ലഖ്നൗ: ഉത്തർ പ്രദേശിൽ മുന്നൂറ് സീറ്റിലേറെ നേടി അധികാരം നിലനിർത്തുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദങ്ങളെ നിരാകരിക്കുംവിധത്തിലുള്ള ഫലസൂചനകളുമായി പാർട്ടിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്. സംസ്ഥാനത്തെ അടുത്ത സർക്കാർ രൂപവത്കരണം ബിജെപിക്ക് അത്ര എളുപ്പമാവില്ലെന്നാണ് സർവേ സൂചിപ്പിക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മുഖ്യപ്രതിപക്ഷമായ എസ്‌പിക്കൊപ്പം രാഷ്ട്രീയ ലോക്ദൾ ചേർന്നതാണ് ബിജെപിക്ക് നേരിടേണ്ടി വന്ന പ്രധാന തിരിച്ചടി. പട്ടിക ജാതികളുടെയും പിന്നാക്ക സമുദായങ്ങളുടെയും മേൽ ബിജെപിക്ക് നിർണായക സ്വാധീനമാണുള്ളത്. എന്നാൽ, ന്യൂനപക്ഷ ധ്രുവീകരണവും യാദവരും ഉന്നതജാതിക്കാരായ കർഷകരും എസ്‌പി. നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തോട് അനുകൂലസമീപനം സ്വീകരിച്ചതും ബിജെപിയുടെ നില പരുങ്ങലിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജാട്ട്, യാദവ് വോട്ടുകൾ ഏറെയുള്ള 150-ൽ അധികം സീറ്റുകളിൽ എസ്‌പി.-ആർ.എൽ.ഡി. സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള പരിമിതികളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമുള്ള റാലികളിലൂടെ മറികടക്കാനാകുമെന്നാണ് ബിജെപി. കരുതുന്നത്.

പാർട്ടി മുന്നൂറിൽ കുറയാത്ത സീറ്റുകൾ നേടുമെന്ന് ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നിരുന്നാലും ഉത്തർ പ്രദേശിൽ അധികാരം നിലനിർത്തണമെങ്കിൽ വോട്ടെണ്ണലിനു ശേഷമുള്ള സഖ്യത്തിന് ബിജെപിക്ക് ശ്രമിക്കേണ്ടി വന്നേക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.

ന്യൂനപക്ഷ വോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള വിഭജനം കൊണ്ടുവരാൻ അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് സാധിച്ചിട്ടില്ലെന്നാണ് ബിജെപി. കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ന്യൂനപക്ഷങ്ങൾ എസ്‌പി. നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളോടാണ് ചായ്വു കാണിച്ചുവരുന്നത്.

എന്നാൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി, എസ്.സി. വോട്ടുകളിലും മറ്റ് അങ്ങേയറ്റം ന്യൂനപക്ഷമായ സമുദായങ്ങളുടെ വോട്ടുകളിലും ക്രമേണ വിള്ളൽ വരുത്തുന്നുണ്ട്. ഇത് വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തോട് അടുത്തപ്പോൾ ബിജെപിക്ക് സഹായകമാകുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.