കോഴിക്കോട്: എത്രയെത്ര അനുഭവങ്ങൾ ഉണ്ടായിട്ടും പാഠം പഠിക്കാതെ മലബാറിൽ വ്യാജ ആത്മീയ ചികിത്സകർ പെരുകുന്നു. അഞ്ചു ബാങ്ക് വിളികേൾക്കാതെ നവജാത ശിശുവിന് മുലപ്പാൽ കൊടുക്കരുതെന്നുപോലും പറഞ്ഞ തങ്ങൾമാർ ഉള്ള നാടാണിത്. അവിടെയാണ് വീണ്ടും അന്ധവിശ്വാസം ഒരു യുവതിയുടെ ജീവൻ കൂടി അപഹരിച്ചത്. പുറമേരി മാളുമുക്കിൽ ജിന്ന് ചികിത്സക്കിടെ തീ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെള്ളയിൽ പുതിയകടവ് ലൈല മൻസിലിൽ ഷമീനയാണ് (29) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മദാരുണമായി രിച്ചത്. ഇതത്തേുടർന്ന് മന്ത്രവാദിനി കുറ്റ്യാടി അടുക്കത്തെ തൂവ്വോട്ടുപൊയിൽ നജ്മക്കെതിരെ (37) ഇന്ത്യൻ ശിക്ഷാനിയമം 304 വകുപ്പ് പ്രകാരം നരഹത്യക്ക് നാദാപുരം പൊലീസ് കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് യുവതിക്ക് ജിന്ന് ചികിത്സക്കിടെ ശരീരത്തിലേക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റത്. വിവാഹമോചിതയായ ഷമീനയുടെ പുനർവിവാഹം വേഗത്തിൽ നടക്കുന്നതിനായാണ് മന്ത്രവാദചികിത്സ നടത്തിയത്. യുവതിയെ കസേരയിലിരുത്തി മൺചട്ടിയിൽ കോഴിമുട്ടവച്ച് പെട്രോളൊഴിച്ച് തീ കൊടുക്കുന്നതിനിടയിൽ ശരീരത്തിലേക്ക് പടർന്നാണ് ഗുരുതരമായി പൊള്ളലേറ്റത്. ബന്ധുക്കളോടൊപ്പമാണ് യുവതി മന്ത്രവാദചികിത്സക്കായി പുറമേരിയിലത്തെിയത്.

കർമത്തിന് എത്തുന്നവർ മണ്ണെണ്ണയും മറ്റു സാധനസാമഗ്രികളും കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ, ഇവർക്ക് ടൗണിൽനിന്ന് മണ്ണെണ്ണ ലഭിക്കാതായതോടെ കാറിൽനിന്ന് പെട്രോൾ എടുക്കാൻ നജ്മ നിർദ്ദേശിക്കുകയായിരുന്നു. കാറിൽനിന്ന് പെട്രോൾ ലഭിക്കാതായതോടെ ഷമീമയുടെ കൂടെ വന്നവർ കക്കംവെള്ളിയിലെ പമ്പിൽനിന്ന് പെട്രോൾ കൊണ്ടുവരുകയും കർമം നടത്താനായി നൽകുകയുമായിരുന്നു. തീപിടിത്തത്തിൽ കൈകാലുകളും മുഖവും നെഞ്ചിന്റെ ഭാഗങ്ങളും കത്തിക്കരിഞ്ഞിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതി ബുധനാഴ്ച പുലർച്ചെ 4.20ഓടെയാണ് മരിച്ചത്.

മന്ത്രവാദിനിയെ ഐ.പി.സി 324, 308 പ്രകാരം തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. യുവതി മരിച്ചതോടെ നരഹത്യക്കുകൂടി കേസെടുക്കുകയായിരുന്നു. അതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രവാദിനി വാടകക്ക് താമസിച്ച വീട് അടിച്ചുതകർത്തു. തയ്യുള്ളതിൽ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇവിടെയായിരുന്നു മന്ത്രവാദിനി കുറ്റ്യാടി അടുക്കത്തെ തൂവ്വോട്ടുപൊയിൽ നജ്മയുടെ ചികിത്സകേന്ദ്രവും. ബുധനാഴ്ച ഉച്ചയോടെയാണ് പ്രകടനവുമായത്തെിയ 15ഓളം ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിലേക്ക് ഇരച്ചുകയറി കല്‌ളെറിഞ്ഞത്. വീടിന്റെ മുൻഭാഗത്തെ ജനൽഗ്‌ളാസും ഓടുകളും തകർന്നു. പ്രകടനക്കാരെ കൺട്രോൾറൂം പൊലീസ് വീടിന് മുന്നിൽ തടഞ്ഞെങ്കിലും പൊലീസുകാരെ തള്ളിമാറ്റിയാണ് അക്രമം അഴിച്ചുവിട്ടത്. തുടർന്ന് വീട്ടുമുറ്റത്ത് പ്രതിഷേധയോഗം ചേർന്നു. ഇതിനിടയിൽ നാദാപുരത്തുനിന്ന് കൂടുതൽ പൊലീസത്തെിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോയിരുന്നു. യുവതിക്ക് പൊള്ളലേറ്റതോടെ വീട് പൊലീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്.

