- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു രമേശിന് പണികൊടുക്കാൻ ബിജു പ്രഭാകർ; മുഖ്യമന്ത്രിയുടെ നീക്കങ്ങളിൽ അടിതെറ്റിയത് ബാറുടമാ നേതാവിനായുള്ള റവന്യൂമന്ത്രിയുടെ കുതന്ത്രം; കളക്ടറുടെ ഓപ്പറേഷൻ അനന്തയിൽ രാജധാനി പൊളിഞ്ഞു വീഴും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി ബിജു പ്രഭാകറിനെ വീണ്ടും നിയമിച്ചത് റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ എതിർപ്പുകളെ അവഗണിച്ച്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ നിലപാടാണ് ബിജു പ്രഭാകറിന് തുണയാകുന്നത്. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരമായ ഓപ്പറേഷൻ അനന്തയുമായി മുന്നോട്ടു പോകാൻ ബിജു പ്രഭാകറിന് മുഖ്യമന്ത്ര
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി ബിജു പ്രഭാകറിനെ വീണ്ടും നിയമിച്ചത് റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ എതിർപ്പുകളെ അവഗണിച്ച്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ നിലപാടാണ് ബിജു പ്രഭാകറിന് തുണയാകുന്നത്. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരമായ ഓപ്പറേഷൻ അനന്തയുമായി മുന്നോട്ടു പോകാൻ ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ബാറുടമാ സംഘടനാ നേതാവ് ബിജു രമേശിനെതിരെ കർശന നിലപാട് മുഖ്യമന്ത്രി എടുക്കുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഇത്. ബാർ കോഴയിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥ കുളത്തോട് ചേർന്നുള്ള കുളം നികത്തി ബിജു രമേശ് അനധികൃതമായി നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാതിരിക്കാൻ സർക്കാരിന്റെ കള്ളക്കളി മറുനാടൻ മലയാളി നേരത്തെ തുറന്ന് കാട്ടിയിരുന്നു. വെള്ളക്കെട്ടിൽ നിന്നും തലസ്ഥാനത്തെ രക്ഷിക്കാൻ കളക്ടറായിരുന്ന ബിജു പ്രഭാകർ ഒരുക്കിയ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. 40 സെന്റ് സ്ഥലത്തെ കുളവും 12 സെന്റ് സ്ഥലത്തെ ഓടയും മൂടിയാണ് രാജധാനി ഓഡിറ്റോറിയം പണിതതെന്ന് വ്യക്തമായതോടെ ഇത് പൊളിക്കാൻ നടപടി എടുത്ത ബിജു പ്രഭാകറിനെ മന്ത്രി അടൂർ പ്രകാശ് ഇടപെട്ട് മാറ്റുകയായിരുന്നു. എന്നാൽ സബ് കളക്ടർ കാർത്തികേയൻ നടപടികളുമായി മുന്നോട്ട് പോയതോടെ മന്ത്രി നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ഇതോടെ പദ്ധതി തന്നെ അട്ടിമറിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് ബിജു പ്രഭാകറിനെ വീണ്ടും കളക്ടറാക്കിയത്.
ഓപ്പറേഷൻ അനന്തയിൽ തെക്കനംകര കനാലിന് മുകളിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമാണ് പ്രശ്‌നം. രാജധാനി കല്ല്യാണമണ്ഡപം, ജ്യൂലറി എന്നിവയാണ് വിവാദത്തിൽപ്പെടുന്നത്. തെക്കനംകര കനാലായിരുന്നു തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് പരിഹാരമായി തിരുവിതാംകൂർ രാജാവ് നിർമ്മിച്ചത്. കിഴക്കേകോട്ടയിലെ വെള്ളം ശാസ്ത്രീയമായി ശ്രീവരാഹത്തെ കനാലിൽ എത്തിക്കാനായിരുന്നു ഇത്. അനധികൃത കെട്ടിടങ്ങൾക്കൊപ്പം മാലിന്യവും നിറഞ്ഞതോടെ ഈ കനാൽ അടഞ്ഞു. കിഴക്കേ കോട്ടയിലേയും തമ്പാനൂരിലെയും വെള്ളക്കെട്ടും തുടങ്ങി. ഈ ഓട പുനഃസ്ഥാപിക്കാനായിരുന്നു ഓപ്പറേഷൻ അനന്ത. കർശന നിലപാടിലൂടെ ചെറുകിടക്കാരുടെ കൈയേറ്റങ്ങൾ മുഴുവൻ ബിജു പ്രഭാകർ ഒഴിപ്പിച്ചു. കനാലിന്റെ പഴയ സ്‌കെച്ചുകൾ പരിശോധിച്ചപ്പോഴാണ് കനാലിനെ ഇല്ലാതാക്കിയ കെട്ടിടം ബിജു രമേശിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെതിരെയും കർശന നിലപാട് എടുക്കാൻ കളക്ടർ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ബിജു പ്രഭാകറിനെ തന്നെ മാറ്റി പദ്ധതി അട്ടിമറിച്ചു.
