- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചത് ബിജെപി നേതാക്കൾക്ക് ഇഷ്ടമായില്ല; ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയത് വർഗീയ കലാപമുണ്ടാക്കി കൊന്നുകളയുമെന്നും; രണ്ട് ബിജെപി നേതാക്കളും സുഹൃത്തും അറസ്റ്റിലായത് ഇങ്ങനെ
ചെന്നൈ: ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ബിജെപി നേതാക്കളും ഇവരുടെ സുഹൃത്തും അറസ്റ്റിൽ. ബിജെപി തമിഴ്നാട് ട്രിപ്ലിക്കൻ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്കർ, പ്രസിഡന്റ് പുരുഷോത്തമൻ, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു ചെന്നൈയിൽ ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലിൽ കയറി മൂവർ സംഘം ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ വർഗീയ കലാപം ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
മുഹമ്മദ് അബൂബക്കർ എന്നയാളുടെ ഹോട്ടലിൽ രാത്രി ഏറെവൈകിയാണ് മൂവർ സംഘം എത്തിയത്. മദ്യപിച്ചെത്തിയ ഇവർ ബിരിയാണി ആവശ്യപ്പെട്ടപ്പോൾ കട അടയ്ക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും സംഘം നിർബന്ധിച്ച് ഭക്ഷണം പാകംചെയ്യിച്ചു. ഭക്ഷണം കഴിച്ചശേഷം ബിൽ നൽകിയപ്പോൾ പണം നൽകാൻ തയ്യാറായില്ല. അത് ചോദ്യംചെയ്തതോടെ അബൂബക്കറിനെ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്സണൽ സെക്രട്ടറിയെ വിളിക്കുമെന്നും താൻവിളിച്ചാൽ വരാൻ ആയിരംപേർ തയ്യാറായിരിക്കുകയാണെന്നും വർഗീയ കലാപമുണ്ടാക്കുമെന്നും ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. അതോടെ അബൂബക്കർ പൊലീസിനെ വിളിച്ചുവരുത്തി.
മിനിറ്റുകൾക്കകം കലാപമുണ്ടാക്കി കൊല്ലുമെന്നുമായിരുന്നു ബിജെപി നേതാക്കൾ ഭീഷണി മുഴക്കിയത്. മൂവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടമ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഐസ് ഹൗസ് സ്റ്റേഷനിലെ പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു.
പൊലീസ് എത്തിയതോടെ യുവാക്കൾ ഇവർക്കു നേരെയും കയർത്തു. അമിത് ഷായുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാൻ സ്വാധീനം ഉണ്ടെന്നും പൊലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. എന്നാൽ, ഭീഷണി ഫലിക്കാതിരുന്നതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് സംഘം ഇവരെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.വധഭീഷണിമുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ്.
മറുനാടന് ഡെസ്ക്