അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നില്ലെങ്കിൽ ബിജെപി പരാജയപ്പെടുമെന്ന പ്രതീക്ഷയിൽ പാടിദാർ അനാമത് ആന്ദോളൻ സമിതി (പി.എ.എ.എസ്) നേതാവ് ഹാർദിക് പട്ടേൽ. കോൺഗ്രസിനോട് കൈകോർത്ത് പോരാടിയ ഹാർദ്ദിക്ക് വി.വി പാറ്റ് യാത്രങ്ങൾക്ക് പ്രാധാന്യം നൽകാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കേടുവന്നില്ലെങ്കിൽ ബിജെപി പരാജയപ്പെടുകതന്നെ ചെയ്യും. വോട്ടിങ് യന്ത്രങ്ങളിൽ 100 ശതമാനം സംശയമുണ്ടെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വി.വി പാറ്റ് യന്ത്രങ്ങൾക്ക് പ്രാധാന്യം നൽകാത്തത് എന്തുകൊണ്ടാണെന്ന് ഹാർദിക് പട്ടേൽ ആരാഞ്ഞു. ഈ വിഷയത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാട് തനിക്ക് മനസിലായിട്ടില്ല. വോട്ടിങ് യന്ത്രങ്ങൾ കേടുവന്നാലും വോട്ടെണ്ണൽ സുതാര്യമായി നടത്താൻ വി.വി പാറ്റ് സംവിധാനം ആവശ്യമാണെന്നും ഹാർദിക് പട്ടേൽ അഭിപ്രായപ്പെട്ടു.

വോട്ടെണ്ണലിനൊപ്പം വി.വി പാറ്റ് യന്ത്രത്തിലെ സ്ലിപ്പുകളും എണ്ണണമെന്ന് കോൺഗ്രസിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതേത്തുടർന്ന് വിശദമായ പരാതി സമർപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഓരോ മണ്ഡലത്തിലെയും 20 ശതമാനം ബൂത്തുകളിൽ വോട്ടെണ്ണലിനൊപ്പം വി.വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. തിരഞ്ഞെടുപ്പിന്റെ സുതാര്യത ജനങ്ങൾക്ക് ഉറപ്പുവരാൻ ഇത് അത്യാവശ്യമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഹർജി പിൻവലിക്കാനും തിരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച സമഗ്രമായ പരാതി നൽകാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജിക്കാരനായ കോൺഗ്രസ് നേതാവിന് അനുമതി നൽകിയിരുന്നു.