റാഞ്ചി: ഝാർഖണ്ഡിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ ജയം. അഞ്ച് മുൻസിപ്പൽ കോർപ്പറേഷനിലും വിജയം ബിജെപിക്കൊപ്പം നിന്നു. മേയർ, ഡെപ്യൂട്ടി സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. റാഞ്ചി, ഹസാരിബാഗ്, ഗിരിധി, ആദിയാപൂർ, മോദിനഗർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

റാഞ്ചി മേയറായി ആശ ലക്രയും ഡെപ്യൂട്ടി മേയറായി സഞ്ജീവ് വിജയവാർഗിയയും തെരഞ്ഞെടുക്കപ്പെട്ടു. ലക്ര 1,49,623 വോട്ടുകൾ നേടിയാണ് ജയിച്ചത്. ജാർഖണ്ഡ് മുക്തിമോർച്ചയുടെ വർഷ ഗിരിയെയാണ് പരാജയപ്പെടുത്തിയത്. ഹസാരിബാഗ് മേയറായി റോഷ്ണി തിർക്കിയും ഡെപ്യൂട്ടി മേയറായി രാജ്കുമാർ ലാലും വിജയിച്ചു. ആദിയാപൂരിൽ മേയറായി വിനോദ് ശ്രീവാസ്തവയും ഡെപ്യൂട്ടി മേയറായി അമിത് സിംഗും തെരഞ്ഞെടുക്കപ്പെട്ടു.

ശക്തമായ ത്രികോണ മത്സരമാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നടന്നത്. കോൺഗ്രസും ജാർഖണ്ഡ് മുക്തിമോർച്ചയുമായിരുന്നു ബിജെപിയുടെ എതിരാളികൾ. ഗിരിധിയിൽ സുനിൽ പാസ്വാൻ മേയറായും പ്രകാശ് റാം ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. മോദിനഗറിൽ മേയറായി തെരഞ്ഞടുക്കപ്പെട്ടു. രാകേഷ് കുമാറാണ് ഡെപ്യൂട്ടി മേയർ. അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും ഏപ്രിൽ 16-നാണ് തെരഞ്ഞെടുപ്പ് നടന്നത്.

34 ലോക്കൽ ബോഡിയിലേക്കായി നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് മുൻസിപ്പൽ കോർപ്പറേഷനുകളും, 16 മുൻസിപ്പൽ കൗൺസിലുകളും, 13 നഗർ പഞ്ചായത്തുകളുമാണ് ഉൾപ്പെടുന്നത്. പലയിടത്തും കോൺഗ്രസും ജെഎംഎമ്മും ബിജെപിക്ക് കടുത്ത വെല്ലുവിളിയുയർത്തി.