- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാന നഗരിയിൽ പാളയത്ത് വച്ച് കാറിൽ ഇടിച്ച ഇന്നോവ നിർത്താതെ പാഞ്ഞു; ശാസ്തമംഗലം പൈപ്പിന്മൂട് വരെ പിന്തുടർന്നെങ്കിലും പിന്നെ കണ്ടില്ല; കാറിൽ പ്രസ് സ്റ്റിക്കറും; വണ്ടി നമ്പർ പരിശോധിച്ചപ്പോൾ മോട്ടോർ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്ത വണ്ടി; നാടകീയ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അപകടത്തിൽപെട്ട ശേഷം നിർത്താതെ വേഗത്തിൽ പാഞ്ഞുപോയ ഇന്നോവ കാർ മോട്ടോർ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനം. നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന ഈ നാടകീയ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രാജീവ് ചന്ദ്രശേഖരൻ നായർ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പാളയം ഭാഗത്ത് വച്ചാണ് രാജീവ് ചന്ദ്രശേഖരൻ സഞ്ചരിച്ചിരുന്ന കാറിൽ ഇന്നോവ ഇടിച്ചത്. തുടർന്ന് നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ഒരുവിധം പിന്തുടർന്നെങ്കിലും പൊടുന്നനെ കൺമുന്നിൽ നിന്നും അപ്രത്യക്ഷമായി. ഒടുവിൽ, കയ്യിൽ കിട്ടിയ രജിസ്‌ട്രേഷൻ നമ്പർ വച്ച് മോട്ടോർവാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ പരിശോധിച്ചപ്പോഴാണ് വാഹനം മോട്ടോർ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്തതാണെന്ന് തിരിച്ചറിഞ്ഞത്.
ഇടിച്ച കാറിൽ പ്രസ്സ് സ്റ്റിക്കർ ഒട്ടിച്ചിരുന്നു. വാഹനത്തെ ശാസ്തമംഗലം പൈപ്പിന്മൂട് വരെ പിന്തുടർന്നെങ്കിലും ഇന്നോവ ഒന്ന് സ്ലോ പോലും ചെയ്യാതെ വീണ്ടും പാഞ്ഞു എന്നുമാണ് രാജീവ് ചന്ദ്രശേഖരൻ നായർ ഫേസ് ബുക്കിൽ കുറിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ രജസ്‌ട്രേഷൻ നമ്പർ നൽകിയപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ള ഇന്നോവയായിരുന്നു ഇത്. നിലവിൽ ഈ വാഹനത്തിനെതിരെ 27 കേസുകൾ ആണുള്ളത്. ഈ വിവരങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സഹിതം പോസ്റ്റുകൾ ഇട്ടതോടെ സംഭവം വൈറലാകുകയായിരുന്നു. ഇത്രയും കേസുകൾ ഉള്ളൊരു വാഹനം എങ്ങനെയാണ് പരിശോധനകളെ മറികടന്ന് ജീവന് ഭീഷണിയായി നിരത്തിൽ ഓടുന്നതെന്നാണ് പലരും ചോദിക്കുന്നത്.
എന്നാൽ ഈ സംഭവത്തിൽ കേസെടുക്കേണ്ടത് പൊലീസ് ആണെന്നാണ് മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും പൊലീസിനെ സ്വമേധയാ കേസെടുക്കാം എന്ന് മോട്ടോർവാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥൻ ഒരു ന്യൂസ് ചാനലിനോട് വെളിപ്പെടുത്തിയത്.
വലിയ കേസുകളും പിഴകളും ഉള്ള വാഹനങ്ങളെയാണ് ഇത്തരത്തിൽ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുന്നതെന്നാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. രജിസ്ട്രഷൻ ചെയ്യാതെ നിരത്തിലിറക്കിയ വാഹനങ്ങളും ഇങ്ങനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടാം. ഇത്തരം വാഹനങ്ങൾക്ക് വിൽക്കുക, ഉടമസ്ഥാവകാശം മാറ്റുക തുടങ്ങി മോട്ടോർ വാഹന വകുപ്പിലെ യാതൊരുവിധ സേവനങ്ങളും ലഭിക്കില്ല.