- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനിക്ക് മന്ത്രവാദ ചികിത്സ; പതിനൊന്നുകാരി ഫാത്തിമയുടെ അസ്വഭാവിക മരണത്തിൽ അന്വേഷണം; ഇതേ കുടുംബത്തിൽ 2014 മുതൽ നാല് വർഷത്തിനിടെയുള്ള മൂന്ന് മരണങ്ങളും വിശദമായി അന്വേഷിക്കാനൊരുങ്ങി പൊലീസ്
കണ്ണൂർ: കണ്ണൂർ സിറ്റി നാലുവയലിലെ ദാറുൽ ഹിദായത്ത് ഹൗസിൽ 11 കാരിയായ ഫാത്തിമയുടെ അസ്വാഭാവിക മരണത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. വൈദ്യചികിത്സ നൽകാതെ മന്ത്രവാദ ചികിത്സ നൽകിയതാണ് മരണ കാരണമായത് എന്ന പരാതിയെത്തുടർന്നാണ് സിറ്റി പൊലീസ് കേസെടുത്തത്.
എം.സി. അബദുൽ സത്താർ, സാബിറ ദമ്പതികളുടെ മകളായ എം.എം. ഫാത്തിമ (11) യുടെ ദുരൂഹ മരണം സംബന്ധിച്ചാണ് പൊലീസ അന്വേഷണം വ്യാപിപ്പിക്കുന്നത്. കുട്ടിയുടെ മരണത്തിൽ ബാലാവകാശ കമീഷനും കേസെടുത്തിരുന്നു. സംഭവത്തിൽ ജില്ല കലക്ടർ, പൊലീസ് കമീഷണർ എന്നിവരോട് റിപ്പോർട്ട് ആവശ്യപെടുമെന്ന് കമീഷൻ ചെയർമാൻ അറിയിച്ചിരുന്നു.
മൂന്നു ദിവസമായി പനി ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്നു ബാലിക എന്നും മന്ത്രവാദ ചികിത്സ മാത്രം നൽകിയതാണ് ആരോഗ്യനില വഷളാക്കിയതെന്നുമുള്ള പിതൃസഹോദരന്റെ പരാതിയിലാണു പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ പനിയും ശ്വാസംമുട്ടലും കലശലായതിനെതുടർന്നു താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഫാത്തിമക്ക് മതിയായ ചികിത്സ കിട്ടിയിട്ടില്ലെന്നും മതപരമായ ചില ജപിച്ചൂതലുകൾ നടത്തിയെന്നുമുള്ള പരാതി കുട്ടിയുടെ ബന്ധുക്കൾ ആശുപത്രി അധികൃതരോടും ഉന്നയിച്ചിരുന്നു.കഴിഞ്ഞ ദിവസം രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇതേ കുടുംബത്തിലെ മറ്റ് മൂന്ന് പേരുടെ മരണത്തിലും പൊലീസ് ഇപ്പോൾ സംശയം പ്രകടിപ്പിച്ചിരിക്കുയാണ്.
കൊടപ്പറമ്പ്, നാലുവയൽ പ്രദേശത്ത് ഇത്തരത്തിൽ മന്ത്രവാദ ചികിത്സയെത്തുടർന്ന് മുൻപും മൂന്നു മരണങ്ങൾ നടന്നിട്ടുണ്ട്. ഇവരുടെ ബന്ധുക്കളിൽ ചിലർ അന്നു മുൻസിഫ് കോടതിയിൽ നൽകിയ പരാതിയിൽ രണ്ടു പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.
2014, 2016, 2018 വർഷങ്ങളിലാണ ഇതേ കുടുംബത്തിലെ മുന്ന് പേർ മരണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്നും ഫാത്തിമയുടെ മരണത്തിൽ രക്ഷിതാക്കളുടെ പങ്ക അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ അറിയിച്ചു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശ്വാസകോശത്തിലെ അണുബാധയാണ് ഫാത്തിമയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രോഗം വരുമ്പോൾ ജപിച്ചൂതലുകൾ ഉൾപ്പടെയുള്ള ആചാര ക്രിയകളിൽ ചിലർ ഇവർ അഭയം തേടുന്നതാണ് ഇത്തരം മരണങ്ങൾക്കു കാരണമെന്നാണ് പൊലീസ നിഗമനം.
'ബാധ'യൊഴിപ്പിക്കാൻ ആഭിചാരക്രിയ, ന്യൂമോണിയക്ക് ചികിത്സ മന്ത്രവാദം എന്നിവയാണ് ഇത്തരക്കാർക്കിടയിൽ വ്യാപകമായി നടന്നു വരുന്നത്. ഇതു പലപ്പോഴും പുറം ലോകംഅറിയാറുമില്ലെന്നും പൊലീസ പറയുന്നു.
ശ്വാസകോശത്തിലെ അണുബാധ, അനീമിയ, പനി എന്നിവയാണു ഫാത്തിമയുടെ മരണകാരണമെന്നാണു പരിയാരം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കബറടക്കം നടത്തി. സിറ്റി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ മുഹമ്മദ് സാബിഖ്, മുഹമ്മദ് സാഹിർ, മുഹമ്മദ് സഹൽ.
മറുനാടന് മലയാളി ബ്യൂറോ