- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർദ്ദം ശക്തമായപ്പോൾ ചെന്നരയിലെ കുട്ടികൾ മൊഴിമാറ്റി; നടപടി ക്രമങ്ങളൊന്നും പാലിക്കാതെ ശിശുക്ഷേമ സമിതി; ബിജെപി പ്രവർത്തകർ പ്രതിയായ പീഡന കേസ് അദ്ധ്യാപക നേതാവ് ഇടപെട്ട് ഒതുക്കി
മലപ്പുറം: മംഗലം ചെന്നര വിവിയുപി സ്‌കൂളിലെ മൂന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെട്ടതോടെ കേസ് തേച്ചു മായ്ച്ച് കളയാൻ തിരക്കിട്ട നീക്കങ്ങളായിരുന്നു നടന്നത്. കേസ് ഇല്ലാതാക്കാൻ കുട്ടികളെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്തതോടെ ജില്ലാ ശിശുക്ഷേമസ
മലപ്പുറം: മംഗലം ചെന്നര വിവിയുപി സ്‌കൂളിലെ മൂന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെട്ടതോടെ കേസ് തേച്ചു മായ്ച്ച് കളയാൻ തിരക്കിട്ട നീക്കങ്ങളായിരുന്നു നടന്നത്. കേസ് ഇല്ലാതാക്കാൻ കുട്ടികളെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്തതോടെ ജില്ലാ ശിശുക്ഷേമസമിതിക്കു മുമ്പാകെ ഹാജരാക്കിയ പെൺകുട്ടികൾ നേരത്തേ പറഞ്ഞതെല്ലാം അപ്പാടെ മറന്നു. അദ്ധ്യാപകർ, ചൈൽഡ് ലൈൻ, പൊലീസ് എന്നിവർക്ക് നേരത്തെ കുട്ടികൾ നൽകിയ മൊഴികൾക്ക് വിരുദ്ധമായിട്ടായിരുന്നു കഴിഞ്ഞ ദിവസം ശിശുക്ഷേമസമിതിക്കു മുന്നിൽ മൊഴി നൽകിയത്. എന്നാൽ തികച്ചും നാടകീയമായ രംഗങ്ങളായിരുന്നു തവനൂർ ശിശുക്ഷേമസമിതി സിറ്റിംഗിൽ ഇന്നലെ സംഭവിച്ചത്. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ആർക്കൊക്കെയോ വേണ്ടി കേസ് പെട്ടെന്ന് തീർക്കാനുള്ള തിരക്കിട്ട നീക്കമായിരുന്നു സി.ഡബ്ലിയു.സി നടത്തിയത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡനത്തിനിരയായാൽ വൈദ്യപരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നിരിക്കെയാണ് നിയമങ്ങളും കോടതി ഉത്തരവുകളുമെല്ലാം കാറ്റിൽ പറത്തി പീഡനക്കേസ് ഇല്ലാതാക്കുന്നത്. പീഡനം നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് പത്തു ദിവസം പിന്നിടുന്നു. എന്നാൽ ബാലപീഡനത്തിന് എഫ്.ഐ.ആർ ഇട്ടാൽ കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നാണ് ചട്ടം. അല്ലെങ്കിൽ രക്ഷിതാക്കളുടെ അനുമതിയോടെ ശിശുക്ഷേമ മന്ദിരത്തിലേക്ക് മാറ്റി തുടർനടപടികൾ സ്വീകരിക്കണം.
എന്നാൽ ഇതൊന്നും ചെയ്യാതെ ശിശുക്ഷേമസമിതിക്കു മുന്നിൽ ഹാജരാക്കി കുട്ടികളെ പറഞ്ഞു പഠിപ്പിച്ചതു പ്രകാരം പറയിക്കുകയും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുകയുമായിരുന്നു. കുട്ടികൾ നേരത്തെ നൽകിയ വിവിധ മൊഴികളിലും അദ്ധ്യാപിക നൽകിയ മൊഴിയിലും മൂന്നു കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ആളൊഴിഞ്ഞ സമയത്ത് ബാർബർഷോപ്പിൽ കയറ്റിയായിരുന്നുവത്രെ പീഡിപ്പിച്ചിരുന്നത്. എന്നാൽ കുട്ടികൾ ഇപ്പോൾ നൽകിയ മൊഴിയിൽ ബാർബർ ഷോപ്പിൽ പോയിരുന്നെന്നും എന്നാൽ ഇത് മിഠായി വാങ്ങാനായിരുന്നെന്നുമാണ് പറഞ്ഞിരിക്കുന്നത്.
