മംഗളൂരു: കലബുറുഗിയിൽ ചെമ്മരിയാട് ഫാം ഷെഡിൽ ഒളിപ്പിച്ചു സൂക്ഷിച്ച 1200 കിലോഗ്രാ കഞ്ചാവ് ശേഖരം പൊലീസ് പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലുപേരിലെ മുഖ്യകണ്ണി ബിദർ ഔറാദിലെ ചന്ദ്രകാന്ത് ചവാൻ(34) ബിജെപി പ്രവർത്തകനാണെന്ന് അറിവായി. മറ്റു മൂന്ന് പ്രതികൾക്ക് അറിയാത്ത ആടുഫാമിൽ കഞ്ചാവ് സൂക്ഷിച്ച അഞ്ചടി താഴ്ചയും പത്തടി വിസ്തൃതിയുമുള്ള ഭൂഗർഭ അറ അറസ്റ്റ് നടത്തി ചോദ്യം ചെയ്തതിനെത്തുടർന്ന് ഇയാളാണ് പൊലീസിന് കാണിച്ചുകൊടുത്തത്.

കലബുറുഗിയിൽ കലഗിയിലെ കുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ലച്ച നയകന എന്ന ഫാമിലേക്ക് തെലങ്കാനയിൽ നിന്ന് പച്ചക്കറികളുടെ മറവിൽ കഞ്ചാവ് എത്തിക്കുന്നത് ചന്ദ്രകാന്തും അറസ്റ്റിലായ കലബുറുഗി കലഗിയിലെ നാഗനാഥും(39) ചേർന്നാണെന്ന് പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. എയ്കർ ലോറികളിൽ കഞ്ചാവ് അട്ടിയിട്ട് മുകളിലും ചുറ്റിലും പച്ചക്കറികൾ നിറക്കുന്നതാണ് രീതി. ഒഡീഷയിലെ കഞ്ചാവ് തോട്ടങ്ങളിൽ നിന്നാണ് തെലങ്കാനയിൽ മയക്കുമരുന്ന് കൊണ്ടുവരുന്നത്.ഇരുവരേയും ദേശീയ പാത 50ൽ കമലപുറിൽ നിന്ന് പിടികൂടിയത് 150കിലോഗ്രാം കഞ്ചാവുമായാണ്.

അറസ്റ്റിലായ ശേശാദ്രിപുരം ഡബ്ല്യു ഗിരി കോളനിയിലെ ഓട്ടോറിക്ഷ ഡ്രൈവർ ജ്ഞാനശേഖർ,വിദ്യാപുര സിന്ദഗിയിലെ സിദ്ധുനാഥ് ലവടെ എന്നിവർ വിതരണ ശൃംഖലയിലെ കണ്ണികൾ മാത്രമാണ്. മഹാരാഷ്ട്ര,തെലങ്കാന,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ എളുപ്പം എത്താൻ കഴിയുന്ന കർണ്ണാടകയിലെ പ്രദേശമാണ് കലബുറുഗി.തുറമുഖവും അടുത്തുണ്ട്. കർണ്ണാടകയിലെ ബിജെപി സർക്കാറിന്റെ തണലിൽ നേതാക്കളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് മാഫിയ വളരുകയാണെന്ന് ചിറ്റപുർ എംഎൽഎയും മുൻ മന്ത്രിയുമായ പ്രിയങ്ക് എം.ഖാർഗെ പറഞ്ഞു.ഈ സർക്കാർ അധികാരത്തിൽ വന്ന് വർഷത്തിനകം ആന്ധ്രപ്രദേശ്,തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് റിക്രിയഷൻ ക്ലബ്ബുകൾക്ക് അനുമതി.ഈ ക്ലബ്ബുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് മയക്കുമരുന്ന് മാഫിയ വിളയാട്ടമാണെന്ന് ഖാർഗെ പറഞ്ഞു.

പൊലീസ് ഇപ്പോൾ പിടിച്ചതിലും വലുത് പല അറകളിലുണ്ടെന്ന് രാഷ്ട്രീയം വിട്ട് കാർഷിക മേഖലയിൽ കേന്ദ്രീകരിക്കുന്ന കലബുറുഗിയിലെ മാരുതി മൻപാടെ പറഞ്ഞു.കലബുറുഗി ജില്ലയിലെ ചിഞ്ചോളി,ഗുൽബർഗ്ഗ ജില്ലയിലെ അഫ്സൽപൂർ താലൂക്കുകളിൽ ദശാബ്ദങ്ങളായി വൻതോതിൽ കഞ്ചാവ് കൃഷിയുണ്ട്.ഒഡീഷയുടെ പേര് പൊലീസ് പറയുന്നത് എന്തിനാണെന്ന് ദീർഘകാലം അതിനെതിരെ പോരാട്ടം നടത്തിയ തനിക്കറിയാം. കഞ്ചാവ് കൃഷിയെ സംരക്ഷിക്കുന്നതിൽ ബിജെപി,കോൺഗ്രസ് ഭേദമുള്ളതായി തനിക്ക് തോന്നിയിട്ടില്ല. പൊലീസുകാർ നക്കുന്ന കാലുകൾ ഭരണത്തിനൊത്ത് മാറിക്കൊണ്ടുമിരിക്കും.