കൊല്ലം: കൊല്ലം കോർപ്പറേഷനിലെ തേവള്ളി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പി ബിജെപി സ്ഥാനാർത്ഥി ബി ഷൈലജയ്ക്ക് ജയം. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൈലജ വിജയിച്ചത്. ബിജെപി കൗൺസിലറായിരുന്ന കോകിലയുടെ മരണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോകിലയുടെ അമ്മയാണ് വിജയിച്ച ബി ഷൈലജ.

ഇന്നലെയായിരുന്നു കൊല്ലം നഗരസഭയിലെ തേവള്ളി ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 68.2 ശതമാനം പോളിങ നടന്നിരുന്നു. ആകെയുള്ള 4805 വോട്ടർമാരിൽ 3278 പേർ നാലു പോളിങ് ബൂത്തുകളിലായി വോട്ടു ചെയ്തു. സിപിഐ എമ്മിലെ എൻ എസ് ബിന്ദുവാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ആർഎസ്‌പിയിലെ എസ് ലക്ഷ്മി യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്നു. കോൺഗ്രസിലെ ഗീത ദേവകുമാർ സ്വതന്ത്ര സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ടായിരുന്നു.

മണ്ഡലത്തിൽ കോകിലയുടെ പേര് പറഞ്ഞായിരുന്നു ബിജെപി പ്രധാനമായും വോട്ട് പിടിച്ചത്. ഈ പ്രചരണം തന്നെയാണ് ഇവിടെ ഷൈലയുടെ വിജയത്തിന് സഹായകമായതും. മകളോടുള്ള ഇഷ്ടം വോട്ടായി മാറിയപ്പോൾ അത് വിജയത്തിൽ കലാശിക്കുകയായിരുന്നു. മരണമടഞ്ഞ കൗൺസിലർ വോട്ടഭ്യർഥിക്കുന്ന തരത്തിൽ കത്തുമായി ബിജെപി പ്രചരണം നടത്തിയത് വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

'ഞാൻ കോകില. ഈശ്വര കൃപയാൽ നിങ്ങൾക്ക് സുഖമെന്ന് വിശ്വസിക്കുന്നു എന്ന് തുടങ്ങുന്ന അഭ്യർത്ഥനയിൽ മരണപ്പെട്ടതും മൃതദേഹം അടക്കിയപ്പോൾ നാട് നൽകിയ യാത്രയയപ്പും കോകില ഓർമിക്കുന്നതായി നല്കിയിരിക്കുന്നു. നേരിട്ട് വന്ന് ചോദിക്കുവാൻ വിധി കനിഞ്ഞില്ല. തേവള്ളിയിൽ ജനവിധി തേടുന്ന എന്റെ അമ്മയെ അനുഗ്രഹിച്ച് വിജയിപ്പക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനിയൊരിക്കലും മറ്റൊരു ആഗ്രഹവുമായി ഞാൻ നിങ്ങളുടെ മുന്നിലെത്തില്ല. എന്റെ മോഹം സാധിച്ചുതരണം' എന്നാണു കത്തിലെ വരികൾ. ഒടുവിൽ 'സ്‌നേഹപൂർവ്വം കോകില എസ് കുമാർ' എന്നും ചേർത്തിട്ടുണ്ട്.

സംഭവം സോഷ്യൽ മീഡിയയിലുടെ ചിലർ ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. എന്നാൽ തങ്ങളല്ല ഇങ്ങനെ നോട്ടീസ് അടച്ചതെന്നാണ് ബിജെപി നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ, ഇതിന്റെ പേരിൽ ബിജെപിക്കെതിരെ പരാതിയും കോൺഗ്രസും സിപിഎമ്മും ഉന്നയിച്ചിരുന്നു. എന്തായാലും കോകിലയുടെ പേര് പറഞ്ഞുള്ള വോട്ടു പിടിക്കൽ ഇവിടെ വിജയം കാണുകയായിരുന്നു.

കൊല്ലം കർമലറാണി ട്രെയിനിങ് കോളജിലെ ബി.എഡ് വിദ്യാർത്ഥിനിയായിരുന്ന കോകില കോർപറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായിരുന്നു. കോകില കഴിഞ്ഞ സെപ്റ്റംബർ 14നാണു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. കോകിലയുടെ അച്ഛൻ സുനിൽ കുമാറും അപകടത്തിൽ മരിച്ചു. കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടറിൽ മദ്യലഹരിയിലെത്തിയ ഡ്രൈവർ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചാണ് അപകടമുണ്ടായത്. ഇതേ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.