പീഡനക്കേസ് ഇല്ലാതാക്കുന്നതിനു പിന്നിൽ സ്‌കൂൾ അധികൃതരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടുകെട്ട് തന്നെയാണുള്ളത്. കേസിൽ പ്രതി ചേർത്തിരുന്നതാകട്ടെ ബിജെപി പ്രവർത്തകരും അവരുമായി ബന്ധമുള്ളവരുമാണ്. ഇതിനാൽ ഇവരെ രക്ഷിക്കാൻ തിരക്കിട്ട നീക്കമായിരുന്നു ബന്ധപ്പെട്ടവർ അണിയറയിൽ നടത്തിയത്. യഥാർത്ഥ കുറ്റവാളികളെ പിടിക്കാതായതോടെ ഒരു നാട്ടിലെ ചെറുപ്പക്കാർ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിലാണിപ്പോൾ. എന്നാൽ കേസ് ഉന്നതങ്ങളിൽ എത്തിയതോടെ സ്‌കൂൾ അധികൃതരും കുടുങ്ങുമെന്നുറപ്പായി. പീഡന വിവരം ആദ്യം കുട്ടികൾ പറഞ്ഞിരുന്നത് അദ്ധ്യാപകരോടായിരുന്നു.
എന്നാൽ അദ്ധ്യാപകർ ചേർന്ന് വാർഡ് മെമ്പറുടെ വീട്ടിൽ സംഭവത്തിലുൾപ്പെട്ട യുവാവിനെ വിളിച്ചുവരുത്തുകയും ഇതിൽ മനംനൊന്ത് അടുത്ത ദിവസം ഇയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല പീഡന വിവരം സ്‌കൂൾ അധികൃതർ ബന്ധപ്പെട്ട അഥോറിറ്റികളെ അറിയിക്കാതെ പൂഴ്‌ത്തിവച്ചതും സ്‌കൂൾ അധികാരികൾക്കും അദ്ധ്യാപകർക്കും തിരിച്ചടിയാകും. ഇത് മുൻകൂട്ടി കണ്ട സ്‌കൂൾ മാനേജ്‌മെന്റും അദ്ധ്യാപകരും കേസ് ഒതുക്കുകയായിരുന്നു. അപ്‌ഗ്രേഡിംഗിന്റെ വക്കിലെത്തി നിൽക്കുന്ന സ്‌കൂളിനെതിരേ കേസ് ഇല്ലാതാകുക എന്നത് മാനേജ്‌മെന്റിന്റെ ആവശ്യം കൂടിയാണ്.
മൂന്നു കുട്ടികളെയും ചൈൽഡ് ഹോമിലേക്ക് മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകർ ശിശുക്ഷേമസമിതിക്ക് കത്ത് നൽകിയിരുന്നത്. എന്നാൽ ഇതു മാനിക്കുകയോ മുമ്പ് കുട്ടികൾ നൽകിയ മൊഴികൾ പരിശോധിക്കുകയോ ചെയ്യാതെ ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളത്തിൽ കുട്ടികൾക്ക് പരാതിയില്ലെന്ന് രേഖപ്പെടുത്തുകയായിരുന്നുവത്രെ. എന്നാൽ വനിതാ അംഗം കൂടുതൽ ചോദ്യങ്ങൾ കുട്ടികളോടു ചോദിച്ചപ്പോൾ ഇതിന് സമിതി ചെയർമാൻ അനുവദിക്കുകയും ചെയ്തില്ല.
ചൈൽഡ് ലൈനിൽ കുട്ടികൾ പറഞ്ഞ മൊഴികളും, കുട്ടികളെ പീഡിപ്പിക്കപ്പെട്ടതായി കുട്ടികൾ തന്നെ രേഖാമൂലം എഴുതി നൽകിയ രേഖകളും സി.ഡബ്ലിയു.സി പരിഗണിക്കാത്തതിലും ചൈൽഡ് ലൈന് കടുത്ത അതൃപ്തിയുണ്ട്. അതേസമയം സ്‌കൂളിലെ കോൺഗ്രസ് അദ്ധ്യാപക സംഘടനാ നേതാവു കേസ് ഒതുക്കാൻ ഇടപെട്ടതായി ആരോപണം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് നോമിനി ആയ ജില്ലാ ശിശു ക്ഷേമ സമിതി ചെയർമാൻ ഈ അദ്ധ്യാപകനുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. ഇയാൾ പല തവണ ചെയർമാനെ ബന്ധപ്പെട്ടിരുന്നതായും കേസ് ഒതുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നതായുമാണ് ആരോപണം. അതേസമയം കേസിൽ അന്തിമതീർപ്പ് കൽപ്പിച്ചില്ലെന്നും വേണ്ടിവന്നാൽ വീണ്ടും കുട്ടികളെ വിളിച്ചു വരുത്തി തുടർനടപടിക്ക് വിധേയമാക്കുമെന്നും അഡ്വ.ഷരീഫ് ഉള്ളത്തിൽ മറുനാടൻ മലയാളിയോടു പറഞ്ഞു.