അഗർത്തല: മണിക് സർക്കാർ..! ഒരുകാലത്ത് ഈ പേരു മതിയായിരുന്നു ത്രിപുരയിലെ ജനതയ്ക്ക് ചെങ്കൊടി പിടിച്ച് സിപിഎമ്മിനൊപ്പം നിൽക്കാൻ. മൂന്ന് പതിറ്റാണ്ടിന് അടുത്ത് സിപിഎമ്മിന്റെ സമഗ്രാധിപത്യമായിരുന്നു നോർത്ത് ഈസ്റ്റിലെ ഈ കൊച്ചു സംസ്ഥാനത്ത്. ഒരു കാലത്ത് ബംഗാളും കേരളവും ചുവപ്പൻ കോട്ടകളായി നിലനിൽക്കുമ്പോൾ ചെങ്കൊടി നെഞ്ചോടു ചേർത്തു ഈ കൊച്ചു സംസ്ഥാനവും. എന്നാൽ, ഇന്ന് സ്ഥിതിഗതികൾ മാറിക്കഴിഞ്ഞു. ത്രിപുരയുടെ മണ്ണിൽ നിന്നും സിപിഎം എന്ന പ്രസ്ഥാനം ഏതാണ്ട് തുടച്ചു നീക്കപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎമ്മിന്റെ അധികാര കുത്തകയ്ക്ക് അന്ത്യം കുറിച്ചു. അവിടെ നിന്നും ഒരു തിരിച്ചുവരവിന് പോലും കഴിവില്ലാത്ത ഈർക്കിൽ പാർട്ടിയെന്ന നിലയിലേക്കാണ് ഇപ്പോൾ ആ പാർട്ടിയുടെ പോക്ക്.

മണിക് സർക്കാറെന്ന് ജനകീയനായ നേതാവ് നയിച്ച് സിപിഎമ്മിന്റെ ശവപെട്ടിയിലുള്ള അവസാനത്തെ ആണിയായി മാറുകയാണ് ഈമാസം 30ന് നടക്കാനാരിക്കുന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്. ബിപ്ലബ് ദേവ് നയിക്കുന്ന ഭരണപ്പാർട്ടിയായ ബിജെപി ത്രിപുരയുടെ മുക്കിലും മൂലയിലും ശക്തിപ്രാപിക്കുകയാണ്. ഈ മാസം 30-നു നടക്കുന്ന ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ 96 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾക്കും എതിരില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചപ്പോഴാണ് 96 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയം നേടിയത്. 18 ജില്ലാ പരിഷത്തുകളിലും ബിജെപി. നേട്ടമുണ്ടാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

സംസ്ഥാനത്ത് ബിജെപി. സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാർട്ടിയിൽ നിന്നുള്ളവർ കൂട്ടമായി രാജിവെച്ചതോടെ 3,386 സീറ്റുകളിലേക്കാണ് (3,207 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും 161 പഞ്ചായത്ത് സമിതികളിലേക്കും 18 ജില്ലാ പരിഷത്തുകളിലേക്കും) ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിൽ 3,075 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലും 154 പഞ്ചായത്ത് സമിതികളിലും 18 ജില്ലാ പരിഷത്തുകളിലും ബി.ജ.പി. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 132 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും ഏഴു പഞ്ചായത്ത് സമിതികളിലേക്കുമായിരിക്കും 30-ന് തിരഞ്ഞെടുപ്പ് നടക്കുക. ഫലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ സാഹചര്യത്തിൽ സിപിഎം തന്നെ ബിജെപിക്ക് തന്നെ വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വരാനിരിക്കുന്ന വമ്പൻതോൽവി ഭയന്ന് സ്ഥാനാർത്ഥികളെ നിർത്താതെ ഒളിച്ചോടുകയും ചെയ്തു സിപിഎം. ഇതിന് കാരണമായി പറഞ്ഞതാകട്ടെ ബിജെപി അതിക്രമമാണെന്നും സ്ഥാനാർത്ഥികളുടെ നോമിനേഷൻ നൽകാൻ പോലും സമ്മതിച്ചില്ലെന്ന വാദവും. കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന വാദവുമായി തെരഞ്ഞെടുപ്പ് കമാമീഷനെ സമീപിച്ചിരുന്നു. വലിയ തോതിൽ ആക്രമണമാണ് ബിജെപിക്കെതിരായ നോമിനേഷൻ നൽകുന്നവർക്ക് നേരെ ഉണ്ടാകുന്നതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഈവാദങ്ങളെല്ലാം ബിജെപി തള്ളിക്കളയുകയും ചെയ്യുന്നു.

