ശ്രീനഗർ: ജമ്മുകശ്മീരിലെ 52 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 520ൽ212 സീറ്റുമായി ബിജെപിക്ക് വിജയം. താഴ്‌വര മേഖലയിൽ കോൺഗ്രസിന് മുന്നേറ്റം. 624ൽ 157സീറ്റുമായിട്ടായിരുന്നു കോൺഗ്രസിന്റെ മുന്നേറ്റം. ജമ്മു മുൻസിപ്പൽ കോർപ്പറേഷൻ ഭരണം കോൺഗ്രസിൽ നിന്ന് ബിജെപി തിരിച്ചുപിടിച്ചു. ജമ്മു കശ്മീരിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ നടന്ന മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിലാണ് ബിജപി വിജയം നേടിയത്.

പ്രധാന കക്ഷികളായ പിഡിപിയും നാഷണൽ കോൺഫറൻസും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതിനാൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു പോരാട്ടം. ജമ്മുവിലെ 520 വാർഡുകളിൽ 212 എണ്ണം ബിജെപി സ്വന്തമാക്കി. 110സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ 185 സീറ്റുകൾ സ്വതന്ത്രർ നേടി.

ജമ്മു മുൻസിപ്പൽ കോർപ്പറേഷനിലെ 75 സീറ്റുകളിൽ 43 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം ഉറപ്പിച്ചത്. കോൺഗ്രസ് 14ഉം സ്വതന്ത്രർ 18ഉം സീറ്റുകൾ നേടി. ജമ്മു മേഖലയിലെ 14 മുൻസിപ്പൽ സമിതികളിൽ ബിജെപി ഭൂരിപക്ഷം നേടി. തെക്കൻ കശ്മീരിലെ പുൽവാമ, ഷോപ്പിയാൻ, അനന്ദ്‌നാഗ്, കുൽഗാം ജില്ലകളിലും ബിജെപിക്കാണ് മേൽക്കൈ.

132 വാർഡുകളിൽ 53എണ്ണം ബിജെപി നേടിയപ്പോൾ 28എണ്ണമാണ് കോൺഗ്രസിന് നേടാനായത്. നാല് മുൻസിപ്പൽ സമിതികളിൽ ബിജെപിയും മൂന്നെണ്ണത്തിൽ കോൺഗ്രസും ഭരണം ഉറപ്പിച്ചു. താഴ്‌വരയിലും ലഡാക്കിലും കൂടുതൽ സീറ്റുകൾ കോൺഗ്രസിന് നേടാനായി. ഇവിടെ രണ്ടാം സ്ഥാനത്ത് സ്വതന്ത്രരാണ്.

നീണ്ട 13 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടന്നത്. ഈ മാസം എട്ടു മുതൽ 16 വരെയുള്ള തിയതികളിൽ നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചത്.ഈ ഫലങ്ങൾ ജമ്മുകാശ്മീർ ജനതയുടെ പ്രതീക്ഷയുടെ പ്രതിഫലനമാണ്, അവർ കലാപത്തിന്റെ രാഷ്ട്രീയത്തിൽ നിന്ന് അകന്നു പോകാൻ ആഗ്രഹിക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ ട്വീറ്റ്. വിജയത്തിൽ കാശ്മീരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.