ശ്രീ പത്മനാഭക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കുതിരമാളിക വളപ്പിലാണ് ഓപ്പറേഷൻ അനന്തയുടെ അവസാനവട്ട സർവേ നടന്നത്. അഞ്ചടിയോളം മണ്ണ് നീക്കംചെയ്ത് ഓട കണ്ടുപിടിക്കുകയായിരുന്നു. ഓട എത്തിനിൽക്കുന്നത് കുതിരമാളികയുടെ തൊട്ടടുത്ത അഞ്ചുനിലയുള്ള രാജധാനി ബിൽഡിങ്‌സിന്റെ ചുമരിനോട് ചേർന്നാണ്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് ബഹുനില കെട്ടിട്ടം. കല്യാണമണ്ഡപവും പഴയ രാജധാനി ബാറും ലക്ഷ്മി ജൂവലറിയുമൊക്കെ സ്ഥിതിചെയ്യുന്നത് ഈ കെട്ടിടത്തിലാണ്. തെക്കനംകര കനാലിന്റെ പാതയും ഇതിന് തടസ്സമായേക്കാവുന്ന കെട്ടിടങ്ങളും കണ്ടത്തൊനാണ് റവന്യൂ വകുപ്പ് സർവേ നടത്തിയത്. അഞ്ച് അടി താഴെയാണ് തെക്കനംകര കനാലിന്റെ മുകളിലെ സഌബ്. ഇവിടെ 20 അടിയോളം ആഴത്തിലാണ് കനാൽ നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലും ചാന്തും ഉപയോഗിച്ചു നിർമ്മിച്ച കനാൽ കാലപ്പഴക്കംകൊണ്ട് തകരാവുന്ന അവസ്ഥയിലാണ്.
ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പിന്തുണയോടെ തലസ്ഥാനത്തെ വെള്ളപ്പൊക്ക നിവാരണ പദ്ധതിയായ ഓപ്പറേഷൻ അനന്തയ്ക്ക് ബിജു പ്രഭാകറാണ് നേതൃത്വം നൽകിയത്. തെക്കനംകര കനാൽ കൈയേറ്റമാണ് വെള്ളപ്പൊക്കത്തിന്റെ മൂലകാരണമെന്ന് ബിജു പ്രഭാകർ കണ്ടെത്തി. പരിശോധനകളിൽ ബിജു രമേശിന്റെ രാജധാനി കല്ല്യാണ മണ്ഡപമാണ് കനാലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതെന്നും കണ്ടെത്തി. അതിനാൽ രാജധാനി ബിൽഡിംഗിലെ കൈയേറ്റ ഭാഗം പൊളിക്കുന്നതിന് ബിജു പ്രഭാകർ നീക്കം തുടങ്ങി. ഇതോടെയാണ് റവന്യൂ മന്ത്രി അടുർ പ്രകാശിന്റെ ഇടപെടൽ തുടങ്ങുന്നത്. ബിജു രമേശിന്റെ മകളെയാണ് അടൂർ പ്രകാശിന്റെ മകൻ കല്ല്യാണം കഴിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ ബന്ധുവിന്റെ കെട്ടിടത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം റവന്യൂമന്ത്രി ഏറ്റെടുത്തു. ഇതോടെ ബിജു പ്രഭാകറിന് സ്ഥാന ചലനവുമുണ്ടായി.
അമേരിക്കയിൽ സെമിനാറിൽ പങ്കെടുക്കാൻ ബിജു പ്രഭാകർ അവധി അപേക്ഷ നൽകി. ഈ തരം നോക്കി അവധി അനുവദിക്കുകയും തിരുവനന്തപുരത്തേക്ക് സ്ഥിരം കളക്ടറെ നിയമിക്കുകയും ചെയ്തു. ബിജു പ്രഭാകറിന്റെ അവധി അംഗീകരിച്ച് താൽക്കാലിക ചുമതല ആർക്കെങ്കിലും നൽകിയാൽ മതിയായിരുന്നു. എന്നാൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സ്ഥിരം കളക്ടറെ നിയമിച്ചു. ഇതിനിടെയിൽ ഓപ്പറേഷൻ അനന്ത താളം തെറ്റി. ഹൈക്കോടതിയിൽ നിന്ന് ബിജു രമേശിന് അനുകൂല വിധിയുണ്ടാകുന്ന തരത്തിൽ എല്ലാം റവന്യൂ വകുപ്പ് ചെയ്തു കൊടുക്കുകയും ചെയ്തു. ബാർ കോഴയിൽ സർക്കാരിനെ പ്രതിസന്ധിയിൽ നിർത്തുന്ന ബിജു രമേശിനെ റവന്യൂ വകുപ്പ് വഴിവിട്ട് സഹായിക്കുന്നതിൽ മുഖ്യമന്ത്രി സന്തുഷ്ടനല്ല.