രാവിലെ 11 മണിയോടെ കണ്ണൂരിൽനിന്ന് സയന്റിഫിക് വിദഗ്ധ അനുചന്ദ്ര സ്ഥലത്തത്തെി പരിശോധന നടത്തി മടങ്ങിയതിനുശേഷമാണ് അക്രമമുണ്ടായത്. പൊള്ളലേറ്റശേഷം യുവതിയുടെ വസ്ത്രങ്ങൾ ഊരിമാറ്റിയ കുളിമുറിയിൽനിന്നും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ചികിത്സക്കിടെ കർമങ്ങൾ നടത്തുന്നതിനിടെ തീപിടിത്തമുണ്ടായ മുറിയിൽനിന്ന് ചുവരിൽ പറ്റിപ്പിടിച്ച ചാരത്തിന്റെയും രക്തത്തിന്റെയും മറ്റും അവശിഷ്ടങ്ങളും സയന്റിഫിക് അസിസ്റ്റന്റ് ശേഖരിച്ചു. ഇവ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. വീടിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വീടിന് പൊലീസ് കാവലേർപ്പെടുത്തി.

അതേസമയം ഇത്തരം കപട ആത്മീയ ചികിത്സാ മലബാറിലെ നാട്ടിൻപുറങ്ങളിൽ വ്യാപകമാവുകയാണ്. ആളൊഴിഞ്ഞ ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ചും ചില സ്ഥാപനങ്ങളിലുമാണ് കർമങ്ങളും ദുർമന്ത്രവാദങ്ങളും നടത്തി സ്വർണവും പണവും തട്ടുന്നത്. വിദ്യാസമ്പന്നരായ സ്ത്രീകളടക്കമുള്ളവരാണ് ഇത്തരം ചികിത്സാകേന്ദ്രങ്ങളിൽ എത്തുന്നത്. 12ഓളം ജിന്ന് ആത്മീയ കേന്ദ്രങ്ങളാണ് നാദാപുരം മേഖലകളിലായി പ്രവർത്തിക്കുന്നതെന്നാണ് വിവരം. ഇത്തരം കേന്ദ്രങ്ങളിൽ ചികിത്സകരെയും മന്ത്രവാദികളെയും ചുറ്റിപ്പറ്റിയുള്ള ഉപജാപകവൃന്ദങ്ങളും പ്രവർത്തിക്കുന്നുണ്ട്. ചികിത്സയിലൂടെ നിരവധിപേർക്ക് മനഃശ്ശാന്തി ലഭിച്ചെന്ന പ്രചാരണം നാട്ടിൽ പറഞ്ഞുപരത്തുന്നത് ഈ സംഘങ്ങളാണ്. ഇത് വിശ്വസിച്ചാണ് പലരും ദൂരെ ദിക്കുകളിൽനിന്ന് പോലും ചികിത്സക്കത്തെുന്നത്. ഉദ്ദിഷ്ടകാര്യ ലബ്ധിക്കും വന്ധ്യതാചികിത്സക്കും മാനസികവിഭ്രാന്തിക്കും മാറാരോഗങ്ങൾക്കുമാണ് പ്രധാനമായും ഈ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്.

നാട്ടുകാരുടെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് പുലർകാലങ്ങളിലാണ് മിക്കയിടങ്ങളിലും ചികിത്സയും പൂജയും നടത്തുന്നത്. കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന പെരിങ്ങത്തൂരിൽ ഇതിനായി വൻ സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. അതിരാവിലെ ഇവിടെയത്തെി ടോക്കൺ നൽകിയാണ് പ്രവേശനം. പുറമേരിക്കടുത്ത വിലാതപുരത്ത് ആത്മീയതയുടെ പേരിൽ ലക്ഷങ്ങളുടെ നിധി തട്ടിപ്പ് നേരത്തെ അരങ്ങേറിയിരുന്നു. കുറ്റ്യാടി ദേവർകോവിൽ സ്വദേശിയും നാദാപുരം കക്കംവെള്ളി സ്വദേശിയും ചേർന്ന് വിലാതപുരത്തെ ഒരു വീട്ടിൽ കോടികളുടെ സ്വർണങ്ങളും പവിഴങ്ങളും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടുടമയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ പ്രതികളെ കോടതി പിന്നീട് വെറുതെ വിട്ടു. രണ്ടുമാസം മുമ്പ് കല്ലാച്ചി വരിക്കോളി സ്വദേശിയായ സ്ത്രീ കർണാടക കുടക് ജില്ലയിലെ മടിക്കേരി ദർഗയിൽ ചികിത്സക്കിടെ മരിച്ചിരുന്നു. സംഭവത്തിലെ ദുരൂഹത ഇതുവരെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല. പുറമേരിയിൽ യുവതി മരിച്ചതിനെ തുടർന്ന് ഇത്തരം കേന്ദ്രങ്ങൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജിന്ന് ചികിത്സകരുടെ സാമ്പത്തികവും സ്വത്ത് സംബന്ധമായ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരുകയാണ്.