ടൗട്ടുകൾ വീതം സ്ഥാപിക്കും. 250 റാലികളിൽ നാലെണ്ണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.