- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ നിന്നും ഇറങ്ങി ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എത്തുമ്പോൾ ചാടി വീണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച ദീപാ അനിൽ; ഇന്റലിജൻസ് പോലും അറിയാത്ത പ്രതിഷേധം കണ്ടപ്പോൾ മന്ത്രിയുടെ മുഖത്ത് തെളിഞ്ഞത് ചിരി; ഏറെ നേരം കൗതുകത്തോടെ ആ പ്രതിഷേധവും കണ്ടു നിന്നു; മന്ത്രി റിയാസും ദീപാ അനിലും ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരെ ഒറ്റയ്ക്ക് കരിങ്കൊടി വീശി മഹിള കോൺഗ്രസ് നേതാവ് സോഷ്യൽ മീഡിയയിൽ താരമാണ്. മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ദീപ അനിൽ കരിങ്കൊടി വീശി മന്ത്രിയെയും പൊലീസിനെയും ഞെട്ടിച്ചത്. ഇതിന്റെ ഫോട്ടോ പുറത്തു വന്നു. ഇതിൽ മറ്റൊരു പ്രത്യേകതയുമുണ്ട്.
പുനർനിർമ്മിച്ച കിളിമാനൂർ കൊച്ചു പാലത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ദീപ അനിൽ കരിങ്കൊടി വീശി മന്ത്രിയെയും പൊലീസിനെയും ഞെട്ടിച്ചത്. മന്ത്രിക്കൊപ്പം വനിതാ പൊലീസ് ഇല്ലാത്തതിനാൽ ഏറെ സമയം കഴിഞ്ഞാണ് ദീപയെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഈ സമയം വരെ മന്ത്രിക്കു മുന്നിൽ കരിങ്കൊടി വീശി ദീപ പ്രതിഷേധിച്ചു. പക്ഷേ മന്ത്രി റിയാസ് കൂളായി തന്നെ പ്രതിഷേധത്തെ നോക്കി നിന്നു. മുഖത്ത് ആശങ്കയുടെ ഭാവമില്ല.
ജനാതിപധ്യത്തിൽ പ്രതിഷേധം സ്വാഭാവികമാണ്. പക്ഷേ പ്രതിഷേധിച്ച് നേതാവായവർക്ക് അത് പലപ്പോഴും ഉൾക്കൊള്ളനാകാറില്ല. എന്നാൽ ഈ കരിങ്കൊടി പ്രതിഷേധത്തിലെ കൗതുകം മന്ത്രിക്കും പിടിച്ചു. കൂടെയുള്ളവരുടെ മഖുത്ത് ആശങ്ക നിറയുമ്പോഴും പുഞ്ചിരിയാണ് റിയാസിന്റെ മുഖത്തുള്ളത്. അതിശക്തമായി തന്നെ ദീപാ അനിൽ പ്രതിഷേധിക്കുകയും ചെയ്തു. അതിനെ ആദരവോടെ അംഗീകരിക്കുന്ന ഭാവത്തിലാണ് റിയാസ്. ഒറ്റയ്ക്കൊരു വനിത അതും കോൺഗ്രസിന് വേണ്ടി ഇത്തരത്തിൽ പ്രതിഷേധിക്കുന്നതും അത്യപൂർവ്വമാണ്.
മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയുടെ മുന്നിലേക്ക് ദീപ കരിങ്കൊടിയുമായി എത്തുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ പുരുഷ പൊലീസ് എന്നെ തൊട്ടു പോകരുതെന്നും വനിതാ പൊലീസ് വേണമെന്നും ദീപ അനിൽ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. അപ്പോഴും മന്ത്രി ഇതിലൊന്നും ഇടപെട്ടില്ല. വനിതാ പൊലീസ് ഇല്ലങ്കിലും പൊലീസ് ഇടപെടുകയും ചെയ്തു.
ദീപാ അനിലിനെ ആറ്റിങ്ങൽ ഡിവൈഎസ്പി ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ ശേഷമാണ് ഉദ്ഘാടനം നടന്നത്. തുടർന്ന് ദീപയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. എന്നാൽ പൊലീസും ഡിവൈഎഫ്ഐക്കാരും ചേർന്ന് തന്നെ മർദിച്ചെന്നും നട്ടെല്ലിനു ക്ഷതം ഏറ്റതായും ദീപ അനിൽ പറഞ്ഞു. ഇന്റലിജൻസ് വീഴ്ച കാരണമാണ് വനിതാ പൊലീസിനെ അവിടെ ഡ്യൂട്ടിക്കിടാൻ പറ്റാത്തതിന് കാരണമെന്ന് പൊലീസ് സൂചന നൽകുന്നു. എന്നാൽ മന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് കരുതലിനെങ്കിലും വനിതാ പൊലീസിനെ ഡ്യൂട്ടിക്കിടാത്തതും ചർച്ചകളിലുണ്ട്.
ദീപാ അനിലിന് അഭിവാദ്യം അർപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്തെത്തി. ദീപ അനിലിന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഫേസ്ബുക്കിലെ വിഡിയോയ്ക്ക് താഴെയായിരുന്നു അഭിവാദ്യപ്രകടനം. പോരാളി അഭിവാദ്യങ്ങൾ എന്നായിരുന്നു വിഡിയോക്ക് മറുപടിയായി റിജിൽ മാക്കുറ്റി കുറിച്ചത്. കിളിമാനൂരിൽ കൊച്ചുപാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. കാറിൽ നിന്നും ഇറങ്ങി മന്ത്രി ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എത്തുമ്പോൾ ദീപാ അനിൽ കരിങ്കൊടി വീശുകയായിരുന്നു.
തന്നെ കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് വനിതാ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും വലിച്ചിഴച്ച് ഓട്ടോറിക്ഷയിൽ കയറ്റിയാണ് തന്നെ സംഭവ സ്ഥലത്ത് നിന്നും കൊണ്ടുപോയതെന്നും ദീപാ അനിൽ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