ഈ സാഹചര്യത്തിലാണ് മുൻ ധനമന്ത്രിയും തന്റെ രാഷ്ട്രീയ ഗുരുനാഥനുമൊക്കെയായ തച്ചടി പ്രഭാകറിന്റെ മകനെ കൈവിടാൻ കഴിയില്ലെന്ന വാദവുമായി ഉമ്മൻ ചാണ്ടി എത്തിയത്. ബിജു പ്രഭാകറിനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നും ബിജു രമേശിന് വേണ്ടി ആരും വെള്ളം കോരേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ബിജു പ്രഭാകർ വീണ്ടും തിരുവനന്തപുരം കളക്ടറാകുന്നത്. ഓപ്പറേഷൻ അനന്തയിൽ ആരും ഇടപെടില്ലെന്ന ഉറപ്പും ബിജു പ്രഭാകറിന് നൽകിയിട്ടുണ്ട്. എന്നാൽ റവന്യൂ വകുപ്പ് ഇതിനോടകം ചെയ്ത കള്ളകളികൾ ബിജു രമേശിന് എതിരാണ്. അവയെ മറികടന്ന് രാജധാനി ബിൽഡിങ് പൊളിക്കാൻ തന്നെയാകും തിരുവനന്തപുരം കളക്ടർ പ്രഥമ പരിഗണന നൽകുക. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ രാജധാനി ബിൽഡിങ് നഷ്ടമാകുമെന്ന തിരിച്ചറിവിലേക്ക് ബിജു രമേശിനെ അടൂർ പ്രകാശും എത്തിച്ചിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും ധനമന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ബിജു. അതുകൊണ്ട് തന്നെ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കൂടുതൽ പരിഗണന ലഭിക്കേണ്ട വ്യക്തി. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഇടത് സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയെ ഉടച്ചു വാർക്കുന്നതിന് മുന്നിൽ നിന്ന ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ. ആരോഗ്യമന്ത്രിയായി യുഡിഎഫ് ഭരണകാലത്ത് അടൂർ പ്രകാശ് എത്തിയതോടെ കാര്യങ്ങൾ മാറി. കമ്മീഷനോട് താൽപ്പര്യമില്ലാത്ത ഐഎഎസുകാരനെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ തലപ്പത്ത് നിന്ന് നീക്കി. പകരം ഇടുക്കി ജില്ലാ കളക്ടറാക്കി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പഴയ കോൺഗ്രസ് നേതാവിന്റെ മകൻ വിഷമമറിയിച്ചപ്പോൾ ഇടുക്കിയിൽ നിന്ന് ഒഴിവാക്കി. തലസ്ഥാനത്ത് തന്നെ എന്തെങ്കിലും തരാമെന്ന് പറഞ്ഞു.
അങ്ങനെ ആർക്കും വേണ്ടാത്ത ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി. ആദ്യം പൂട്ടിച്ചത് തിരുവനന്തപുരത്തെ ആബ്രോസിയ ബേക്കറി. അടൂർ പ്രകാശിന്റെ അടുത്ത ബന്ധുവിന്റെ ഈ ബേക്കറിയിൽ ബിജു പ്രഭാകർ മനപ്പൂർവ്വം കണ്ണു വച്ചതാണെന്ന് ആക്ഷേപം ഉയർന്നു. ഇതിനിടെ സംസ്ഥാനത്തെ ഹോട്ടലുകളും പഞ്ച നക്ഷത്ര ഹോട്ടലുമെല്ലാം ബിജു പ്രഭാകർ കയറി ഇറങ്ങി. അടുക്കളയിലെ പരിശോധന പിടിവിട്ടപ്പോൾ വീണ്ടും പ്രതിസന്ധി. അങ്ങനെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്ഥാനവും പോയി. ആർക്കും വേണ്ടാത്ത പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേക്കും നിയോഗിച്ചു. അവിടേയും മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിച്ചു. മുസ്ലിം ലീഗ് മന്ത്രിയായ അബ്ദുറബ്ബിന്റെ നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയുമില്ല. അങ്ങനെ ശല്യം കൂടിയപ്പോൾ തിരുവനന്തപുരം ജില്ലാ കളക്ടറുമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്ളതിനാൽ കളക്ടർക്ക് വലിയ റോളില്ലെന്നായിരുന്നു കണക്കു കൂട്ടൽ.
ശ്രീ ചിത്രാ പുവർ ഹോമിലെ മാറ്റങ്ങളോടും പലർക്കും പിടിച്ചില്ല. യുവജന കമ്മീഷനുമായി കളക്ടർ തെറ്റിയതും വാർത്തയായി. അങ്ങനിരിക്കുമ്പോഴാണ് ഓപ്പറേഷൻ അനന്ത. ബിജു പ്രഭാകറിന്റെ ശൈലിക്ക് യോജിച്ചതായിരുന്നു അത്. ഇത് മനസ്സിലായതോടെ കളക്ടർ സ്ഥാനത്തു നിന്നും നീക്കി. ഇപ്പോൾ വീണ്ടും അധികാരം ബിജു പ്രഭാകറിന് മുഖ്യമന്ത്രി നൽകുന്നു.