ഏഴ് മാസം മുമ്പ് വരെ സംസ്ഥാന ഭരിച്ച പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും സ്ഥാനാർത്ഥികളെ നിർത്താൻ കഴിയുന്നില്ലെന്ന വാദം പാർട്ടിയുടെ അടിത്തറ ഇളകിയെന്ന് വ്യക്തമാക്കുന്നതാണ്. സിപിഎമ്മിന് മത്സരിക്കാൻ പോലും സ്ഥാനാർത്ഥികളെ കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്നും അല്ലാതെ അക്രമണമങ്ങൾ കാരണമല്ലെന്നുമാണ് ബിജെപി വാദിക്കുന്നത്. എന്നാൽ, ബിജെപിക്കാർ അല്ലാത്തവർ നോമിനേഷൻ ഫയൽ ചെയ്തപ്പോൾ അതിക്രമമുണ്ടായെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഗൗതംദാസ് പറയുന്നത്. 28 ബ്ളോക്കുകളിൽ പത്രിക നൽകാൻ ബിജെപി പ്രവർത്തകർ അനുവദിച്ചില്ലെന്നാണ് സിപിഎം ആരോപണം. നൽകിയവരിൽ തന്നെ ചിലർ നോമിനേഷൻ പിൻവലിക്കുകയും ചെയ്തു.

ചുരുക്കത്തിൽ ത്രിപുരയിൽ സിപിഎം വലിയ തോതിൽ തന്നെ ക്ഷീണിച്ചുവെന്നതിന്റെ തെളിവാണ് ഗ്രാമപഞ്ചായത്തുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. അഗർത്തല നഗരം അടക്കമുള്ളിടത്ത് പാർട്ടിക്ക് സ്വാധീനമേഖലയായി തുടരുന്നത്. പ്രാദേശിക നേതാക്കളും അണികളും വലിയ തോതിലാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. സംസ്ഥാനത്ത് കരകയറാൻ സിപിഎം പാടുപെടുമ്പോൾ നേതൃത്വത്തെ തന്നെ അമ്പരപ്പിച്ച് മുതിർന്ന സിപിഎം നേതാവ് ബിജെപി പാളയത്തിലേക്ക് ചുവട് മാറ്റിയത് അടുത്തിടെയായിരുന്നു.

മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ ബിശ്വജിത്ത് ദത്തയാണ് ബിജെപിയിൽ ചേർന്നത്. ത്രിപുരയിൽ വലിയ സ്വാധീനമുള്ള നേതാവായ ബിശ്വജിത്ത് പാർട്ടിയുടെ അഴിമതി രഹിത മുഖമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതോടെ പാർട്ടി നേതൃത്വവുമായി ഇദ്ദേഹം കലഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിശ്വജിത്ത് ബിജെപി പാളയത്തിലേക്ക് കൂറുമാറിയത്. പാർട്ടി പ്രവർത്തകർ സംസ്ഥാന വ്യാപകമായി ബിജെപിയിൽ നിന്നും ആക്രമണം നേരിടുന്നുവെന്ന് സിപിഎം ആരോപിക്കുന്നതിനിടയിലാണ് മുതിർന്ന നേതാവ് തന്നെ പാർട്ടിയെ തള്ളിയത്. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതുമുതൽ ബിശ്വജിത്ത് സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ വലിയ തോതിൽ ആക്രമണങ്ങൾ അരങ്ങേറുകയുണ്ടായി. സിപിഎം ഓഫീസുകൾ തകർക്കുകയും പാർട്ടി അണികളെ കൊലപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്തായാലും ത്രിപുരയിൽ ഇനിയൊരു തിരിച്ചുവരവിന് ശേഷിയില്ലാത്ത വിധത്തിൽ സിപിഎം മാറിയെന്നതാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പും വ്യക്തമാക്കുന്ന സൂചന.